'അസലാമു അലൈക്കും' അഭിസംബോധനയോടെ ജസീന്ത ആര്‍ഡന്‍ പാര്‍ലമെന്റില്‍, ഭീകരന്റെ പേര് പറയില്ലെന്നും ന്യൂസീലന്‍ഡ് പ്രധാനമന്ത്രി

By Web TeamFirst Published Mar 19, 2019, 12:35 PM IST
Highlights

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന് ശേഷം നടന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ അസലാമു അലൈക്കും എന്ന അഭിസംബോധനയുമായി ന്യൂസീലന്‍ഡ്‌  പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. ആക്രമണത്തില്‍ ആരോപണവിധേയനായ വ്യക്തിയെ പേരില്ലാത്തവനായി കണക്കാക്കുമെന്നും ജസീന്ത ആര്‍ഡന്‍ പറഞ്ഞു

ക്രൈസ്റ്റ് ചര്‍ച്ച് (ന്യൂസീലന്‍ഡ്): ന്യൂസീലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ ആരോപണവിധേയനായ വ്യക്തിയെ പേരില്ലാത്തവനായി കണക്കാക്കുമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. വെള്ളിയാഴ്ച ന്യൂസീലന്‍ഡിലെ മുസ്ലീംപളളികളില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ആദ്യമായി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

അസലാമു അലൈക്കും എന്ന ആശംസാവചനത്തോടെയാണ് ജസീന്ത തന്റെ പ്രസംഗം ആരംഭിച്ചത്. ന്യൂസീലന്‍ഡിലെ നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ അക്രമിക്ക് നല്‍കുമെന്നും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇരകളുടെ പേരാണ് ലോകം വിളിച്ച് പറയേണ്ടത്, അക്രമിയുടേതല്ലെന്നും ജസീന്ത പറഞ്ഞു. 

അതിനിടെ, തനിക്ക് അഭിഭാഷകന്‍ വേണ്ടെന്നും സ്വയം വാദിച്ചുകൊള്ളാമെന്നുമുള്ള തീവ്രവാദി ബ്രെന്‍ഡന്‍ ടെറന്റിന്റെ നിലപാടില്‍ ആശങ്കയുണ്ടെന്ന് ജസീന്ത കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ടെറന്റ് അയാളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കാനുള്ള അവസരമായി ഇതിനെ മുതലെടുക്കുമോയെന്നാണ് തന്റെ ആശങ്കയെന്നും അവര്‍ വിശദീകരിച്ചിരുന്നു. അതാണ് അയാള്‍ ലക്ഷ്യമിടുന്നതെങ്കില്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചരിപ്പിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.


കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകത്തെ നടുക്കിയ ആക്രമണം നടന്നത്.  രണ്ട് മുസ്ലീം പള്ളികളിലായി പ്രാര്‍ഥനയ്‌ക്കെത്തിയ 50 നിരപരാധികളാണ് കൊല്ലപ്പെട്ടത്.  ആക്രമണത്തിന് മുന്‍പ് പ്രതിയായ ബ്രെന്‍ഡന്‍ ടെറന്റ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പടെ 30 പേര്‍ക്ക് ക്രൂരകൃത്യം ചെയ്യുന്നതിന് മുമ്പ് 74 പേജുള്ള നയരേഖയും പ്രതി അയച്ചു.  എന്നാല്‍ എവിടെയാണ് ആക്രമണം നടത്തുന്നതെന്ന സൂചന ഇയാള്‍ നല്‍കിയില്ല. രണ്ട് മിനിറ്റുകള്‍ക്കകം അന്വേഷിക്കാന്‍ ഉത്തരവിട്ടെങ്കിലും അപ്പോഴേക്കും ആക്രമണം  നടന്നിരുന്നു. 
 

click me!