ഗണേശന്റെ മരണം ഹൃദയസ്തംഭനം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

By web deskFirst Published Jan 26, 2018, 5:22 PM IST
Highlights

മൂന്നാര്‍ എല്ലപ്പെട്ടി എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന ഗണേശന്റെ മരണം ഹൃദയസ്തംഭനം മൂലമാണെന്ന് പ്രാഥമിക നിഗമനം. കൊലപാതകമാണെന്ന് ഭാര്യ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് അടക്കം ചെയ്ത മൃതദേഹം കഴിഞ്ഞ ദിവസം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.

2016 ഡിസംബര്‍ 6 നാണ് എല്ലപ്പെട്ടി എസ്റ്റേറ്റിലെ ഫാക്ടറിക്ക് സമീപത്തെ പുല്‍മേട്ടില്‍ ഗണേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഹേമലത ആഭ്യന്തര മന്ത്രിക്കും പൊലീസ് മേധാവിക്കുമടക്കം പരാതി നല്‍കി. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫൊറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റു മോര്‍ട്ടം നടത്തി. 

ഇതിലാണ് മരണം ഹൃദയ സ്തംഭനം മൂലമാണെന്ന് കണ്ടെത്തിയത്. ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്ക് ആയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി വന്നാലേ മരണകാരണം കൃത്യമായി അറിയാന്‍ കഴിയുകയുള്ളൂ. ഇതില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയാല്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. ഫാക്ടറിയില്‍ നിന്നും ജോലിക്കിടെ സുഖമില്ലെന്ന് പറഞ്ഞ് ഗണേശന്‍ വീട്ടിലേക്ക് പോയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  

വഴിമധ്യേ ഹൃദയസ്തംഭനം ഉണ്ടായതാണെന്നാണ് കരുതുന്നത്. ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അന്ന് പോസ്റ്റുമോര്‍ട്ടം നടത്താതിരുന്നതെന്നും പൊലീസ് പറഞ്ഞു ഒപ്പം ജോലി ചെയ്തിരുന്ന ചിലരുടെ നിര്‍ബന്ധ പ്രകാരമാണ് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കിയതെന്നാണ് ഭാര്യ പരാതി നല്‍കിയിരുന്നത്. ഇത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
 

click me!