അന്ന് കെട്ടിവച്ച കാശ് പോയി, ഇന്ന് അധികാരത്തിലേക്ക്; ബിജെപിയുടെ വിജയവഴി

By Web DeskFirst Published Mar 3, 2018, 11:36 AM IST
Highlights
  • അന്ന് കെട്ടവച്ച കാശ് പോയിടത്ത് ഇന്ന് അധികാരത്തിലേക്ക്; ബിജെപിയുടെ വിജയവഴി

പരമ്പരാഗത ഹിന്ദി ശക്തികേന്ദ്രങ്ങൾക്ക് പുറമെ മറ്റ് മേഖലകളിലും സ്വാധീനം ഉറപ്പിക്കാനുള്ള ബിജെപി ലക്ഷ്യത്തിലെ പ്രധാന ഉന്നമായിരുന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ തന്നെ വലിയ പദ്ധതിയാണ് ഇതിന് വേണ്ടി തയ്യാറാക്കിയത്. ദേശീയ ജനറൽ സെക്രട്ടറി റാം മാധവായിരുന്നു പ്രധാന ചുമതലക്കാരൻ. അസം, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറാം, മണിപ്പൂർ, നാഗാലാന്റ്, ത്രിപുര, സിക്കിം എന്നിവയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്ന് ഒന്നായി അറിയപ്പെടുന്നത്. 

ഇതിൽ  അസം, മണിപ്പൂർ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ കഴിഞ്ഞത് ബിജെപിക്ക് വലിയ ആത്മവിശ്വാസവും നൽകിയിരുന്നു.  ത്രിപുര, നാഗാലാന്റ്, മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിനും വലിയ പ്ലാൻ തന്നെ ബിജെപി തയ്യാറാക്കി. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുത്തത് ത്രിപുരയ്ക്ക് തന്നെയായിരുന്നു. 2013നിയമസഭ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ 50 സീറ്റുകളിൽ മത്സരിച്ച ബിജെപിക്ക് 49 ഇടത്തും കെട്ടിവച്ച കാശ് പോയിരുന്നു. കിട്ടിയത് ആകെ 1.54 ശതമാനം വോട്ടും. ഈ കണക്ക് മുന്നിൽ വച്ചുകൊണ്ടാണ് സിപിഎമ്മിന്റെ ശക്തികേന്ദ്രം പിടിക്കാൻ ബിജെപി പ്ലാൻ തയ്യാറാക്കിയത്. ശക്തമായ പ്രതിപക്ഷമാകാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്താനാണ് ബിജെപി ശ്രമിച്ചത്.

ആർഎസ്എസിന്റെ ശക്തമായ കേഡർ സംവിധാനത്തിന്റെ സഹായത്തോടെ ത്രിപുരയിൽ പാർട്ടി ഘടകങ്ങൾ വളരെ വേഗത്തിൽ രൂപപ്പെടുത്താൻ ബിജെപിക്ക് കഴിഞ്ഞു. അസംതൃപ്തരായി കഴിഞ്ഞിരുന്ന കോൺഗ്രസ് നേതാക്കളെ അണികൾക്കൊപ്പം വൻതോതിൽ പാർട്ടിയിലേക്ക് കൊണ്ടുവന്നു.  വോട്ടർമാരുടെ മനസ്സ് അറിയാൻ  എല്ലാ മണ്ഡലത്തിലും വിപുലമായ സർവെ നടത്തി. 15 ശതമാനത്തോളം നിഷ്പക്ഷ വോട്ടുകൾ എല്ലാ മണ്ഡലങ്ങളിലും ഉണ്ടെന്ന കണ്ടെത്തലായിരുന്നു ഇതിൽ പ്രധാനം. പന്ന പ്രമുഖ്, ബൂത്ത് ലെവൽ കമ്മിറ്റികൾ, ശക്തി കേന്ദ്രങ്ങൾ, വിവിധ മോർച്ചകൾ, ജില്ലാ കമ്മിറ്റി എന്നിങ്ങനെ തിരിച്ച് വിവിധ തലത്തിൽ പാർട്ടി ഘടങ്ങൾ സജ്ജീകരിച്ചു. 

ഓരോ വീടും കയറി പ്രവർത്തിക്കുന്ന താഴത്തെ ഘടകങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിവിധ ഘടകങ്ങളിലൂടെ സംസ്ഥാനതലത്തിൽ എത്തുന്ന തരത്തിലാണ് ക്രോഡീകരണം നടന്നത്. താഴത്തെ ഘടകമായ പന്ന പ്രമുഖർ തങ്ങളുടെ നിരീക്ഷണങ്ങൾ ബൂത്ത് കമ്മിറ്റിയെ അറിയിക്കും, ബൂത്ത് കമ്മിറ്റി ശക്തി കേന്ദ്രങ്ങൾക്കും , ശക്തി കേന്ദ്രങ്ങൾ വിവര മണ്ഡലങ്ങൾക്കുമാണ് അഭിപ്രായങ്ങൾ കൈമാറിയത്. ഇതാണ് ഒടുവിൽ സംസ്ഥാന ഘടകത്തിലെത്തുന്നത്. ഇതിനെല്ലാം പിന്നിൽ വലിയൊരു സംഘം തന്നെ പ്രവർത്തിച്ചുവെന്നാണ് റിപ്പോർട്ടുകൾ. രാവിലെ ആറു മുതൽ രാത്രി 11 വരെ എണ്ണയിട്ട യന്ത്രം പോലെ സംവിധാനങ്ങൾ പ്രവർത്തിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ വിശദീകരിക്കുന്നത്.

തെര‍ഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സംസ്ഥാന സർക്കാരിനെതിരായ പ്രചാരണം ബിജെപി ശക്തമാക്കി. 1993 മുതൽ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷത്തിന് സംസ്ഥാനത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിഞ്ഞില്ലെന്നതായിരുന്നു പ്രധാന പ്രചാരണ വിഷയം.  കുടിവെള്ളം , അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം എന്നിവയെല്ലാം വലിയ തോതിൽ ചർച്ചയാക്കി. സിപിഎം സംസ്ഥാനത്ത് നടത്തുന്നത് കേഡർ രാജാണെന്ന പ്രചാരണവും അഴിച്ചുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷൻ അമിത് ഷായും തന്നെ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി. ജനസംഖ്യയിലെ പ്രബല വിഭാഗമായ ആദിവാസികളെ പാടെ അവഗണിച്ചെന്ന പ്രചാരണവും ശക്തമാക്കി. ആദിവാസി വികാരത്തെ ഒപ്പം നിർത്താൻ ഐപിഎഫ്റ്റിയെ സഖ്യകക്ഷിയാക്കി.

കേന്ദ്രസർവകലാശാലകളിലും ഐഐടികളിലും ഐഐഎമ്മിലും ഒക്കെ പഠിക്കുന്ന വിദ്യാ‍ർത്ഥികളെ സംസ്ഥാനത്ത് എത്തിച്ച് പ്രചാരണം നടത്തുകയെന്ന തന്ത്രവും ബിജെപി നടത്തി. ഇതിന് പുറമെ സോഷ്യൽ മീഡിയെയും ശക്തമായി ഉപയോഗിച്ചു. സംസ്ഥാനത്ത് അധികാരത്തിലെത്തിയാലും ഇല്ലെങ്കിലും വിപുലമായ ആസുത്രണത്തോടെ നടപ്പിലാക്കിയ പദ്ധതി വിജയത്തിലെത്തിയെന്ന് തന്നെ പറയാം. കാരണം 2013ലെ കെട്ടിവച്ച കാശ് പോയ 49 സീറ്റുകളിൽ നിന്നാണ് ഈ വളർച്ച.

click me!