എന്താണ് വേദാന്ത സ്റ്റെര്‍ലൈറ്റ്? അറിയേണ്ടതെല്ലാം

By Web DeskFirst Published May 25, 2018, 6:39 AM IST
Highlights
  • 2009 ല്‍ ഓഡീഷയില്‍ വേദാന്തയ്ക്കെതിരെ പ്രക്ഷോഭം നടന്നിരുന്നു
  • വേദാന്താ ഗ്രൂപ്പിന്‍റെ ആസ്ഥാനം ലണ്ടനിലാണ്
  • 1979 ല്‍ ഒരു കോപ്പര്‍ കമ്പനി വിലയ്ക്കെടുത്ത് ഖനന വ്യവസായത്തിയത്തിലേക്ക് ഇറങ്ങി

2009 ല്‍ എഴുത്തുകാരിയായ അരുദ്ധതി റോയി  ഓഡീഷയിലെ നിയംഗിരി കുന്നുകളില്‍ വേദാന്തയുടെ ബോക്സൈറ്റ് ഖനനത്തിനെതിരെ എഴുതിയതോടെയാണ് ഡോർരിയ കോന്താ ആദിവാസികൾ നടത്തിവന്ന സമരത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഒടുവില്‍ ഹൈക്കോടതി വരെയെത്തിയ നിയമപോരാട്ടത്തിന്‍റെ  പ്രതിസ്ഥാനത്ത് നിന്ന അതേ കമ്പനി തന്നെയാണ് തമിഴ്നാട്ടിലെ  തൂത്തുക്കുടിയില്‍ 12 പേരുടെ മരണത്തിലേക്ക് നയിച്ച സംഭവത്തിലും പ്രതിസ്ഥാനത്തുളളത്. നിയംഗിരി സമരത്തെക്കുറിച്ച് അന്ന് അരുദ്ധതി റോയി പറഞ്ഞത് ' നിയംഗിരി കുന്നുകളെ സംരക്ഷിക്കുകയെന്നത് ഒരു പുസ്തകം എഴുതുന്നതിനെക്കാള്‍ പ്രധാന' മാണെന്ന്.

നിയംഗിരിയില്‍ ഒ‍ഡീഷാ സര്‍ക്കാരിന്‍റെ മൈനിങ് കോര്‍പ്പറേഷനുമായി ചേര്‍ന്ന് ഖനനം നടത്തിയത് വേദാന്താ ഗ്രൂപ്പ് നേരിട്ടാണെങ്കില്‍, തൂത്തുക്കുടിയില്‍ കോപ്പര്‍ പ്ലാന്‍റ് ഉടമസ്ഥരായ സ്റ്റെര്‍ലൈറ്റ് കമ്പനി വേദാന്തയുടെ ഉപസ്ഥാപനമാണ്. സ്റ്റെര്‍ലൈറ്റ് അടക്കം ഒന്‍പത് സബ്‍സിഡയറികളുണ്ട് വേദാന്ത ഗ്രൂപ്പിന്. വേദാന്താ ഗ്രൂപ്പിന്‍റെ ആസ്ഥാനം ലണ്ടനിലാണ്. 1976 ല്‍ മുംബൈയില്‍ തുടങ്ങിയ കമ്പനിയുടെ സ്ഥാപകന്‍  അനില്‍ അഗര്‍വാളാണ്. തുടക്കത്തില്‍ സക്രാപ്പ് മെറ്റല്‍ (ലോഹാവശിഷ്ടം) ഡീലറായി തുടങ്ങി, ആഗോള അടിസ്ഥാനത്തില്‍ ഖനനം നടത്തുന്ന ബിസിനസ് ഗ്രൂപ്പായി വളര്‍ന്നചരിത്രമാണ് വേദാന്തയുടേത്.  ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചെയ്ഞ്ചിലും ലിസ്റ്റ് ചെയ്തിട്ടുളള മള്‍ട്ടി നാഷണലാണ് ഇന്ന് വേദാന്ത.

2017 ലെ കണക്കുകള്‍ പ്രകാരം വേദാന്തയുടെ ആകെ ആസ്തി 11,550 മില്യണ്‍ യു.എസ്. ഡോളറാണ്. സാംബിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഖനന വ്യവസായത്തില്‍ സജീവമായി നില്‍ക്കുന്ന കമ്പനിയാണ് വേദാന്ത. 2017 ല്‍ സാംബിയയില്‍ മലിനീകരണ പ്രശ്നങ്ങളുയര്‍ത്തി നടത്തിയ സമരം ആഗോള ശ്രദ്ധനേടി.  വേദാന്തയുടെ സാംബിയന്‍ ഉപകമ്പനിയായ കോണ്‍കോല കോപ്പര്‍ മൈന്‍സാനെതിരായാണ് അന്ന് സമരം നടന്നത്. 2,000 സാംബിയന്‍ ഗ്രാമങ്ങളാണ് വേദാന്തയ്ക്കെതിരെ ഇംഗ്ലീഷ് കോടതിയെ അന്ന് സമീപിച്ചത്.

ബിസിനസ് സ്റ്റാന്‍റേര്‍ഡിന് അനുവദിച്ച ഇന്‍റര്‍വ്യൂവില്‍ തങ്ങള്‍ ബലിയാടുകളാവുകയായിരുന്നുവെന്നാണ് സ്റ്റര്‍ലൈറ്റ് സിഇഒ രാംനാഥ് പ്രതികരിച്ചത്. ഇരുപത് വര്‍ഷം മുന്‍പ് തൂത്തുക്കുടിയിലെ ഫാക്ടറി ജീവനക്കാര്‍ക്ക് ഹാനികരമായ വസ്തുക്കള്‍ ഫാക്ടറിയില്‍ നിന്ന് പുറത്തെളളുന്നുവെന്ന പരാതിയെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ സമ്മര്‍ദ്ദമുണ്ടായതാണെങ്കിലും ഇത്ര ഭീകരമായ അവസ്ഥ ആദ്യമെന്നാണ് രാംനാഥ് സംഭവങ്ങളോട് പ്രതികരിച്ചത്.  ഇത് സംബന്ധിച്ച്  വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ പ്രതികരിച്ചത്,  തങ്ങളുടെ ഇന്ത്യന്‍ ബിസിനസിനെ തകര്‍ക്കാന്‍ വിദേശ ഗൂഢാലോചന നടക്കുന്നവെന്നാണ്. 1979 ല്‍ ഒരു കോപ്പര്‍ കമ്പനി വിലയ്ക്കെടുത്ത് ഖനന വ്യവസായത്തിലേക്കിറങ്ങിയ വേദാന്ത  ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ആദ്യ ഇന്ത്യന്‍ കമ്പനിയാണ്.

2015 ല്‍ മോദിയുടെ ലണ്ടന്‍ സന്ദര്‍ശന സമയത്ത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിക്കൊണ്ടും എന്‍ഡിഎ സര്‍ക്കാരിന്‍റെ ആശയങ്ങളെ പിന്തുണച്ചുകൊണ്ടും ഫ്രണ്ട് പേജ് പരസ്യം പ്രസിദ്ധീകരിച്ച അഗര്‍വാള്‍, മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും പങ്കെടുത്ത ഇന്ത്യ - യു.കെ. സിഇഒ മീറ്റിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊരാളായിരുന്നു.

വേദാന്ത ഗ്രൂപ്പില്‍ അഗര്‍വാളിന് 71.4 ശതമാനം ഓഹരി വിഹിതമാണുളളത്. തൂത്തുക്കുടിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്‍റ് ,  ഇന്ത്യയിലെ കോപ്പര്‍പ്ലാന്‍റുകളില്‍  വലുപ്പത്തില്‍ രണ്ടാമത്തേതാണ്.  ജനജീവിതത്തെ സാരമായി ബാധിക്കുന്ന രീതിയില്‍ വായു, ജലം എന്നിവയുടെ മലിനീകരണം  അമിതമായതാണ് സമരങ്ങളുടെ തുടക്കം.

സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റിന്‍റെ  രണ്ടാം ഘട്ടം  വിപുലീകരിച്ച്  ലോകത്തെ ഏറ്റവും വലിയ കോപ്പര്‍ ശുദ്ധീകരണ നഗരമായി തൂത്തുക്കുടിയെ മാറ്റുകയായിരുന്നു കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ തന്നെ മലിനീകരണത്തില്‍ പൊറുതിമുട്ടുന്ന ജനതയ്ക്ക് മുകളില്‍ രണ്ടാം ഘട്ട വികസനം കൂടി വരുന്നതോടെ അവരുടെ അവസ്ഥ കൂടുതല്‍ ദാരുണമാകും. അടുത്ത കാലത്തായി  ഈ പ്രദേശങ്ങളില്‍ കാന്‍സര്‍, ആസ്മ തുടങ്ങിയ മാരകരോഗങ്ങള്‍ നിരവധി  പേരില്‍ കണ്ടെത്തിയത് തൂത്തുക്കുടിയിലെ ജനതയെ ഭയമുളളവരാക്കി മാറ്റി.

തദ്ദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന രീതിയില്‍ കമ്പനി വിപുലീകരണം നടത്തവേയാണ് പ്രദേശവാസികള്‍ സമരത്തിനിറങ്ങിയത്. എന്നാല്‍ ഭരണകൂടം കമ്പനിക്കനുകൂലമായി നില്‍ക്കുകയും സമരക്കാരെ വേട്ടയാടുകയും ചെയ്തത് ലോകവ്യാപകമായി വേദാന്തയുടെ വിപണിയെമൂല്യത്തെ കുത്തനെ ഇടിച്ചു.  തൂത്തുക്കുടി വെടിവയ്പ്പിനെ തുടര്‍ന്ന് വേദാന്തയുടെ ഓഹരികള്‍ ലണ്ടനില്‍ ഏഴ് ശതമാനവും നാഷണല്‍ സ്റ്റോക്ക് എക്സ്ചെയ്ഞ്ചില്‍ ആറ് ശതമാനവും തഴേക്കിറങ്ങി.

കൂടുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വ്യാപനത്തിന് വ്യവസായ പദ്ധതികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന, ലോകത്തെ ശക്തരായ മൈനിങ് കമ്പനികളിലൊന്നായ ആഗ്ലോ - അമേരിക്കനില്‍ ഓഹരി വിഹിതമുളള അഗര്‍വാളിന് വ്യവസായികമായി തൂത്തുക്കുടി സംഭവവുമായി ബന്ധപ്പെട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഇതോടെ താത്കാലികമായെങ്കിലും നിര്‍ത്തിവെക്കേണ്ടിവന്നു. എന്നാല്‍ ലോകം മൊത്തം വിപണിസാദ്ധ്യതകള്‍ തുറന്നിടുകയും ആ വിപണിയില്‍ ഇടപെടുകയും ചെയ്യുന്ന വേദാന്തയുടെ നീക്കങ്ങള്‍ എന്തായിരിക്കുമെന്നത് ഇപ്പോഴും പ്രവചനാതീതമാണ്.  

click me!