മണ്‍വിള തീപിടിത്തം നിയന്ത്രണ വിധേയം, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി

By Web TeamFirst Published Nov 1, 2018, 7:09 AM IST
Highlights

കഴക്കൂട്ടത്തിനടുത്ത് മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റികിന്‍റെ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായതായി അഗ്നിശമന സേനാ മേധാവി എ.ഹേമചന്ദ്രന്‍. ഇന്നലെ വൈകീട്ട് 7.15 ഓടെ ആരംഭിച്ച അഗ്നിബാധ ഏതാണ്ട് പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിയന്ത്രണ വിധേയമായത്. ബലക്ഷയമുള്ള കെട്ടിടത്തിന്‍റെ ചില ഭാഗത്തെ ഭിത്തികള്‍ കയറും കപ്പിയും ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അഗ്നി ശമനസേനയും പൊലീസും. അഗ്നിശമനസേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കൂടുതല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. 

തിരുവനന്തപുരം: കഴക്കൂട്ടത്തിനടുത്ത് മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റികിന്‍റെ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായതായി അഗ്നിശമന സേനാ മേധാവി എ.ഹേമചന്ദ്രന്‍. ഇന്നലെ വൈകീട്ട് 7.15 ഓടെ ആരംഭിച്ച അഗ്നിബാധ ഏതാണ്ട് പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിയന്ത്രണ വിധേയമായത്. ബലക്ഷയമുള്ള കെട്ടിടത്തിന്‍റെ ചില ഭാഗത്തെ ഭിത്തികള്‍ കയറും കപ്പിയും ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അഗ്നി ശമനസേനയും പൊലീസും. അഗ്നിശമനസേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കൂടുതല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. 

പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീ പിടിച്ചതാണ് അഗ്നിബാധ രൂക്ഷമാക്കിയത്. അഞ്ച് നില കെട്ടിടം ഏതാണ്ട് പൂര്‍ണ്ണമായും കത്തിയതിനാല്‍ കെട്ടിടത്തിന് ബലക്ഷയമുണ്ട്. അതുകൊണ്ട് തന്നെ കെട്ടിടത്തിന് സമീപത്തേക്ക് പോകുകയെന്നത് ഏറെ ശ്രമകരമാണ്. ഏത് നിമിഷവും കെട്ടിടം നിലംപതിക്കാമെന്ന നിലയിലാണ്. അവസാന കനലും അണയുന്നതുവരെ അഗ്നിശമന സേനയുടെ പ്രവര്‍ത്തനങ്ങള്‍ തുടരും. എന്നാല്‍ നേരം വെളുക്കുന്നതോടെ ആളുകള്‍ സെല്‍ഫിയെടുക്കാനും മറ്റും പ്രദേശത്തേക്ക് കൂടുതലായി വരുന്നുണ്ട്. ഇത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇത് ആരോഗ്യപ്രശ്നങ്ങളോടൊപ്പം രക്ഷാപ്രവര്‍ത്തനത്തെയും ബാധിക്കും. ജനങ്ങള്‍ കുറച്ചു കൂടി ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അഗ്നിശമനസേനാ മോധാവി എ.ഹേമചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു.

ആശങ്കകളൊഴിഞ്ഞുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അഗ്നിബാധ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. എന്നാല്‍ പെട്രോള്‍ കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ് തീ പിടിച്ചതെന്നതുകൊണ്ട് ഇത് വീണ്ടും കത്താനുള്ള സാധ്യതയുണ്ട്. ഇതും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ അഗ്നിശമന സേനാംഗങ്ങള്‍ തുടരുകയാണ്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. അഗ്നിബാധയുള്ള സ്ഥലത്തേക്ക് ജനങ്ങള്‍ പോകരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

അഗ്നിബാധ തുടങ്ങിയ ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് കെട്ടിടത്തില്‍ ഏതാണ്ട് നൂറ്റമ്പതോളം ജീവനക്കാരുണ്ടായിരുന്നു. ഇവരെ പെട്ടെന്ന് തന്നെ ഒഴിപ്പിച്ചത് കൂടുതല്‍ ദുരന്തമുണ്ടാകുന്നതില്‍ നിന്ന് തടഞ്ഞു. രണ്ട് പേര്‍ക്ക് വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളൊഴിച്ചാല്‍ മറ്റാര്‍ക്കും തന്നെ പരിക്കുകളില്ല. ജയറാം രഘു, ഗിരീഷ് എന്നിവരെ വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫാക്ടറിയിലെ മറ്റ് തൊഴിലാളികളെല്ലാം സുരക്ഷിതരാണ്. വിമാനത്താവളത്തില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റടക്കം അമ്പതോളം ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. പൊലീസ്, അഗ്നിശമന സേനാംഗങ്ങള്‍ ഇന്നലെ വൈകീട്ട് ഏഴ് മണി മുതല്‍ പ്രവര്‍ത്തനനിരതരാണ്.  

നാലു നില കെട്ടിട്ടവും അതിനകത്തുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പൂര്‍ണമായും കത്തികഴിഞ്ഞു. എന്നാല്‍ ഇപ്പോഴും തീ ഉയരുന്നുണ്ട്. പെട്രോള്‍ കെമിക്കല്‍ ഉല്‍പ്പന്നങ്ങളായതിനാല്‍ തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ കെട്ടിട്ടത്തില്‍ പ്രവേശിച്ച് തീയണയ്ക്കാന്‍ സാധിക്കില്ലെന്നും കെട്ടിട്ടവും അതിലെ വസ്തുകളും കത്തി തീരുന്നതു വരെ കാത്തിരിക്കുകയേ വഴിയുള്ളൂവെന്നും സ്ഥലത്ത് ക്യാംപ് ചെയ്യുന്ന മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പേരേയും ഒഴിവാക്കിയിട്ടുണ്ടെന്നും ആളുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.  

നേരം വെളുത്തതോടെ ജനങ്ങള്‍ പ്രദേശത്തേക്ക് എത്തികൊണ്ടിരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജനങ്ങള്‍ പ്രദേശത്ത് നിന്ന് വിട്ട് നില്‍ക്കണമെന്ന് അഗ്നിശമനസേനാ മേധാവി എ.ഹേമചന്ദ്രനും മന്ത്രി കടകംപള്ളി സുരേന്ദ്രനും ആവശ്യപ്പെട്ടു. മുന്‍കരുതലെന്ന നിലയില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് ചുറ്റുപാട് നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. കത്തിക്കൊണ്ടിരിക്കുന്ന ഫാക്ടറി വളഞ്ഞ് ഫയര്‍ഫോഴ്സ് ഇപ്പോഴും തുടര്‍ച്ചയായി വെള്ളം ചീറ്റിക്കൊണ്ടിരിക്കുകയാണ്. ഫാക്ടറിക്ക് അകത്തുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കത്തി തുടങ്ങിയതോടെ വന്‍തോതില്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകം വമിക്കുന്നുണ്ട്. കഴിഞ്ഞ രാത്രി മുഴുവന്‍ വന്‍തോതില്‍ പ്ലാസ്റ്റിക് കത്തിയതിനാല്‍, അത് പൊതുജനങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 

കത്തിക്കൊണ്ടിരിക്കുന്ന കെട്ടിട്ടത്തിന്‍റെ ഒന്നാമത്തെ നില നിലവില്‍ ഏതാണ്ട് തകര്‍ന്നു വീണു. 12 മണിക്കൂറോളമായി  കത്തിക്കൊണ്ടിരിക്കുന്ന കെട്ടിട്ടം പൂര്‍ണമായും തകര്‍ന്നു വീഴാനോ കെട്ടിട്ടഭാഗങ്ങള്‍ കനത്ത സമ്മര്‍ദ്ദത്തില്‍ ദൂരത്തേക്ക് തെറിച്ചു പോകാനോ ഉള്ള സാധ്യത രക്ഷാപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. തീ പടരാതെ തടയുക എന്നതിനാണ്  ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കത്തിയ കെട്ടിടത്തിനോട് ചേര്‍ന്ന് മൂന്ന് കെട്ടിടങ്ങുണ്ട്. ഇവ ഇപ്പോള്‍ സുരക്ഷിതമാണ്. ഇന്നലെ അഗ്നിബാധ തുടങ്ങിയ നേരത്ത് തന്നെ കത്തിയ കെട്ടിടത്തില്‍ നിന്ന് തീ മറ്റ് കെട്ടിടത്തിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ ഏടുത്തതിനാല്‍ കൂടുതല്‍ ദുരന്തമുണ്ടാകുന്നത് തടയാന്‍ കഴിഞ്ഞു. 

ഫാമിലി പ്ലാസ്റ്റിക്സിന്‍റെ നാല് കെട്ടിട്ടങ്ങളാണ് മണ്‍വിളയിലുള്ളത് അതില്‍ ഒരു കെട്ടിട്ടമാണ് ഇപ്പോള്‍ കത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴുണ്ടായ അഗ്നിബാധ മൂലം അഞ്ഞൂറ് കോടിയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ഫാമിലി പ്ലാസ്റ്റിക്സിന്‍റെ ഉടമകളിലൊരാള്‍ പറയുന്നത്. 

click me!