കോളേജ് ഗേറ്റില്‍ കുട്ടികള്‍ കണ്ടതാണ് ജോണിന് ചമ്മലായത്. ജീന്‍സും ടീ ഷര്‍ട്ടുമൊക്കെയായി മാന്യമായ വേഷത്തിലായിരുന്നെങ്കിലും കണ്ടാല്‍ തന്നെ ബൗണ്‍സര്‍ ലുക്കുള്ള രണ്ട് തടിമാടന്മാരാണ് ബൈക്ക് തടഞ്ഞത്. ബൈക്കിന്റെ സിസി അടയ്ക്കാത്തതിനാല്‍ വായ്പ കമ്പനിയില്‍ നിന്ന് എത്തിയവന്‍മാരാണ് എന്ന് പരിചയപ്പെടുത്തി, വണ്ടിയുടെ താക്കോലും പേപ്പറും ആവശ്യപ്പെട്ടു. എതിര്‍ത്താല്‍ കോളേജ് പ്രിന്‍സിപ്പലിനെ കണ്ട് വായ്പ തിരിച്ചടയ്ക്കാത്ത വിവരം അറിയിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ സംഗതി കൂടുതല്‍ വഷളാക്കാത്തത് ബുദ്ധിയെന്ന് തോന്നി. 

എന്നാലും ധൈര്യം സംഭരിച്ച് ഐഡി കാര്‍ഡ് ചോദിച്ച് വാങ്ങി വായ്പയെടുത്ത ബാങ്കില്‍ നിന്നാണെന്ന് ഉറപ്പാക്കിയിട്ടാണ് വണ്ടി നല്‍കിയത്. നാളെയോ മറ്റോ ശാഖയില്‍ വന്ന് പൈസ കെട്ടിയാല്‍ വണ്ടി തിരികെ തരാമെന്നും പറഞ്ഞ് അവന്മാര്‍ പോയി. വായ്പ തിരിച്ചടയ്ക്കാന്‍ വീഴ്ച വന്നാല്‍ ഇവന്മാര്‍ക്കൊക്കെ ഒരു നോട്ടീസ് അയച്ചാല്‍ പോരേ?. വെറുതെ മനുഷ്യന്മാരെ ഇങ്ങനെ നാറ്റിക്കണോ?, ജോണ്‍ ചിന്തിച്ചു.

വായ്പ കുടിശ്ശിക വരുത്തിയെന്ന കാരണത്താല്‍ കടം എടുത്തവരെ ഓടിച്ചിട്ട് പിടിച്ച് വിരട്ടി പണം ബലമായി വാങ്ങിയെടുക്കാന്‍ പാടില്ലെന്നാണ് ബാങ്കുകളുടെ ബാങ്കായ റിസര്‍വ് ബാങ്ക് അന്ത്യശാസനം നല്‍കുന്നത്. കിട്ടാകടം പിരിക്കാനായി വായ്പ എടുത്തവരുടെ ജോലി സ്ഥലത്തും മറ്റും റിക്കവറി ഏജന്റുമാരെ പറഞ്ഞ് വിടുന്നത് റിസര്‍വ് ബാങ്ക് നിരോധിച്ചിട്ടുമുണ്ട്. പേഴ്‌സണല്‍ ലോണുകളും ക്രെഡിറ്റ് കാര്‍ഡുകളും വാഹന വായ്പകളും കണ്‍സ്യൂമര്‍ വായ്പകളും ഒക്കെ വില്‍പ്പന നടത്തുന്നതിനായി ഡിഎസ്എ എന്നറിപ്പെടുന്ന ഡയറക്ട് സെല്ലിംഗ് ഏജന്റുമാരെയാണ് മിക്ക ബാങ്കുകളും വായ്പ നല്‍കുന്ന കമ്പനികളും ഉപയോഗപ്പെടുത്തുന്നത്. മൂന്ന് തുല്യമാസ തവണകളില്‍  തുടര്‍ച്ചയായി അടവ് മുടങ്ങുമ്പോള്‍ ആളെ പൊക്കാന്‍ ഡിഎസ്എ തന്നെ വരും.

ആരും ഒന്ന് അന്താളിച്ച് പോകുമെങ്കിലും കിട്ടാകടം പിരിക്കാന്‍ വരുന്ന ഏജന്റുമാരുടെ മാന്യത പരിശോധിക്കാവുന്നതാണ്. മുമ്പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ ഈ പണിയ്ക്ക് അയയ്ക്കാന്‍ പാടില്ലെന്നാണ് നിയമം. പൂര്‍വ്വകാല കുറ്റവാളികളും കുഴപ്പക്കാരുമാണ് വരുന്നതെങ്കില്‍ അവരോട് ചൂടാകാന്‍ നില്‍ക്കണ്ട. സൂത്രത്തില്‍ പറഞ്ഞ് വിട്ട് ശേഷം ബാങ്കില്‍ വിളിച്ച് ഇനി ഇത്തരക്കാരെ ഇങ്ങോട്ട് വിട്ടേക്കരുതെന്ന് പറയാം.

അപമാനിച്ചാല്‍ എതിര്‍പ്പ് അറിയിക്കാം

പുറം ഏജന്‍സികള്‍ ഫോണിലൂടെയോ നേരിട്ടോ നിങ്ങളുമായി ബന്ധപ്പെടുന്നത് രാവിലെ 9.30 നും വൈകിട്ട് ഏഴ് മണിയ്ക്കും ഇടയില്‍ അല്ലെങ്കില്‍ മൈന്‍ഡ് ചെയ്യണ്ട. ജോലി സ്ഥലം, പൊതു ഇടങ്ങള്‍ തുടങ്ങി അപമാനകരമായ രീതിയില്‍ ഇവര്‍ സമീപിച്ചാല്‍ വായ്പ തന്നവരോട് കര്‍ശനമായി എതിര്‍പ്പ് അറിയിക്കാം.

വീട്ടില്‍ നേരിട്ടോ ഫോണിലൂടെയോ ഏജന്റുമാര്‍ അനുവാദം വാങ്ങിയശേഷം മാത്രമേ വായ്പക്കാരനെ സമീപിക്കാവൂ. വായ്പ നല്‍കിയ സ്ഥാപനത്തില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിക്കാനും പാടില്ല. പുറം സ്ഥാപനത്തിന്റെ യഥാര്‍ത്ഥ വിവരങ്ങളും വന്നിരിക്കുന്നവരുടെ പേരും തിരിച്ചറിയല്‍ രേഖകളും ബോധ്യപ്പെടുത്തിയശേഷം മാത്രമേ സംസാരം തുടങ്ങാവൂ. ആവശ്യമെങ്കില്‍ വന്നവരുടെ മേലുദ്യോഗസ്ഥന്റെ പേരും ഫോണ്‍ നമ്പരും വാങ്ങി പരിശോധിക്കാവുന്നതുമാണ്.

വായ്പ കാര്യങ്ങളെക്കുറിച്ചല്ലാതെ ആവശ്യമില്ലാത്ത കലിപ്പുകളൊന്നും സംസാരത്തില്‍ കടന്ന് വരാന്‍ പാടില്ല. വായ്പ എടുത്തവരുടെ സ്വകാര്യതയില്‍ കടന്ന് കയറുക, വിശേഷ സന്ദര്‍ഭങ്ങളില്‍ ശല്യപ്പെടുത്തുക എന്നിവ അനുവദിക്കരുത്. വായ്പ മുടക്കം വന്നെന്ന് കരുതി റിക്കവറി സ്ഥാപനത്തില്‍ നിന്ന് കൂട്ടത്തോടെ ഏജന്റുമാര്‍ വരുന്നതോ തുടരെ തുടരെ ഫോണ്‍ ചെയ്യുന്നതോ അനുവദിക്കരുത്. നേരിട്ട് വരുമ്പോള്‍ ഒരു എക്‌സിക്യൂട്ടീവോ അയാളുടെ സൂപ്പര്‍വൈസറെയോ ഒപ്പം കൂട്ടാം.

വന്നവര്‍ പ്രകോപിപ്പിച്ചാലും വായ്പക്കാരന്‍ കൂളായി തന്നെ നില്‍ക്കുക. ഏജന്റുമാര്‍ ഇടപാടുകാരന്റെ  ശരീരത്തില്‍ തൊടുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പരിധികള്‍ ലംഘിക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ വിരുദ്ധമായ പ്രവര്‍ത്തനങ്ങളും സംഭാഷണങ്ങളും തെളിവ് സഹിതം വായ്പ എടുത്ത സ്ഥാപനത്തിന് പരാതിയായി നല്‍കാവുന്നതാണ്. അടുത്ത ബന്ധുക്കള്‍ അല്ലാത്തവരെ സാക്ഷിയായോ സഹായത്തിനോ വിളിച്ച് വരുത്താം. ബാങ്കിന്റെ പരാതി പരിഹാര സംവിധാനത്തില്‍ നിന്ന് പ്രശ്‌നപരിഹാരം കിട്ടുന്നില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കാവുന്നതുമാണ്.

മുന്‍ ലക്കങ്ങള്‍:

#1 നിങ്ങള്‍ സ്വന്തം സാമ്പത്തികാരോഗ്യം പരിശോധിക്കാറുണ്ടോ?, സാമ്പത്തികാരോഗ്യം വര്‍ധിപ്പിക്കാനുളള അഞ്ച് വഴികള്‍ 

#2 നിങ്ങളുടെ മെഡിക്കല്‍ ക്ലെയ്മുകള്‍ നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല !, ചതിയില്‍ വീഴാതിരിക്കാന്‍ അറിഞ്ഞിരിക്കേണ്ടത്

#3 രോഗമോ അപകടമോ വരുമ്പോള്‍ ആരാണ് മികച്ച കൂട്ടുകാരന്‍: പോളിസി ഗ്രൂപ്പ് വേണോ സ്വന്തം വേണോ?

#4 രൊക്കം പണം നല്‍കി ആനുകൂല്യങ്ങള്‍ പിടിച്ചുവാങ്ങാം !, പുതിയകാല കൊളളയുടെ രീതികള്‍

#5 ബൈക്കുളളവര്‍ മറന്നുപോകാം, പക്ഷേ മറക്കരുത്: ചെറിയ തുകയ്ക്ക് നിങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാം