Latest Videos

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചിറകരിഞ്ഞു; പുതിയ ചട്ടങ്ങളുമായി സര്‍ക്കാര്‍

By Web DeskFirst Published Jul 3, 2017, 4:07 PM IST
Highlights

ദില്ലി: ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചിറകരിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇനി ഹൈക്കോടതിയിലേയോ, സുപ്രീംകോടതിയിലേയോ റിട്ട. ജഡ്ജിമാരുടെ ആവശ്യമില്ല. ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും ജുഡീഷ്യല്‍ അധികാരങ്ങളും ആനുകൂല്യങ്ങളും എടുത്തുകളഞ്ഞു.

പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് വിരമിച്ച സുപ്രീംകോടതിഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ പ്രവര്‍ത്തിച്ചിരുന്നത്. വനനശീകരണം തടയുന്നതിനും പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും വലിയ ഇടപെടല്‍ കഴിഞ്ഞ കാലങ്ങളില്‍ ദേശീയ ഹരിത ട്രൈബ്യൂണലുകളില്‍ നിന്നുണ്ടായി. ഇതിനിടെയാണ് ഹരിത ട്രൈബ്യൂണലിന്റെ ചിറകരിഞ്ഞുകാണ്ടുള്ള പുതിയ ചട്ടങ്ങള്‍ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലെ റവന്യു വകുപ്പ് പുറത്തിറക്കിയത്. 2010ലെ ചട്ടം ഭേദഗതി ചെയ്ത് ഇറക്കിയ പുതിയ ചട്ടങ്ങള്‍ അനുസരിച്ച് ഇനി ഹരിത ടൈബ്യൂണലിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് റിട്ട. സുപ്രീംകോടതിഹൈക്കോടതി ജഡ്ജിമാര്‍ വേണമെന്നില്ല. നിയമരംഗത്ത് പ്രവര്‍ത്തിപരിചയമുള്ള മറ്റുള്ളവരെയും നിയമിക്കാം. വനംപരിസ്ഥിതിയുമായി ബന്ധപ്പെട്ട സമിതികളില്‍ അംഗങ്ങളായി പ്രവര്‍ത്തിച്ചിട്ടിണ്ടെങ്കില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും ഇനി ഹരിത ട്രൈബ്യൂണലിന്റെ അദ്ധ്യക്ഷനാകാം.

ഹരിത ട്രൈബ്യൂണലിലെ ജുഡീഷ്യല്‍ അംഗം റിട്ട. ഹൈക്കോടതി ജഡ്ജിയാകണം എന്നതും മാറ്റി. 10 വര്‍ഷത്തെ നിയപരിജ്ഞാനമുള്ള ആരെയും നിയമിക്കാം. അദ്ധ്യക്ഷന്റെ നിയമന കാലാവധി അഞ്ചു വര്‍ഷത്തില്‍ നിന്ന് മൂന്നു വര്‍ഷമാക്കി. ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിക്കുന്ന ആളെ അധ്യക്ഷനാക്കണം എന്നത് മാറ്റി അതിനായി വനംപരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയെ ഉള്‍പ്പെടുത്തി ഒരു സമിതിയുണ്ടാക്കി. ഇതുവരെ ഹരിത ട്രൈബ്യൂണല്‍ അദ്ധ്യക്ഷന്റെ നിയന്ത്രണം രാഷ്ട്രപതിയുടെ കീഴിലായിരുന്നെങ്കില്‍ അത് വനംപരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ കീഴിലേക്ക് മാറ്റി. സുപ്രീംകോടതി ജഡ്ജിമാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് പകരം ഇനി അദ്ധ്യക്ഷന്‍മാര്‍ക്ക് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുള്ള ആനുകൂല്യങ്ങളേ കിട്ടു. ഇതോടെ കോടതിയുടെ അധികാരമുണ്ടായിരുന്ന ട്രൈബ്യൂണല്‍ ഒരു തര്‍ക്കപരിഹാര സ്ഥാപനം മാത്രമായി മാറും.

click me!