നിങ്ങളുടെ കാറും കടയും കത്തിപ്പോയാല്‍ !, സഹായത്തിനായി വേണ്ടത് സ്പെഷ്യല്‍ പാക്കേജ്; നടപടിക്രമങ്ങള്‍ അടുത്തറിയാം

By C S RenjitFirst Published Dec 23, 2019, 5:50 PM IST
Highlights

വാഹനങ്ങളുടെ നഷ്ടം കണക്കാക്കാന്‍ ഇന്‍വോയ്‌സ് വില അടിസ്ഥാനമാക്കുമെങ്കിലും കടകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന നഷ്ടം വിപണി വിലയുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കേണ്ടതുണ്ട്. പ്രക്ഷോഭങ്ങളിലും മറ്റും പൂര്‍ണ്ണമായും നഷ്ടപ്പെടുമ്പോള്‍ വീണ്ടും തുടങ്ങുന്നതിന് വേണ്ടി വരുന്ന തുകയ്ക്കുള്ള പരിരക്ഷ പോളിസിയില്‍ ഉള്‍പ്പെടുത്തണം. 

നഗരത്തില്‍ ഇടത്തരം ഫാന്‍സി കട നടത്തുന്ന ദീപക് പ്രക്ഷോഭകാരികള്‍ കടകള്‍ കത്തിക്കുന്നതിന്റെയും വാഹനങ്ങള്‍ തീയിടുന്നതിന്റേയും ദൃശ്യങ്ങള്‍ ടിവി വാര്‍ത്തയിലൂടെയാണ് കണ്ടത്. അങ്ങ് ഉത്തരേന്ത്യയിലാണ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ഭയം ദീപകിന്റെ നട്ടെല്ലിലൂടെ മുകളിലേയ്ക്ക് ഇരച്ച് കയറി. ഇന്ന് ഞാന്‍ നാളെ നീ എന്നാണല്ലോ പ്രമാണം. ആരെങ്കിലും ഇന്‍ഷുറന്‍സിനെക്കുറിച്ച് പറഞ്ഞ് തന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച് പോയി.

ഹര്‍ത്താലുകളും സമരങ്ങളും അക്രമാസക്തമാകുന്നതിന് നിമിഷനേരം മതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ കാറുകളും കടകളുമെക്കെ ആക്രമിക്കപ്പെട്ടേക്കാം. തുറന്നിരിക്കുന്ന കടകള്‍ മാത്രമല്ല, പൂട്ടിയിട്ടിരിക്കുന്ന കടകളും തീയിട്ടാല്‍ ഒന്നും ബാക്കിയുണ്ടാകില്ല. എന്തെങ്കിലും ബാക്കിയായാല്‍ പോലും തീ കെടുത്തുന്നതിനിടയില്‍ നനഞ്ഞ് നഷ്ടപ്പെടുകയോ ആള്‍ക്കൂട്ടം അടിച്ച് മാറ്റുകയോ ചെയ്യും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സഹായ ധനം ആശ്വാസമായി മാത്രമേ ഉപകരിക്കൂ. വാഹനം പുതിയത് വാങ്ങിയ്ക്കുന്നതിനും വ്യാപാര സ്ഥാപനം ഒന്നേന്ന് തുടങ്ങുന്നതിനും പണം വേറെ കണ്ടെത്തേണ്ടി വരും. പ്രക്ഷോഭങ്ങളും, സമരങ്ങളും കാരണം വാഹനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഉണ്ടാകുന്ന കേടുപാടുകള്‍ക്കും നഷ്ടങ്ങള്‍ക്കും പരിഹാരം കാണണമെങ്കില്‍ അതിനായുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കേണ്ടതുണ്ട്.

വാഹനങ്ങള്‍ക്ക് വെറും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമേ എടുത്തിട്ടുള്ളൂവെങ്കില്‍ ക്രമസമാധാന പ്രശ്‌നങ്ങളില്‍ വാഹനത്തിന് നഷ്ടം സംഭവിച്ചാല്‍ ക്ലെയിം കിട്ടുകയില്ല. കോംപ്രിഹെന്‍സീവ് പോളിസികള്‍ ഉണ്ടെങ്കില്‍ മാത്രമേ കാര്യമുള്ളൂ. സാധാരണ കോംപ്രിഹെന്‍സീവും പോരാ. വാഹനം പൂര്‍ണ്ണമായും നഷ്ടപ്പെടുമ്പോള്‍ ഡിപ്രിസിയേഷനും ഒക്കെ കഴിഞ്ഞ് എന്തെങ്കിലും കിട്ടിയാല്‍ പുതിയതൊന്ന് വാങ്ങാന്‍ സാധിക്കില്ല. ഡിപ്രിസിയേഷന്‍ റൈഡറോ ബംബര്‍ ടു ബംബര്‍ പോളിസിയോ ഉണ്ടെങ്കില്‍ മാത്രമേ വാഹനം മൊത്തത്തില്‍ നഷ്ടപ്പെട്ടാല്‍ പുതിയ വാഹനം വാങ്ങിയ്ക്കാന്‍ മതിയായ തുക ഇന്‍ഷുറന്‍സ് ക്ലെയിം ആയി കിട്ടുകയുള്ളൂ.

കാറുകള്‍ക്ക് ഇന്‍വോയ്സ് കടയ്ക്ക് വിപണി വില

കടകളും വ്യാപാര സ്ഥാപനങ്ങളും തീവെയ്പ്, കൊള്ള തുടങ്ങി പ്രക്ഷോഭങ്ങള്‍ ഉള്‍പ്പെടെ സംരക്ഷണം നല്‍കുന്ന സ്‌പെഷ്യല്‍ പാക്കേജ് പോളിസികള്‍ എടുക്കണം. തീപിടുത്തം തുടങ്ങിയ വന്‍ നാശങ്ങളില്‍ നിന്ന് സ്ഥാപനങ്ങളെ പരിരക്ഷിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് പോളിസികളില്‍ ഇവ കൂടി ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാകും.

വാഹനങ്ങളുടെ നഷ്ടം കണക്കാക്കാന്‍ ഇന്‍വോയ്‌സ് വില അടിസ്ഥാനമാക്കുമെങ്കിലും കടകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന നഷ്ടം വിപണി വിലയുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കേണ്ടതുണ്ട്. പ്രക്ഷോഭങ്ങളിലും മറ്റും പൂര്‍ണ്ണമായും നഷ്ടപ്പെടുമ്പോള്‍ വീണ്ടും തുടങ്ങുന്നതിന് വേണ്ടി വരുന്ന തുകയ്ക്കുള്ള പരിരക്ഷ പോളിസിയില്‍ ഉള്‍പ്പെടുത്തണം. സാധനങ്ങളുടെ സ്റ്റോക്ക്, ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിങ്ങനെ സ്ഥാപനത്തിലുള്ള എല്ലാ വിലപിടിപ്പുള്ള സാധനങ്ങളും എടുക്കുന്ന പോളിസിയില്‍ പട്ടികയായി വില വിവരം ഉള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുണ്ടാകണം.

പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്ന ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ഇത്തരം പോളിസികള്‍ വാങ്ങാം. വാഹനങ്ങളുടെ കാര്യത്തില്‍ തേര്‍ഡ് പാര്‍ട്ടി  ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ള കമ്പനിയില്‍ നിന്ന് തന്നെയോ വേറെ കമ്പനികളില്‍ നിന്നോ കോംപ്രിഹെന്‍സീവ് പോളിസികള്‍ വാങ്ങാം.

എത്രയും പെട്ടെന്ന് അറിയിക്കുക...

അനിഷ്ട സംഭവങ്ങളുടെ ഇടയില്‍ പോളിസി കൂടി നഷ്ടപ്പെടാതിരിക്കാന്‍ അവ വീട്ടിലോ ബാങ്ക് ലോക്കറിലോ പ്രത്യേകമായി സൂക്ഷിക്കുന്നതാണ് നല്ലത്. പോലീസ് നല്‍കുന്ന പ്രഥമ വിവര റിപ്പോര്‍ട്ടും ഫയര്‍ഫോഴ്‌സിന്റെ റിപ്പോര്‍ട്ടും ക്ലെയിമിനോടൊപ്പം നല്‍കണം. സ്റ്റോക്ക് രജിസ്റ്ററുകള്‍, സാധനം വാങ്ങിയതിന്റെ ഇന്‍വോയ്‌സുകള്‍ എന്നിവ നഷ്ടമെത്രയെന്ന് തിട്ടപ്പെടുത്താന്‍ അടിസ്ഥാനമാകും. ഇതോടൊപ്പം തന്നെ ഇന്‍ഷുറന്‍സ് കമ്പനി സര്‍വ്വേയറുടെ ശുപാര്‍ശയും കമ്പനികള്‍ എടുക്കും. നഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാക്കാത്തക്ക രീതിയില്‍ വിശദമായ ഫോട്ടോകളും വീഡിയോകളും രേഖപ്പെടുത്താന്‍ മറക്കേണ്ട. സംഭവത്തെക്കുറിച്ച് പത്രമാധ്യമങ്ങളിലും മറ്റും വന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കില്‍ അവയും ക്ലെയിമിനോടൊപ്പം നല്‍കാം.

ക്ലെയിം നല്‍കേണ്ട സംഭവം ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുകയും ക്‌ളെയിം ഫോറം സമര്‍പ്പിക്കുകയും വേണം. സര്‍വ്വേയര്‍മാരുടെ റിപ്പോര്‍ട്ട് കൂടി ചേര്‍ത്താണെങ്കില്‍ 30 ദിവസത്തിനുള്ളില്‍ നല്‍കേണ്ടതാണ്. സര്‍വ്വേ റിപ്പോര്‍ട്ട് നല്‍കിയ തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ക്ലെയിം തുക നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണ്. താമസിച്ചാല്‍ ബാങ്കുകള്‍ നല്‍കുന്ന നിരക്കില്‍ നിന്നും രണ്ട് ശതമാനം ഉയര്‍ന്ന പലിശ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കും.

മുന്‍ ലക്കങ്ങള്‍:

#1 നിങ്ങള്‍ സ്വന്തം സാമ്പത്തികാരോഗ്യം പരിശോധിക്കാറുണ്ടോ?, സാമ്പത്തികാരോഗ്യം വര്‍ധിപ്പിക്കാനുളള അഞ്ച് വഴികള്‍ 

#2 നിങ്ങളുടെ മെഡിക്കല്‍ ക്ലെയ്മുകള്‍ നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല !, ചതിയില്‍ വീഴാതിരിക്കാന്‍ അറിഞ്ഞിരിക്കേണ്ടത്

#3 രോഗമോ അപകടമോ വരുമ്പോള്‍ ആരാണ് മികച്ച കൂട്ടുകാരന്‍: പോളിസി ഗ്രൂപ്പ് വേണോ സ്വന്തം വേണോ?

#4 രൊക്കം പണം നല്‍കി ആനുകൂല്യങ്ങള്‍ പിടിച്ചുവാങ്ങാം !, പുതിയകാല കൊളളയുടെ രീതികള്‍

#5 ബൈക്കുളളവര്‍ മറന്നുപോകാം, പക്ഷേ മറക്കരുത്: ചെറിയ തുകയ്ക്ക് നിങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാം

#6 ലോണില്‍ തവണ മുടങ്ങിയോ?, അറിയാം നിങ്ങളുടെ അവകാശങ്ങളെപ്പറ്റി; റിക്കവറി ഏജന്‍റുമാരെ എങ്ങനെ കൈകാര്യം ചെയ്യാം

click me!