കേരളത്തിൽ പ്രതിവർഷം 700 -ലധികം പേര്‍ കുഷ്ഠരോ​ഗബാധിതരെന്ന് റിപ്പോർട്ട്

By Web TeamFirst Published Jan 24, 2019, 5:53 PM IST
Highlights

കുഷ്ഠരോ​ഗത്തിന്റെ ചികിത്സ എല്ലാ പ്രാഥമിക ആരോ​ഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. ചികിത്സ തീർത്തും സൗജന്യമാണ്. മാത്രമല്ല, മൂന്ന് മാസം മുതൽ ഒരു വർഷം വരെയാണ് ചികിത്സാ കാലാവധി. മാസത്തിൽ ഒരു തവണ ആശുപത്രിയിൽ പോയാൽ മതി. ദിവസത്തിൽ രാത്രി മാത്രമേ ​ഗുളികയുള്ളൂ. കുഷ്ഠരോ​ഗത്തെക്കുറിച്ച് നമ്മൾ മനസ്സിൽ സങ്കൽപിച്ചു വച്ചിരിക്കുന്ന അവസ്ഥയല്ല യഥാർത്ഥത്തിൽ. വളരെ എളുപ്പത്തിൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന അസുഖമാണ്.

സമൂഹത്തില്‍ നിന്നും ഇല്ലാതായിപ്പോയ ഒരു രോ​ഗമാണ് കുഷ്ഠം എന്ന് കരുതണ്ട. കാരണം പുറത്തുവന്നതും അല്ലാത്തതുമായ നിരവധി രോ​ഗബാധിതർ നമ്മുടെ സമൂഹത്തിലുണ്ട്. ഈ രോ​ഗം തിരികെയെത്തുകയല്ല ചെയ്തത്. കുഷ്ഠരോ​ഗം ഇവിടെത്തന്നെയുണ്ടായിരുന്നു. സംസ്ഥാനതലത്തിലും ദേശീയ തലത്തിലും നടത്തിയ ക്യാംപെയിനുകൾ വഴി കണ്ടെത്തിയ രോ​ഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി എന്നതാണ് വാസ്തവം. 

''കുഷ്ഠരോ​ഗം തിരികെ വരുന്നു എന്ന പ്രസ്താവന തെറ്റാണ്. കുഷ്ഠരോ​ഗം ഇവിടെത്തന്നെയുണ്ട്.''  തിരുവനന്തപുരം ജില്ല അസിസ്റ്റന്റ് ലെപ്രസി ഓഫീസർ ഷാജി കുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു. ''എല്ലാവർഷവും തിരുവനന്തപുരം ജില്ലയിൽ മാത്രം എൺപതിനും നൂറിനും ഇടയിൽ കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേരളത്തിൽ വർഷം തോറും എഴുന്നൂറിലധികം പേരെ കുഷ്ഠരോ​ഗം ബാധിച്ചവരായി കണ്ടെത്തുന്നുണ്ട്. ഇങ്ങനെ കണ്ടെത്തുന്നവരുടെ എണ്ണത്തില്‍  കുറവ് വരുന്നതായിട്ടാണ് കണ്ടിരുന്നത്. അല്ലാതെ കുഷ്ഠരോ​ഗം പൂർണ്ണമായി നമുക്കിടയിൽ നിന്ന് പോയിട്ടില്ല. എന്നാൽ അടുത്ത കാലത്ത് നടത്തിയ പ്രത്യേക ക്യാംപെയിനിന്റെ ഭാ​ഗമായി ജില്ലയിൽ ഉണ്ടായിരുന്ന രോ​ഗികളിൽ, കണ്ടുപിടിക്കാൻ സാധിക്കാതിരുന്ന രോ​ഗികളെക്കൂടി കണ്ടുപിടിക്കാൻ കഴിഞ്ഞു എന്നതാണ് വാസ്തവം.'' അദ്ദേ​ഹം വിശദീകരിക്കുന്നു.

മറ്റ് രോ​ഗങ്ങൾ പോലെയല്ല കുഷ്ഠരോ​ഗം. അത് രോ​ഗിക്ക് പ്രത്യേക ആരോ​ഗ്യപ്രശ്നങ്ങളൊന്നുമുണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെ അവർ സ്വയം ചികിത്സയ്ക്ക് പോകുന്നില്ല. രോ​ഗം ശാരീരിക വൈകല്യത്തിലേക്ക് എത്തുമ്പോഴാണ് ചികിത്സയ്ക്കായി പോകുന്നത്. രോ​ഗാണു ശരീരത്തിൽ പ്രവേശിച്ച് വർഷങ്ങൾക്ക് ശേഷമായിരിക്കും ഈ ലക്ഷണങ്ങൾ പ്രകടമാകുന്നത്. ലക്ഷണങ്ങൾ പ്രകടമാകാൻ ചിലപ്പോൾ മൂന്നു മുതൽ അഞ്ച് വർഷം വരെ എടുക്കും. എന്നാൽ കൃത്യസമയത്തെ ചികിത്സ കൊണ്ട് ഈ അസുഖത്തെ പൂർണ്ണമായും ഭേദമാക്കാം. 

ഈ വർഷം സ്കൂൾ കുട്ടികളിലും അം​​ഗൻവാടികളിലും പ്രത്യേക ക്യാംപെയിനും പരിശോധനയും നടത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിൽ 2017-18 വർഷത്തിലെ കണക്ക് അനുസരിച്ച് കണ്ടെത്തിയ രോ​ഗബാധിതരിൽ അറുപതിൽ നാല് പേർ കുട്ടികളാണ്. ചില ജില്ലകളിൽ നടത്തിയ പ്രത്യേക ഇടപെടലുകളുടെ ഭാ​ഗമായി സ്കൂൾ സർവ്വേ, അം​ഗൻവാടി സർവ്വെ എന്നിവ ശക്തിപ്പെടുത്തിയിരുന്നു. കൂടാതെ ലെപ്രസി അവെയർനെസ് ക്യാംപെയ്ൻ, ലെപ്രസി കേസ് ഡിറ്റക്ഷൻ ക്യാംപെയിൻ എന്നിവ നടത്തി. ഇത്തരത്തിൽ സജീവമായ ഇടപെടൽ കൊണ്ട് പരമാവധി രോ​ഗികളെ കണ്ടെത്തി ചികിത്സയ്ക്ക് ഹാജരാക്കാൻ സാധിച്ചതായി ഷാജി കുമാർ വെളിപ്പെടുത്തുന്നു. 

കുഷ്ഠരോ​ഗത്തിനുള്ള ചികിത്സ എല്ലാ പ്രാഥമിക ആരോ​ഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. ചികിത്സ തീർത്തും സൗജന്യമാണ്. മാത്രമല്ല, മൂന്ന് മാസം മുതൽ ഒരു വർഷം വരെയാണ് ചികിത്സാ കാലാവധി. മാസത്തിൽ ഒരു തവണ ആശുപത്രിയിൽ പോയാൽ മതി. ഒരു ദിവസത്തിൽ രാത്രി മാത്രമേ ​ഗുളിക കഴിക്കേണ്ടതുള്ളൂ. കുഷ്ഠരോ​ഗത്തെക്കുറിച്ച് നമ്മൾ മനസ്സിൽ സങ്കൽപിച്ചു വച്ചിരിക്കുന്ന അവസ്ഥയല്ല യഥാർത്ഥത്തിൽ. വളരെ എളുപ്പത്തിൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന അസുഖമാണ്. പ്രാരംഭഘട്ടത്തിൽ കണ്ടെത്തുകയാണെങ്കിൽ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുകയും ചെയ്യും. 

കുഷ്ഠരോ​ഗത്തിന്റെ ലക്ഷണങ്ങൾ 

നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു
ഇവിടങ്ങളിലെ സ്പർശന ശേഷി പൂർണ്ണമായോ ഭാ​ഗികമായോ നഷ്ടപ്പെടാൻ സാധ്യത
ഈ സ്ഥലത്ത് ചൂട്. തണുപ്പ്, വേദന, ചൊറിച്ചിൽ എന്നിവ അനുഭവപ്പെടുന്നില്ല
രോമവളർച്ച  ഇല്ലാതിരിക്കുകയോ കുറഞ്ഞിരിക്കുകയോ ചെയ്യും
പാടുകൾ തിണർപ്പു പോലെയോ ഉയർന്നതോ എണ്ണമയമുള്ളതോ ആയിരിക്കുക

രോ​ഗനിർണയം

തൊലിപ്പുറത്തെ സ്പർശന ശേഷി പരിശോധിക്കുക എന്നതാണ് പ്രാഥമിക പരിശോധനാ ഘട്ടം
തൊലി ചുരണ്ടി എടുത്തോ, ബയോപ്സിയിലൂടെയോ ഉള്ള പരിശോധന
വേദനയില്ലാത്ത വ്രണങ്ങൾ പരിശോധിക്കുക
നാഡികളിലെ തരിപ്പും തടിപ്പും പരിശോധിക്കുക

​രോ​ഗലക്ഷണങ്ങളുള്ള ഒരാളിൽ രോ​ഗനിർണ്ണയം നടത്തിക്കഴിഞ്ഞാൽ പൂർണ്ണമായി ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. തൊലിപ്പുറത്തെ പാടുകൾ കണ്ട് കുഷ്ഠരോ​ഗമാണെന്ന് ഉറപ്പിക്കണ്ട. പല കാരണങ്ങൾ കൊണ്ട് തൊലിയില്‍ പാടുകൾ ഉണ്ടാകാം. അക്കാര്യവും ഓർമ്മയിലുണ്ടാകണം. കുഷ്ഠരോ​ഗത്തെ പേടിക്കേണ്ട യാതൊരു കാര്യവുമില്ല. കൃത്യമായ ചികിത്സയും മരുന്നും ലഭ്യമാണ്. ഇത് പൂർണ്ണമായും ചികിത്സിച്ച് മാറ്റാനും സാധിക്കും. ആലപ്പുഴ ജില്ലയിലെ നൂറനാട്, തൃശൂർ ജില്ലയിലെ കൊരട്ടി, കോഴിക്കോട് ജില്ലയിലെ ചേവായൂർ എന്നിവിടങ്ങളിലാണ് കുഷ്ഠരോ​ഗ സാനിട്ടോറിയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 

കുഷ്ഠരോ​ഗ നിർമ്മാർജ്ജനം ദേശീയതലത്തിൽ

2005-ൽ കുഷ്ഠരോ​ഗം നിവാരണം ചെയ്തു എന്ന ഔദ്യോ​ഗിക അറിയിപ്പ് ഇന്ത്യ നടത്തിയിരുന്നു. എന്നാൽ പതിനാല് വർഷങ്ങൾക്കിപ്പുറം വീണ്ടും ദേശീയ തലത്തിൽ  കുഷ്ഠരോ​ഗ നിർമ്മാർജ്ജനം ലക്ഷ്യമാക്കിയുള്ള ക്യാംപെയിനിലാണ് ഇന്ത്യ. 2018-ഓട് കൂടി ഇന്ത്യയിൽ നിന്ന് കുഷ്ഠരോ​ഗം നിർമ്മാർജ്ജനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‍ലി 2017-ലെ ബജറ്റ് അവതരണ വേളയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ ലക്ഷ്യം അസാധ്യമാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ഒന്നടങ്കം പറയുന്നു. ലോകാരോ​ഗ്യ സംഘടനയുടെ  2015-2016 വർഷത്തെ കണക്കെടുപ്പിൽ ആ​ഗോളതലത്തിലുള്ള കുഷ്ഠരോ​ഗബാധിതരുടെ കണക്കിൽ 60 ശതമാനം പേരും ഇന്ത്യയിലാണെന്നാണ് കണക്ക്. 

ഏകദേശം പതിനാല് വർഷങ്ങൾ‌ക്ക് ശേഷമാണ് കുഷ്ഠരോ​ഗ ബാധിതരെക്കുറിച്ചുള്ള കണക്കെടുപ്പ് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്നത്. ഈ കണക്കെടുപ്പിൽ പുതിയ ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രാജസ്ഥാനിലാണ് ഏറ്റവും കുറവ് കുഷ്ഠരോ​ഗബാധിതർ ഉള്ളതായി കാണപ്പെടുന്നത് (1144). ഏറ്റവും കൂടുതൽ രോ​ഗികളുള്ളത് ഉത്തർപ്രദേശിലാണ് (13456). ബീഹാർ -13031, മഹാരാഷ്ട്ര -9887, വെസ്റ്റ് ബം​ഗാൾ- 8578, ഛത്തീസ്​ഗഡ്- 7266, മധ്യപ്രദേശ്-6067, ഒഡീഷ-5383, ​ഗുജറാത്ത്-3884, ഝാർഖണ്ഡ്-3414, തമിഴ്നാട്-3207, കർണാടക-2500, തെലങ്കാന-1883, ദില്ലി- 1780 എന്നിങ്ങനെയാണ് ദേശീയ തലത്തിലുള്ള കണക്കെടുപ്പിൽ കുഷ്ഠരോ​ഗബാധിതരുടെ എണ്ണം. ദേശീയ കുഷ്ഠരോ​ഗ നിർമ്മാർജ്ജന പദ്ധതിയുടെ മാർച്ച് 2017 വരെയുള്ള വാർഷിക കണക്കെടുപ്പാണിത്. 

ദേശീയതലത്തിൽ സ്ഥിരീകരിച്ച രോ​ഗബാധിതരിൽ പകുതിപ്പേരും (67,120) രോ​​ഗത്തിന്റെ അവസാനഘട്ടത്തിലാണുള്ളത്. പുതിയതായി രോ​ഗം കണ്ടെത്തുന്നവരുടെ എണ്ണവും വർദ്ധിച്ചിരിക്കുകയാണെന്ന് ദേശീയതലത്തിലുള്ള കണക്കുകൾ വ്യക്തമാക്കുന്നു. തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലെ കുശാൻപള്ളി ​ഗ്രാമത്തിലെ 250 കുടുംബങ്ങളിൽ 19 പേരാണ് കുഷ്ഠരോ​ഗബാധിതരായിരിക്കുന്നത്. 1040 പേരാണ് ഈ കുടുംബങ്ങളിൽ ആകെയുള്ളത്. ദേശീയ തലത്തിലുള്ള കണക്കുകൾ പരിശോധിച്ചാൽ കുഷ്ഠരോ​ഗത്തെ പുറത്താക്കുക എന്നത് അസാധ്യമാണെന്ന് വ്യക്തമാകും. 
 
ഇന്ത്യയിൽ മൂന്ന് മില്യൺ ജനങ്ങളാണ് കുഷ്ഠരോ​ഗം മൂലം ഉണ്ടായ അം​ഗവൈകല്യത്താൽ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട ജീവിതം നയിക്കുന്നത്. കൈകാലുകളും മുഖവും വികൃതമാകുക എന്ന അവസ്ഥയാണ് കുഷ്ഠരോ​ഗബാധിതരിൽ സംഭവിക്കുന്നത്. ഈ രോ​ഗം വളരെ വേ​ഗം പകരും എന്ന വിശ്വാസം നിലനിൽക്കുന്നതിനാൽ സമൂഹത്തിന്റെയും കുടുംബത്തിന്റെയും പുറമ്പോക്കിലാണ് ഇവരുടെ ജീവിതം. എന്നാൽ രോ​ഗപ്രതിരോധ ശേഷി കുറവുള്ളവരിലാണ് ഈ രോ​ഗം അതിവേ​ഗത്തിൽ പകരുന്നത്. 

ലോകാരോ​ഗ്യ സംഘടനയിൽ കുഷ്ഠരോ​ഗ നിർമ്മാർജ്ജനത്തിനായി 2005-ൽ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. ഇതിന് ശേഷം കുഷ്ഠരോ​ഗ നിർമ്മാർജ്ജനത്തിൽ സജീവമായി ഇടപെടലുകൾ നിർത്തി ഇന്ത്യ കുഷ്ഠരോ​ഗ വിമുക്തമായി എന്ന് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ലോകത്തിലെ കുഷ്ഠരോ​ഗികളിൽ പതിനായിരത്തിലൊരാൾ ഇന്ത്യയിലാണെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്ക്. കുഷ്ഠരോ​ഗത്തിനെതിരെ വാക്സിൻ പോലെയുള്ള മാർ​ഗങ്ങൾ കണ്ടുപിടിച്ചിട്ടില്ലെന്നത് വളരെ വലിയൊരു പോരായ്മയായി അവശേഷിക്കുന്നുണ്ട്. കണ്ടെത്തിയ രോ​ഗികളേക്കാൾ ഇപ്പോഴും രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ധാരാളം പേർ അവശേഷിക്കുന്നുണ്ട് എന്ന് 
2016 ദേശീയ കുഷ്ഠരോ​ഗ നിർമ്മാർജ്ജന പദ്ധതി കണക്കുകൾ വ്യക്തമാക്കുന്നു. 

ഒരുകാലത്ത് ഏറ്റവും കുറവ് കുഷ്ഠ രോ​ഗികൾ ഉണ്ടായിരുന്ന കേരളത്തിലും രോ​ഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ഏറ്റവും ഫലപ്രദമായ ആരോ​ഗ്യ സംവിധാനങ്ങൾ നിലനിൽക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. ഉത്തർ‌പ്രദേശ്, ബീഹാർ, വെസ്റ്റ് ബം​ഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നായി ധാരാളം തൊഴിലാളികൾ കേരളത്തിലേക്ക് എത്തുന്നു എന്നതും രോഗികളുടെ വര്‍ദ്ധനവിന് കാരണമാകുന്നുണ്ട്. ഏറ്റവും മികച്ച ആരോഗ്യ സുരക്ഷാ സംവിധാനങ്ങളിലൂടെ മാത്രമേ ഇന്ത്യയില്‍ർ നിന്ന് കുഷ്ഠരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയൂ എന്നും അതിനായി അവബോധ ക്യാംപെയിനുകൾ സംഘടിപ്പിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. 

 

click me!