'വധശിക്ഷ നീതിയല്ല, പ്രതികാരമാണ്'; നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷക്കെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്

By Web TeamFirst Published Jan 31, 2020, 12:41 PM IST
Highlights

നിര്‍ഭയ കേസില്‍ നാല് ചെറുപ്പക്കാരെയാണ് തൂക്കിലേറ്റുന്നത്. നാല് പേര്‍ക്കും മാനസാന്തപ്പെടാനുള്ള അവസരം നല്‍കണമെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.

ദില്ലി: വധശിക്ഷക്കെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജിയും മലയാളിയുമായ കുര്യന്‍ ജോസഫ് രംഗത്ത്. ജീവപര്യന്തം ശിക്ഷയാണ് വധശിക്ഷയേക്കാള്‍ കടുത്തതെന്ന് അദ്ദേഹം പറഞ്ഞു. നിര്‍ഭയ കേസിലെ കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കണമെന്ന ഇന്ദിര ജെയ്സിംഗിന്‍റെ അഭിപ്രായത്തെയും കുര്യന്‍ ജോസഫ് പിന്തുണച്ചു. വധശിക്ഷക്ക് പകരം ജീവപര്യന്തം ശിക്ഷ നല്‍കണം. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ വധശിക്ഷക്ക് കഴിയില്ല. കണ്ണിന് കണ്ണ് എന്ന രീതി ലോകത്തെ മൊത്തം അന്ധരാക്കും എന്ന് പറഞ്ഞ ഗാന്ധിയുടെ മണ്ണാണിത്.  വധശിക്ഷ പ്രതികാരമാണെന്നും നീതിനടപ്പാക്കുകയല്ലെന്നും ഡെസ്മണ്ട് ടുട്ടു പറഞ്ഞതായും കുര്യന്‍ ജോസഫ് ഓര്‍മിപ്പിച്ചു.

പ്രതികളെ തൂക്കിലേറ്റുന്നതോടെ കുറ്റകൃത്യത്തെക്കുറിച്ച് ജനം മറക്കും. നിര്‍ഭയ കേസില്‍ നാല് ചെറുപ്പക്കാരെയാണ് തൂക്കിലേറ്റുന്നത്. നാല് പേര്‍ക്കും മാനസാന്തപ്പെടാനുള്ള അവസരം നല്‍കണമെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.  മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷക ഇന്ദിര ജെയ്‍സിംഗും നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷക്കെതിരെ രംഗത്തെത്തിയിരുന്നു.

നിര്‍ഭയ പെണ്‍കുട്ടിയുടെ അമ്മ പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്നായിരുന്നു ഇന്ദിര ജെയ്സിംഗിന്‍റെ പ്രസ്താവന. എന്നാല്‍, ഇന്ദിര ജെയ്സിംഗിനെതിരെ നിര്‍ഭയയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. ഇത്തരം സ്ത്രീകളാണ് ബലാത്സംഗം പൊലുള്ള കുറ്റകൃത്യങ്ങള്‍ക്ക് കാരണമെന്നും തന്‍റെ മകള്‍ക്ക് നീതി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 

click me!