ജയലളിതയുടെ വിയോഗത്തിൽ ദേശീയ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടി

By Web DeskFirst Published Dec 6, 2016, 9:36 AM IST
Highlights

ദില്ലി: ജയലളിതയുടെ നിര്യാണത്തിൽ കേന്ദ്ര സര്‍ക്കാർ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയപതാക താഴ്ത്തികെട്ടി. ജയലളിതക്ക് ആദരാഞ്ജലികൾ അര്‍പ്പിച്ച് പാര്‍ലമെന്റി്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ജനങ്ങളുടെ ഭാഗമായി നിന്ന രാഷ്ട്രീയ നേതാവായിരുന്നു ജയലളിതയെന്ന് രാഷ്ട്രപതി പ്രണാബ്മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു.
 
ജയലളിതയുടെ വിയോഗം വലിയ ആഘാതമാണ് ദേശീയ രാഷ്ട്രീയത്തിന് ഉണ്ടാക്കിയത്. ജനങ്ങൾക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവായിരുന്നു ജയലളിതയെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു ബിംബമാണ് നഷ്ടമായതെന്നും രാഷ്ട്രപതി പ്രതികരിച്ചു.

നികത്താനാകാത്ത നഷ്ടമാണ് രാജ്യത്തിന് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാർ ദേശീയ പതാക താഴ്ത്തിക്കെട്ടി. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി മാതൃകാപദ്ധതികൾ ആവിഷ്കരിച്ച നേതാവാണ് ജയലളിതയെന്ന് സിപിഎം ജന.സെക്രട്ടറി സീതറാം യെച്ചൂരി പറഞ്ഞു.

ഇന്ത്യകണ്ട ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്നു ജയലളിതയെന്ന് എ.കെ.ആന്റണി പ്രതികരിച്ചു. ജയലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് തമിഴ് ജനതയുടെ മനസ്സിൽ ജയലളിത എന്നും മായാതെ നിൽക്കുമെന്ന് പ്രതികരിച്ചു.

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി, ബീഹാര് മുഖ്യമന്ത്രി നിതീഷ്കുമാര്‍, ദില്ലി മഖ്യമന്ത്രി അരവിന്ദ്ക കെജരിവാൾ തുടങ്ങിയവരെല്ലാം അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പുറമെ ഭൂരിഭാഗം കേന്ദ്രമന്ത്രിമാരും ദേശീയ രാഷ്ട്രീയ നേതാക്കളുമെല്ലാം ജയലളിതയുടെ സംസ്കാര ചടങ്ങിൽ സാക്ഷിയാകും.
 
 

click me!