പാറ്റൂരിലെ ഭൂമി കൈയേറ്റം; കേസെടുക്കണമെന്ന് നിയമോപദേശം

By Web DeskFirst Published Feb 18, 2017, 2:03 AM IST
Highlights

തിരുവനന്തപുരം: പാറ്റൂർ ഭൂമി ഇടപാടു കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷനുമെതിരെ വിജിലൻസ് കേസെടുത്തേക്കും. ലോകായുക്തയിൽ പരിഗണനയിലുള്ള കേസായാലും വിജിലൻസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തടസ്സമില്ലെന്ന് വീണ്ടും നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് വിജിലൻസ് കേസെടുക്കാൻ ആലോചിക്കുന്നത്.കേസ് രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വാദങ്ങള്‍ തള്ളിയാണ് നിയമോപദേശം.

പാറ്റൂരിലെ സർക്കാർ ഭൂമി സ്വകാര്യ കമ്പനിക്ക് ഫ്ലാറ്റ് നിർമ്മാണത്തിന് ചട്ടങ്ങള്‍ ലംഘിച്ച് കൈമാറിയെന്നാണ് ആരോപണം. ഉമ്മൻ ചാണ്ടി, ഭരത് ഭൂഷൻ, സ്വകാര്യകമ്പനി ഉടമ എന്നിവരെ പ്രതിയാക്കി കേസെടുക്കണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദനാണ് തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്.  സമാനമായ പരാതി ലോകായുക്തയിലുള്ളതിനാൽ കേസെടുക്കാൻ ആകില്ലെന്നായിരുന്നു കോടതിയിൽ നേരിട്ട് ഹാജരായി അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചത്.

പ്രാഥമിക അന്വേഷണം ആരംഭിച്ചതായും വിജിലൻസ് കോടതിയെ അറിയിച്ചു. കൈയേറ്റം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതിയിൽ നിന്നും വിമർശനമേറ്റ സാഹചര്യത്തിലാണ് വിജിലൻസ് നിയമോപദേശകരോട് അഭിപ്രായം ആരാഞ്ഞത്. കേസ് രജിസ്റ്റ‍ര്‍ ചെയ്യുന്നതിൽ നിയമതടസ്സമില്ലെന്നാണ് നിയമോപദേശകർ കൂട്ടായി തീരുമാനിച്ച് ഡയറക്ടര്‍ക്ക് റിപ്പോർട്ട് നൽകി. അഡ്വേക്കേറ്റ് ജനറലും ഇതേ നിയമപദേശം നേരത്തെ നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ആലോചിക്കുന്നത്. വൈകാതെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.

Alsao Read:പാറ്റൂരിലെ കൈയേറ്റം; കേസെടുക്കാമെന്ന എജിയുടെ നിയമോപദേശം വിജിലന്‍സ് പൂഴ്‌ത്തി

ലോകായുക്തയില്‍ കേസ് നടക്കുന്നതിനാല്‍ കേസെടുക്കാനാവില്ലെന്ന ഡി.വൈ.എസ്.പിയുടെ നിലപാടിനെ വിജിലന്‍സ് കോടതിയും വിമര്‍ശിച്ചിരുന്നു.പാറ്റൂരില്‍ 31 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തി കൈയേറി ഫ്ലാറ്റ് നിര്‍മ്മിച്ചുവെന്നാണ് ആരോപണം. ഇതില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ഡയറക്ടറിന് ലഭിച്ചിരുന്നു. സമാനകേസ് ലോകായുക്തയിലുണ്ടെന്ന് ചൂണ്ടികാട്ടി വിജിലന്‍സ് തുടര്‍നടപടി സ്വീകരിച്ചിരുന്നില്ല. പാറ്റൂര്‍ ഭൂമിയില്‍ വിജിലന്‍സ് നടത്തിയ രഹസ്യപരിശോധനയില്‍ കൈയേറ്റം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിവാദങ്ങളും ആരംഭിക്കുന്നത്.

click me!