ഓര്‍ക്കാപ്പുറത്ത് അസുഖം വന്നാല്‍ നേരെ ആശുപത്രിയില്‍ പോയി പണം നല്‍കാതെ ചികിത്സ ഉറപ്പാക്കാം എന്ന ക്യാഷ് ലെസ്സ് സേവനമാണ് മെഡിക്കല്‍ പോളിസികള്‍ എടുക്കുമ്പോള്‍ മിക്കവരുടേയും ആഗ്രഹം. ഫലത്തില്‍  ഇന്‍ഷുറന്‍സ് കമ്പനികളുടേയും പോളിസി ഉടമകളുടേയും ഇടയില്‍ പ്രവര്‍ത്തിക്കുന്ന മധ്യവര്‍ത്തികളായ തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എന്ന ടി.പി.എ കള്‍ ക്ലെയ്മുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വരുത്തുന്ന പലവിധ ന്യൂനതകള്‍ മിക്കവര്‍ക്കും വിട്ടു മാറാത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്.

മധ്യവര്‍ത്തികള്‍ മാത്രം

ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് വാങ്ങുന്ന മെഡിക്കല്‍ പോളിസികളില്‍ വില്‍പ്പനാനന്തര സേവനങ്ങളുമാണ് ടിപിഎ കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പോളിസികളില്‍ ഐഡി കാര്‍ഡുകള്‍ നല്കുക, അസുഖം വരുമ്പോള്‍ ക്ലെയിം ലഭിക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, പണം നല്‍കാതെ ആശുപത്രി ചികിത്സ ഉറപ്പാക്കുകയും വിടുതല്‍ സമയത്ത് ആശുപത്രികള്‍ക്ക് പണം നല്‍കുക തുടങ്ങിയവയൊക്കെയാണ് ടിപിഎ കളുടെ ഉത്തരവാദിത്വങ്ങള്‍.

കാരണങ്ങള്‍ കണ്ടുപിടിക്കും

പോളിസി ഉടമയ്ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ വെട്ടിചുരുക്കാനും ഇല്ലാതാക്കാനുമുള്ള സേവനങ്ങളാണ് ടിപിഎ കളില്‍ നിന്ന് ലഭിക്കുന്നതെന്ന് മിക്കവരും പരാതിപ്പെടാറുണ്ട്. അടിയന്തര വൈദ്യ സഹായം ആവശ്യമുള്ളപ്പോള്‍ കൂടി ചില പോളിസി പ്രകാരം ടിപിഎ കളുടെ ഫാക്‌സ് അനുമതിയ്ക്കായി കാത്ത് നില്‍ക്കേണ്ടി വരുന്നുവെന്നത് ദുരാവസ്ഥയാണ്. പോളിസികളില്‍ അനുവദനീയമാണെങ്കിലും ന്യായമല്ലാത്ത ചെലവുകള്‍ എന്ന കാരണം പറഞ്ഞ് ചികിത്സാ ചെലവുകളും മുറി വാടകയും മറ്റും പൂര്‍ണ്ണമായും അനുവദിക്കുന്നില്ല. സമാന ചികിത്സ രീതികള്‍ക്ക് മറ്റ് ആശുപത്രികളില്‍ ഇത്രയും നിരക്കുകളില്ല, ജനറല്‍ വാര്‍ഡിലോ സാധാരണ മുറികളിലോ വാടക കുറവാണ് എന്നൊക്കെയുള്ള മുട്ടു ന്യായങ്ങളും നിരത്തും. അവധി ദിവസങ്ങളിലും അഞ്ച് മണിക്ക് ശേഷവും 'കട അടയ്ക്കുകയാണ്' പതിവ്. ടിപിഎ കളില്‍ നിന്ന് പണം വാങ്ങിയെടുക്കാനുണ്ടാകുന്ന കാലതാമസം പോളിസികള്‍ പ്രകാരം ചികിത്സ തേടുന്നവരില്‍ നിന്ന് ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കാന്‍ ആശുപത്രികളെ പ്രേരിപ്പിക്കാറുണ്ടെന്നത് മറ്റൊരു പ്രധാന പ്രശ്നമാണ്.

അധികാര പരിധി കുറച്ചു

മധ്യവര്‍ത്തികളായി മാത്രം പ്രവര്‍ത്തിക്കേണ്ട ടിപിഎ കള്‍ക്ക് ക്ലെയിം നിഷേധിക്കാനോ വെട്ടിക്കുറയ്ക്കാനോ അധികാരമില്ലെന്ന് വിവിധ ഹൈക്കോടതി ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏത് രീതിയിലും ക്ലെയിം തുക കുറച്ച് കൊണ്ടുവരുന്നതിന് ടിപിഎ കളിലെ ഉദ്യോഗസ്ഥര്‍ക്ക് ടാര്‍ഗറ്റ് നല്‍കാന്‍ പാടില്ലാത്തതാണ്. ഇന്‍ഷുറന്‍സ് ക്ലെയിം സംബന്ധിച്ച ശുപാര്‍ശ മാത്രം നല്‍കിയാല്‍ മതിയെന്നും ബാക്കിയുള്ള തീരുമാനങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നേരിട്ട് എടുക്കണമെന്നും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയും കോടതികളും വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ക്ലെയിം നിഷേധിക്കാനുള്ള അധികാരം ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് പോലുമില്ല എന്നതാണ് ഈ രാജ്യത്തെ നിയമം.

ഉടമയുടെ അവകാശങ്ങള്‍

ക്ലെയിം നല്‍കി കഴിഞ്ഞാല്‍ 30 ദിവസത്തിനുള്ളില്‍ പണം നല്‍കിയിരിക്കണമെന്നും വീഴ്ച വരുത്തുന്ന അവസരങ്ങളില്‍ കമ്പനിയില്‍ നിന്ന് പിഴ പലിശ വാങ്ങിയെടുക്കാന്‍ പോളിസി ഉടമയ്ക്ക് അവകാശമുണ്ട്. ക്ലെയിം ഉണ്ടാകുമ്പോള്‍ ആവശ്യമായ എല്ലാവിധ പേപ്പറുകളും ഒരുമിച്ച് ആവശ്യപ്പെടണമെന്നതിനാല്‍ വീണ്ടും വീണ്ടും വിവരങ്ങള്‍ ആരായുന്നത് പോളിസി ഉടമകള്‍ക്ക് എതിര്‍ക്കാവുന്നതാണ്. പോളിസികളില്‍ ലഭിക്കുന്ന എല്ലാവിധ ആനുകൂല്യങ്ങളെയും നിബന്ധനകളേയും സംബന്ധിച്ച് ആദ്യമേ തന്നെ വ്യക്തമായി മനസ്സിലാക്കാനുള്ള പോളിസി ഉടമയുടെ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല.  പോളിസി എടുക്കുന്നതിന് മുമ്പ് ഒരു പ്രത്യേക അസുഖത്തിന് പോളിസി ഉടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ എടുത്തിട്ടുണ്ടെങ്കില്‍ മാത്രമേ ആ അസുഖം നേരത്തെ നിലനിന്നിരുന്നുവെന്ന് കണക്കാക്കാനാകൂ എന്ന് സുപ്രീം കോടതിയും പല ഉപഭോക്തൃ കോടതികളും വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞക്ഷരങ്ങളില്‍ വ്യക്തമല്ലാത്ത നിബന്ധനകള്‍ രേഖപ്പെടുത്തി നല്‍കുന്ന പോളിസികളില്‍ വിശദീകരണം തേടാന്‍ ക്ലെയിം ഉണ്ടാകുന്നതുവരെ കാത്തിരിക്കരുത്. 

നിങ്ങള്‍ സ്വന്തം സാമ്പത്തികാരോഗ്യം പരിശോധിക്കാറുണ്ടോ?, സാമ്പത്തികാരോഗ്യം വര്‍ധിപ്പിക്കാനുളള അഞ്ച് വഴികള്‍...