സതീഷ് സന ' കുറച്ച് കോടികള്‍' കേന്ദ്ര സഹമന്ത്രിക്ക് കൈക്കൂലി നല്കിയെന്ന് വെളിപ്പെടുത്തൽ; കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍

By Web TeamFirst Published Nov 19, 2018, 1:44 PM IST
Highlights

കേന്ദ്ര കൽക്കരി സഹമന്ത്രിയും ഗുജറാത്തിലെ ബിജെപി നേതാവുമായ ഹരിഭായി ചൗധരി സതീഷ് സനയിൽ നിന്ന്  ' കുറച്ച് കോടികള്‍ ' കൈക്കൂലി വാങ്ങിയെന്ന മൊഴിയുണ്ടെന്ന് സിൻഹ പറയുന്നു. ഇന്ത്യ ഇന്‍റർപോളിലെ നിരീക്ഷക സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിൻമാറും എന്ന രഹസ്യവിവരം പോലും മനോജ് പ്രസാദിന് അറിയാമായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. 

ദില്ലി: സിബിഐയിലെ തകർക്കത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കേന്ദ്ര കൽക്കരി സഹമന്ത്രി ഹരിഭായി ചൗധരിക്ക് മൊയിൻ ഖുറേഷി കേസിൽ ഉൾപ്പെട്ട സതീഷ് സന ' കുറച്ച് കോടികള്‍ ' കൈക്കൂലി നല്കിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. ഇടനിലക്കാരൻ മനോജ് പ്രസാദ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടെന്നും ഡിഐജി മനീഷ് സിൻഹ സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ സിബിഐയിലെ തകർക്കത്തിൽ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. 

നീരവ് മോദി കേസും രാകേഷ് അസ്താനയ്ക്കെതിരായ കേസും നിരീക്ഷിച്ചിരുന്ന ഡിഐജി മനീഷ് കുമാർ സിൻഹയെ സിബിഐ ഇടക്കാല ഡയറക്ടർ അലോക് വർമ്മ നാഗ്പൂരിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ മനീഷ് സിൻഹ നല്കിയ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. എന്നാൽ ഹർജിയിൽ കേന്ദ്രസർക്കാരിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് മനീഷ് സിൻഹ നടത്തുന്നത്. 

കേന്ദ്ര കൽക്കരി സഹമന്ത്രിയും ഗുജറാത്തിലെ ബിജെപി നേതാവുമായ ഹരിഭായി ചൗധരി സതീഷ് സനയിൽ നിന്ന്  ' കുറച്ച് കോടികള്‍ ' കൈക്കൂലി വാങ്ങിയെന്ന മൊഴിയുണ്ടെന്ന് സിൻഹ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനെ സ്വാധീനിച്ച് കേസ് ഒതുക്കാൻ ഏതാനും കോടി കൈക്കൂലി നല്കിയെന്ന് സന പറഞ്ഞതായാണ് വെളിപ്പെടുത്തൽ അറസ്റ്റിലായ ഇടനിലക്കാരൻ മനോജ് പ്രസാദ് അജിത് ഡോവലുമായി തൻറെ കുടുംബത്തിന് ഏറെ അടുപ്പമുണ്ടെന്ന് പലതവണ അവകാശപ്പെട്ടു. 

ഇന്ത്യ ഇന്‍റർപോളിലെ നിരീക്ഷക സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിൻമാറും എന്ന രഹസ്യവിവരം പോലും മനോജ് പ്രസാദിന് അറിയാമായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. മുഖ്യ വിജിലൻസ് കമ്മീഷണർ കെ.വി ചൗധരി ഒരു ബന്ധുവിനെ രക്ഷിക്കാൻ സതീഷ് സനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

കേന്ദ്ര നിയമ സെക്രട്ടറി സുരേഷ് ചന്ദ്ര, രാകേഷ് അസ്താന അലോക് വർമ്മയെക്കുറിച്ച് നല്കിയ പരാതിയെ പിന്തുണയ്ക്കണമെന്ന് സതീഷ് സനയോട് ആവശ്യപ്പെട്ടു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി പികെ സിൻഹയുടെ നിർദ്ദേശമനുസരിച്ചാണ് സംസാരിക്കുന്നതെന്ന് നിയമ സെക്രട്ടറി സനയോട് പറഞ്ഞതായും വെളിപ്പെടുത്തലിലുണ്ട്.  അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയ കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ. സിവിസി റിപ്പോർട്ടിന് മറുപടി നല്കാൻ അലോക് വർമ്മയ്ക്ക് ഇന്ന് നാല് മണി വരെ കോടതി സമയം നല്കി.
 

click me!