അസം വിഷമദ്യ ദുരന്തം; മരണം 114 ആയി

By Web TeamFirst Published Feb 23, 2019, 11:38 PM IST
Highlights

ഓരോ പത്ത് മിനിട്ടിലും പുതിയ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  

ഗുവാഹത്തി: അസമിലെ ഗൊലഘട്ടിൽ വ്യാഴാഴ്ചയുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 114 ആയി.  ഓരോ പത്ത് മിനിട്ടിലും പുതിയ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  അസമിലെ കൂടുതല്‍ മേഖലകളില്‍ വിഷമദ്യം കഴിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 

അപ്പര്‍ അസമിലെ ഗോല്‍ഘട്ട്, ജോര്‍ഘട്ട് ജില്ലകളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗ്രാമങ്ങളില്‍ സാധാരണ ലഭ്യമായിരുന്ന ചാരായം വിദേശമദ്യത്തില്‍ ചേര്‍ത്ത് കഴിച്ചതാണ് മരണം കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

300 ഓളം പേര്‍ ഇപ്പോഴും അസമിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഒമ്പത് പേർ സ്ത്രീകളാണ്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ദുരന്തത്തെ കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അപ്പര്‍ അസം ഡിവിഷന്‍ കമ്മീഷണര്‍ ജൂലി സോണോവാളിനോട് 
 അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഉത്തരവിട്ടു. സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.  

സാലിമിറ തേയില തോട്ടത്തിലെ നൂറിലധികം തൊഴിലാളികള്‍ ഒരാളില്‍ നിന്ന് തന്നെ വ്യാജമദ്യം വാങ്ങി ഉപയോഗിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന വിഷമദ്യദുരന്തമുണ്ടായത്. നാല് സ്ത്രീകള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

click me!