Asianet News MalayalamAsianet News Malayalam

ബൈക്കുളളവര്‍ മറന്നുപോകാം, പക്ഷേ മറക്കരുത്: ചെറിയ തുകയ്ക്ക് നിങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാം

സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍ഷുറന്‍സ് എന്ന പേരിലാണ് കമ്പനികള്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നല്‍കുന്നത്. തീയതി കഴിഞ്ഞിട്ടില്ലാത്ത സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍ഷുറന്‍സ് വണ്ടിയില്‍ ഉണ്ടെങ്കില്‍ ആ ഇനത്തില്‍ പോലീസ് പിഴ ചുമത്തില്ല. 

importance of vehicle insurance for two wheeler riders, varavum chelavum personal finance column by C S renjith
Author
Thiruvananthapuram, First Published Dec 2, 2019, 6:16 PM IST

importance of vehicle insurance for two wheeler riders, varavum chelavum personal finance column by C S renjith

ബൈക്കുമായി ഒന്ന് ചെത്താമെന്ന് വിചാരിച്ചിറങ്ങിയതാണ് ജീവന്‍. തലയില്‍ പുതിയ ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ പോലീസ് കൈ കാണിച്ചപ്പോള്‍ വണ്ടി കൂളായി നിര്‍ത്തി. വണ്ടിയുടെ പേപ്പറുകള്‍ എടുക്കാന്‍ പറഞ്ഞപ്പോള്‍ ആര്‍.സി. ബുക്കും ഇന്‍ഷുറന്‍സും മറ്റും പോലീസുകാരന്റെ കൈയിലോട്ട് ഗമയോടെ തന്നെ വച്ച് കൊടുത്തു. പേപ്പറുകള്‍ പരിശോധിച്ച പോലീസുകാരന്‍  ജീപ്പിനടുത്ത് നില്‍ക്കുന്ന എസ്.ഐ യെ കാണാന്‍ പറഞ്ഞപ്പോഴും സംശയം ഒന്നും തോന്നിയില്ല.

ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞതിനാല്‍ രണ്ടായിരം രൂപയുടെ ഫൈന്‍ അടയ്ക്കാന്‍ എസ്.ഐ പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. സംശയം തീര്‍ക്കാന്‍ പേപ്പറുകള്‍ വാങ്ങി നോക്കിയപ്പോള്‍ സംഗതി കുഴപ്പമാണ്. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞിരിക്കുന്നു.

കേന്ദ്ര നിയമത്തില്‍ കൊണ്ട് വന്ന മിക്ക ഫൈനുകളും സംസ്ഥാന സര്‍ക്കാര്‍ വെട്ടി കുറച്ചെങ്കിലും ഇന്‍ഷുറന്‍സ് കാലഹരണപ്പെട്ടാല്‍ നല്‍കേണ്ട ഫൈന്‍ തുക കൂട്ടിയ 2,000 രൂപ ആയി തുടരുന്നു. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ തുക 4000 രൂപയായി ഉയരുകയും ചെയ്യും. തന്‍റെ ചെറിയ ശ്രദ്ധക്കുറവിന് ജീവന് നല്‍കേണ്ടി വന്നത് 2,000 രൂപയാണ്. 

ബൈക്കിന്റെ ഇന്‍ഷുറന്‍സ് എന്ന് പറഞ്ഞാല്‍ മൂന്ന് ഭാഗങ്ങള്‍ ഉണ്ടെന്ന് ഓര്‍ക്കണം. ബൈക്ക് ഇടിച്ച് റോഡില്‍ നടന്ന് പോയവര്‍ക്ക് പരിക്ക് പറ്റിയാല്‍ നഷ്ട പരിഹാരം നല്‍കണമെങ്കില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വേണം. റോഡില്‍ ഇറക്കുന്ന എല്ലാ ബൈക്കുകള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്നാണ് മോട്ടോര്‍ വെഹിക്കിള്‍സ് നിയമം. ഇനിയിപ്പോള്‍ അപകടത്തില്‍ ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചാല്‍ അഴിച്ച് പണിയണമെങ്കില്‍ 'ഓണ്‍ ഡാമേജ്' ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. ബൈക്ക് തന്നെ പ്രകൃതിക്ഷോഭത്തിലോ മറ്റോ നഷ്ടപ്പെട്ടാലോ തിരികെ കിട്ടാത്ത രീതിയില്‍ കളവ് പോയാലോ പുതിയതൊന്ന് വാങ്ങാന്‍ സഹായിക്കുന്ന തരം ഇന്‍ഷുറന്‍സാണ് 'ഓണ്‍ ഡാമേജ്' വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. വാഹന ഉടമയ്ക്ക് പരിക്ക് പറ്റുകയാണെങ്കില്‍ പരിരക്ഷ ലഭിക്കാന്‍ ഇതൊന്നും പോരാ, പേഴ്‌സണല്‍ ആക്‌സിഡന്റ് കവര്‍ കൂടി വേണം.

പോലീസിന് പിഴയിടാന്‍ ആകില്ല, എന്നാല്‍... 

വണ്ടികളുടെ ഇന്‍ഷുറന്‍സ് കാര്യങ്ങളില്‍ അവസാന വാക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടേതാണ്. ബൈക്കുകളുടെ ഇന്‍ഷുറന്‍സില്‍ അടുത്ത കാലത്ത് ഇവര്‍ പ്രധാനമായും മൂന്ന് കാര്യങ്ങളില്‍ അഴിച്ച് പണികള്‍ നടന്നിട്ടുണ്ട്. ഈ മാറ്റങ്ങള്‍ മനസ്സിലാക്കാതെ പോളിസി പുതുക്കാന്‍ പോയാല്‍ പണി കിട്ടുമെന്നത് ഉറപ്പാണ്. 2018 സെപ്റ്റംബര്‍ ഒന്ന് മുതല്‍ യന്ത്രങ്ങള്‍ ഘടിപ്പിച്ച ഇരുചക്ര വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന്റെ കാലാവധി അഞ്ച് വര്‍ഷമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തീയതിയ്ക്ക് മുമ്പ് വാങ്ങിയ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി പോളിസികള്‍ ഒരു വര്‍ഷ കാലാവധിയ്ക്ക് പുതുക്കുന്നതില്‍ തടസ്സമില്ല. അഞ്ച് വര്‍ഷ കാലാവധിയ്ക്ക് തേര്‍ഡ് പാര്‍ട്ടി എടുക്കുമ്പോഴും ഓണ്‍ ഡാമേജ് കവര്‍ ഒരു വര്‍ഷ കാലാവധിയ്ക്ക് എടുക്കാന്‍ അനുവദിക്കും. ഓണ്‍ ഡാമേജ് കവര്‍ സമയത്തിന് പുതുക്കാതിരുന്നാല്‍ പോലീസ് പിഴ ഈടാക്കില്ല, അപകടം മൂലം നഷ്ടം വന്നാല്‍ സ്വയം സഹിച്ചോളണം...

പേഴ്‌സണല്‍ ആക്‌സിഡന്റ് പരിരക്ഷയിലാണ് പരിഷ്‌ക്കാരങ്ങള്‍ വന്നത്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കുന്ന എല്ലാ വാഹന ഉടമകളും 15 ലക്ഷം രൂപയുടെ പേഴ്‌സണല്‍ ആക്‌സിഡന്റ് പോളിസി കൂടി എടുത്തിരിക്കണം. നിലവില്‍ പേഴ്‌സണല്‍ ആക്‌സിഡന്റ് പോളിസി ഉള്ളവര്‍ക്ക് അതിന്റെ രേഖകള്‍ കാണിച്ചാല്‍ മതിയാകും. ഒന്നിലധികം വാഹനങ്ങള്‍ ഉള്ളവര്‍ക്ക് 15 ലക്ഷം രൂപയുടെ ഒരൊറ്റ പേഴ്‌സണല്‍ ആക്‌സിഡന്റ് പോളിസി ഉണ്ടെങ്കില്‍ എല്ലാ വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കാവുന്നതുമാണ്.

മൂന്നാം മൂന്നായി എടുക്കാം 

ഏത് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും നേരിട്ടോ ഓണ്‍ലൈനായോ ബൈക്കിന് ഇന്‍ഷുറന്‍സ് പോളിസി വാങ്ങാം. ഒരൊറ്റ കമ്പനിയില്‍ നിന്ന് തേര്‍ഡ് പാര്‍ട്ടിയും ഓണ്‍ ഡാമേജും കൂടി ഒരുമിച്ച് എടുക്കുന്നതിനെയാണ് കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് എന്ന് പറയുന്നത്. മൂന്ന് ഭാഗങ്ങളും മൂന്ന് വ്യത്യസ്ത കമ്പനികളില്‍ നിന്നോ ഒരൊറ്റ കമ്പനിയില്‍ നിന്ന് തന്നെയോ മൂന്ന് പ്രത്യേക പോളിസികളായോ എടുക്കാം എന്നുള്ളതാണ് മൂന്നാമത്തെ മാറ്റം.

സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍ഷുറന്‍സ് എന്ന പേരിലാണ് കമ്പനികള്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നല്‍കുന്നത്. തീയതി കഴിഞ്ഞിട്ടില്ലാത്ത സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍ഷുറന്‍സ് വണ്ടിയില്‍ ഉണ്ടെങ്കില്‍ ആ ഇനത്തില്‍ പോലീസ് പിഴ ചുമത്തില്ല. സിംപിളായി പറഞ്ഞാല്‍ 2018 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് വാങ്ങിയ ബൈക്ക് ആണെങ്കില്‍ 1221 രൂപ ഒരു പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അടച്ചാല്‍ ബൈക്ക് ഉടമയ്ക്ക് 15 ലക്ഷം രൂപയുടെ പേഴ്‌സണല്‍ ആക്‌സിഡന്റും നാട്ടുകാര്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് പരിധിയില്ലാത്ത പരിരക്ഷയും നല്‍കുന്ന തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും ലഭിക്കും. വര്‍ഷംതോറും പുതുക്കാന്‍ മറക്കരുതെന്ന് മാത്രം.

പുതിയ വാഹനങ്ങളാണെങ്കില്‍ അഞ്ച് വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഒരുമിച്ചെടുക്കുക, ഒരു വര്‍ഷത്തെ പേഴ്‌സണല്‍ ആക്‌സിഡന്റ് പോളിസി നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഓണ്‍ ഡാമേജ് പോളിസി ഒരു വര്‍ഷത്തേയ്ക്ക് മാത്രം വാങ്ങി വര്‍ഷംതോറും പുതുക്കിക്കൊണ്ടിരുന്നാല്‍ ക്ലെയിം വന്നാല്‍ കമ്പനി നല്‍കും.

 

മുന്‍ ലക്കങ്ങള്‍:

#1 നിങ്ങള്‍ സ്വന്തം സാമ്പത്തികാരോഗ്യം പരിശോധിക്കാറുണ്ടോ?, സാമ്പത്തികാരോഗ്യം വര്‍ധിപ്പിക്കാനുളള അഞ്ച് വഴികള്‍ 

#2 നിങ്ങളുടെ മെഡിക്കല്‍ ക്ലെയ്മുകള്‍ നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല !, ചതിയില്‍ വീഴാതിരിക്കാന്‍ അറിഞ്ഞിരിക്കേണ്ടത്

#3 രോഗമോ അപകടമോ വരുമ്പോള്‍ ആരാണ് മികച്ച കൂട്ടുകാരന്‍: പോളിസി ഗ്രൂപ്പ് വേണോ സ്വന്തം വേണോ?

#4 രൊക്കം പണം നല്‍കി ആനുകൂല്യങ്ങള്‍ പിടിച്ചുവാങ്ങാം !, പുതിയകാല കൊളളയുടെ രീതികള്‍

Follow Us:
Download App:
  • android
  • ios