വിവാഹിതയാകാനൊരുങ്ങി ഒഡീഷയിലെ ആദ്യ ട്രാന്‍സ്ജെന്‍റര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ

By Web TeamFirst Published Sep 10, 2018, 10:48 AM IST
Highlights

''എന്‍റെ പങ്കാളിയ്ക്കൊപ്പമുള്ള നല്ല കുടുംബ ജീവിതം ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. വിവാഹത്തിന് ശേഷം ഒരു അനാഥ പെണ്‍കുട്ടിയെ ദത്തെടുത്ത് വളര്‍ത്താനാണ് തീരുമാനം '' 

ഭുവനേശ്വര്‍: സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധിയ്ക്ക് പിന്നാലെ വിവാഹിതയാകാനൊരുങ്ങുകയാണ് ഐശ്വര്യ ഋതുപര്‍ണ പ്രതാന്‍. ഒഡീഷയിലെ ട്രാന്‍സ്ജെന്‍റര്‍ ആയ  ആദ്യ ഗസറ്റഡ് ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥയാണ് ഐശ്വര്യ. ഐശ്വര്യയുടെ ജീവിത പങ്കാളിയുമായി തന്നെ അവളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ട്രാന്‍സ് സമൂഹം. 

തുല്യനീതി ഉറപ്പാക്കുന്നതിനൊപ്പം സ്വവര്‍ഗ വിവാഹത്തിനും സ്വത്ത് കൈമാറ്റത്തിനുള്ള അവകാശത്തിനും കോടതി അനുമതി നല്‍കണമെന്ന് ഐശ്വര്യ പറഞ്ഞു. 2017 ലാണ് ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ ഒഡീഷ സര്‍ക്കാര്‍ ഐശ്വര്യയെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിച്ചത്. ഇന്ന് വിവാഹം സ്ത്രീയ്ക്കും പുരുഷനും ഉള്ളതാണ്. എല്‍ജിബിടി സമൂഹത്തിനും തങ്ങള്‍ ഇഷ്ടപ്പെടുന്ന ആളെ നിയമപരമായി വിവാഹം ചെയ്യാന്‍ കഴിയുന്നതിന് കോടതി ഇടപെടണമെന്നും ഐശ്വര്യ പറഞ്ഞു. 

''പ്രത്യേക വിവാഹ നിയമം നടപ്പിലാക്കുന്നത് കാത്തിരിക്കുകയാണ് ഞങ്ങള്‍. ഒപ്പം എല്‍ജിബിടിക്യൂ സമൂഹത്തിനായി പുതിയ നിയമവും വരുമെന്ന് പ്രത്യാശിക്കുന്നു. എന്‍റെ പങ്കാളിയ്ക്കൊപ്പമുള്ള നല്ല കുടുംബ ജീവിതം ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. വിവാഹത്തിന് ശേഷം ഒരു അനാഥ പെണ്‍കുട്ടിയെ ദത്തെടുത്ത് വളര്‍ത്താനാണ് തീരുമാനം '' -  ഐശ്വര്യ പറഞ്ഞു. 

ഒഡീഷയിലെ കന്ധമല്‍ ജില്ലയിലെ കനബഗിരി സ്വദേശിയാണ് ഐശ്വര്യ. പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍നിന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടിയ ഐശ്വര്യ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് വിജയിച്ചാണ് സര്‍ക്കാര്‍ ജോലി നേടിയത്. ആര്‍മി ഉദ്യോഗസ്ഥനായിരുന്നു ഐശ്വര്യയുടെ പിതാവ്. ട്രാന്‍സ്ജെന്‍റര്‍ എന്ന പേരില്‍ അപമാനിക്കപ്പെട്ടിട്ടില്ല. സമൂഹം തന്നെ ബഹുമാനിക്കുന്നുണ്ടെന്നും

ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവര്‍ഗാനുരാഗം കുറ്റകൃത്യമല്ലെന്നും ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നുമാണ് വിധി പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയത്. ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്. ഞാന്‍ എന്താണോ അത് തന്നെയാണ് ഞാന്‍ എന്ന രീതിയില്‍ ജീവിക്കാന്‍ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു ജീവിതത്തിന്‍റെ അര്‍ത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്. ഭയത്തോടുകൂടി ജീവിക്കലല്ല എന്നും പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എം എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ബെഞ്ചിന്‍റെ യോജിച്ചുള്ള വിധിയാണെന്ന് ദീപക് മിശ്ര വ്യക്തമാക്കി. ലിംഗ വ്യത്യാസമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാൻ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു.

click me!