മംഗലാപുരം വിമാന ദുരന്തം നടന്നിട്ട് ഏഴു വർഷം; ഇന്നും ദുരിതത്തില്‍ ഇരകള്‍

By Web DeskFirst Published May 22, 2017, 8:21 AM IST
Highlights

കാസര്‍കോഡ്: മംഗലാപുരം വിമാന ദുരന്തം നടന്നിട്ട് ഏഴു വർഷം പിന്നിട്ടു. 2010 മെയ് 22 ന് നടന്ന ദുരന്തത്തിൽ 58 മലയാളികളടക്കം 158 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഗൾഫ് നാടുകളിൽ ജീവിതമാർഗം തേടിപോയവരായിരുന്നു മരിച്ചവരിൽ അധിക പേരും

കാസർഗോഡ് കടപ്പുറം സ്വദേശി രാജേന്ദ്രൻ മനസ് തുറന്ന് ചിരിച്ചിട്ട് ഏഴ് വർഷമായി. നീണ്ടകാലം മണലാരണ്യത്തിൽ ഒരുമിച്ച് ജോലിചെയ്തും സ്വന്തം സഹോദരിയെ വിവാഹം കഴിച്ചും കൂടപ്പിറപ്പിനോളം അടുത്ത സോമൻ നാരയണൻ അന്നാണ് ഓർമയായത്. മംഗളൂരു വിമാനതാവളത്തിൽ ലക്ഷ്യം പിഴച്ച് പറന്നിറങ്ങിയ എയർ ഇന്ത്യാ വിമാനം കൊണ്ടുപോയ 158 പേരിൽ ഒരാളാണ് സോമൻ. ഇന്നും ആ നടുക്കുന്ന ഓർമയിലാണ് ഈ കുടുംബം. ഭർത്താവിന്റെ ദാരുണാന്ത്യത്തെ ഓർമിക്കുവാൻ പോലു വയ്യാതെ ഭാര്യ സുജാത നിറക്കണ്ണുകളുമായി വീടിനകത്തേക്ക് ഒഴിഞ്ഞ് മാറി.

അന്ന് രാവിലെ 6.20 ന് മംഗാലാപുരം വിമാനതാവളത്തിൽ ഇറങ്ങിയവിമാനം ഉയരത്തിലുള്ള റണവേയിൽ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. പിന്നീട് തീപിടിച്ച് പൊട്ടിത്തെറിച്ചു. സെർബിയക്കാരനായ പൈലറ്റ് സെഡ് ഗ്ലൂസിക്കയുടെ അശ്രദ്ധയാണ് പിന്നീട് അപകടകാരണമായി കണ്ടെത്തിയത്. 

103 പുരുഷൻമാരും 32 സ്ത്രീകളും 23 കുട്ടികളുമാണ് എയർ ഇന്ത്യാ എക്സ്പ്രസ് 812 വിമാനത്തിനൊപ്പം കത്തിയെരിഞ്ഞത്. 58 പേരും മലയാളികളായിരുന്നു. അതികവും ജീവിതവൃത്തി തേടി കടൽ കടന്നവർ. കാസർകോട് സ്വദേശി കൃഷ്ണനും കണ്ണൂർ സ്വദേശി മായിൻകുട്ടിയും ഉൾപ്പടെ എട്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ രണ്ട് മലയാളികളും പിന്നീട് തൊഴിൽ തേടി ഗൾഫിൽതന്നെ എത്തി.  

click me!