ലോകത്തെ അതിബുദ്ധിമാന്മാരുടെ പട്ടികയിൽ മലയാളി വിദ്യാർത്ഥിയും

By Web TeamFirst Published Dec 6, 2021, 8:09 PM IST
Highlights

വിശ്വപ്രസിദ്ധ ശാസ്ത്രഞ്ജന്മാർ ഉൾപ്പെടെ ലോകത്തെ ഏറ്റവും ബുദ്ധിശാലികൾ ആയ ഒരുശതമാനം ആളുകൾ മാത്രമാണ് മെൻസ ക്ലബ്ബിൽ അംഗങ്ങളാകുക. ഓരോരുത്തരുടെയും ഐക്യു ലെവൽ അനുസരിച്ചാണ് ക്ലബ്ബിൽ അംഗത്വം നൽകുന്നത്. 

ലോകത്തെ ഏറ്റവും ബുദ്ധിമാന്മാരുടെ ക്ലബ്ബിൽ ഇടം നേടി മലയാളി ബാലൻ. പത്ത് വയസ്സുകാരനായ ആലിം ആരിഫ് ആണ് ലോകത്തിലെ അതിബുദ്ധിമാന്മാരുടെ കൂട്ടായ്മയായ മെൻസ ക്ലബ്ബിൽ ഇടം നേടിയത്. വിശ്വപ്രസിദ്ധ ശാസ്ത്രഞ്ജന്മാർ ഉൾപ്പെടെ ലോകത്തെ ഏറ്റവും ബുദ്ധിശാലികൾ ആയ ഒരുശതമാനം ആളുകൾ മാത്രമാണ് മെൻസ ക്ലബ്ബിൽ അംഗങ്ങളാകുക.

ഓരോരുത്തരുടെയും ഐക്യു ലെവൽ അനുസരിച്ചാണ് ക്ലബ്ബിൽ അംഗത്വം നൽകുന്നത്. ക്ലബ്ബിൽ ഇടം നേടുന്നതിനായി നടത്തുന്ന ടെസ്റ്റിൽ ആലിം ആരിഫ് 162 പോയിൻ്റ്  നേടി. ആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിങ് തുടങ്ങിയ ശാസ്ത്രജ്ഞരുടെ  ഐക്യു 160 ആണെന്ന് അനുമാനം ഉള്ളപ്പോഴാണ് അതിനേക്കാൾ ഉയർന്ന സ്കോർ നേടി ആലിം ക്ലബ്ബിൽ അംഗമായത്.

ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ ദമ്പതിമാർ ആയ ഷഹീന ആരിഫ്, മുഹമ്മദ് ആരിഫ് എന്നിവരുടെ മകൻ ആണ് ആലിം. പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ആലിമിന്റെ ഈ വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നു മാതാപിതാക്കൾ പറയുന്നു. ഓൺലൈൻ ആയി ചില  ഐക്യു ടെസ്റ്റുകൾ ചെയ്ത ആലിം തന്നെ ആണ് മെൻസ ടെസ്റ്റ് എഴുതണം എന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടത്.

ഒരു പുസ്തകപ്പുഴു ആയ ബുദ്ധിജീവി അല്ല ഈ കൊച്ചുമിടുക്കൻ. സ്പോർട്സിലും അഭിനയത്തിലും മികവ് തെളിയിച്ചിട്ടുണ്ട് ഗോസ്‌ഫോർത് ഈസ്റ്റ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥിയായ ആലിം. ഭാവിയിൽ പൈലറ്റ് ആവണോ ശാസ്ത്രജ്ഞൻ ആവണോ നടൻ ആവണോ എന്ന ആശയക്കുഴപ്പത്തിൽ ആണ് ആലിം. പെരിന്തൽമണ്ണ സ്വദേശി ആണ് ആലിമിന്റെ പിതാവ് ഡോക്ടർ ആരിഫ്, അമ്മ ഡോക്ടർ ഷഹീന കൂറ്റനാട് സ്വദേശിയും.

click me!