പുതിയ നികുതികളില്ല; കൊവിഡ് പ്രതിരോധത്തിന് സമഗ്ര പാക്കേജുമായി പുതിയ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്

By Web TeamFirst Published Jun 4, 2021, 10:57 AM IST
Highlights

സംസ്ഥാനത്തെ എല്ലാ സിഎച്ച്സി, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും പകര്‍ച്ചവ്യാധി പ്രതിരോധത്തിന് 10 ബെഡുകള്‍ വീതമുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ഒരു കേന്ദ്രത്തിന് മൂന്ന് കോടി രൂപ വീതം ആകെ 635 കോടി രൂപയാണ് ഇങ്ങനെ ആവശ്യമായി വരുന്നത്. 

തിരുവനന്തപുരം: കൊവിഡ് സൃഷ്‍ടിച്ച വലിയ സാമ്പത്തിക പ്രതിസന്ധിക്കിടയിലും പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിക്കാനും മൂന്നാം തരംഗത്തിന് തടയിടാനും ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികള്‍ക്കാണ് ബജറ്റില്‍ പ്രധാനമായും ഉന്നല്‍ നല്‍കിയിരിക്കുന്നത്. ഒപ്പം കൊവിഡ് കാരണം പ്രതിസന്ധിയിലായ വിവിധ മേഖലകള്‍ക്കുള്ള പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് നികുതി വര്‍ദ്ധനവ് അനിവാര്യമാണെങ്കിലും കൊവിഡ് പ്രതിസന്ധിക്കാലത്ത് ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി പ്രസ്‍താവിച്ചത്. മറുവശത്ത് കൊവിഡ് പ്രതിരോധത്തിനായി 20,000 കോടിയുടെ സമഗ്ര പാക്കേജാണ് പ്രഖ്യാപിച്ചത്. ഇതില്‍ ഇപ്പോഴത്തെ ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടിയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശ സബ്‍സിഡി എന്നിവയ്‍ക്കായി 8300 കോടി രൂപയുമാണ് മാറ്റിവെയ്‍ക്കുന്നത്.

സംസ്ഥാനത്തെ എല്ലാ സിഎച്ച്സി, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും പകര്‍ച്ചവ്യാധി പ്രതിരോധത്തിന് 10 ബെഡുകള്‍ വീതമുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ഒരു കേന്ദ്രത്തിന് മൂന്ന് കോടി രൂപ വീതം ആകെ 635 കോടി രൂപയാണ് ഇങ്ങനെ ആവശ്യമായി വരുന്നത്. എംഎല്‍എമാരുടെ വികസന ഫണ്ടില്‍ നിന്ന് ഇതിനുള്ള പണം കണ്ടെത്താന്‍ ശ്രമിക്കുമെന്നാണ് ധനകാര്യ മന്ത്രിയുടെ പ്രഖ്യാപനം.

ആശുപത്രികളിലെ ശസ്‍ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിന് 25 സെന്‍ട്രല്‍ സ്റ്റെറിലൈസേഷന്‍ സപ്ലൈ വകുപ്പുകള്‍ സ്ഥാപിക്കാനും 18.75 കോടി രൂപ നീക്കിവെച്ചു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കാന്‍ 50 കോടിയും ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാര്‍ഡുകള്‍ നിര്‍മിക്കാന്‍ പ്രാരംഭ ഘട്ടമായി 25 കോടിയും അനുവദിച്ചു.

ഓക്സിജന്‍ പ്രതിസന്ധി തടയാന്‍ 150 മെട്രിക് ടണ്‍ ശേഷിയുള്ള ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാനും 1000 മെട്രിക് ടണ്‍ കരുതല്‍ സംഭരണ ശേഷിയുള്ള ടാങ്ക് സ്ഥാപിക്കാനുമുള്ള പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മാതൃകയില്‍ സ്ഥാപനം തുടങ്ങുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്ന പ്രഖ്യാപനവുമുണ്ടായി.

എല്ലാവര്‍ക്കും സൗജന്യ വാക്സിനേഷന്‍ എന്ന നയം നടപ്പാക്കാന്‍ 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടിയും വകയിരുത്തിയിട്ടുണ്ട്. ഒപ്പം വാക്സിന്‍ നിര്‍മാണ, ഗവേഷണ രംഗങ്ങളിലേക്ക് കടക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ 10 കോടി രൂപയാണ് അനുവദിച്ചത്. കൊവിഡാനന്തര ചികിത്സകളില്‍ ആയുഷ് വകുപ്പുകള്‍ വഴി മരുന്നുകള്‍ ലഭ്യമാക്കാന്‍ 20 കോടി രൂപയും മാറ്റിവെച്ചു.

click me!