പിണക്കം തുടരുന്നു; ബിജെപി പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന് വരുണ്‍ ഗാന്ധി

By Web DeskFirst Published Feb 23, 2017, 3:57 PM IST
Highlights

ലക്നോ: ഉത്തര്‍പ്രദേശില്‍ അടുത്ത ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ സ്വന്തം ലോക്‌സഭാ മണ്ഡലത്തിലെ സീറ്റുകളില്‍ പോലും പ്രചാരണത്തിനെത്താതെ ബി.ജെ.പി എംപി വരുണ്‍ ഗാന്ധി. വിവാദ വിഷയങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രതികരണങ്ങള്‍ നടത്തുന്നതിനൊപ്പമാണ് വരുണ്‍ പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ഭാവി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വരെ ബി.ജെ.പി കണ്ട നേതാവായിരുന്നു ഒരുകാലത്ത് വരുണ്‍ ഗാന്ധി. എന്നാല്‍ യു.പി തിരിച്ചു പിടിക്കാനായി ബി.ജെ.പി പഠിച്ച പണി പതിനെട്ടും പയറ്റുന്ന ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കായി വോട്ടു ചോദിക്കാന്‍ ഈ യുവനേതാവില്ല.വരുണ്‍ പ്രതിനിധാനം ചെയ്യുന്ന സുല്‍ത്താന്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അഞ്ചു സീറ്റിലും 27 നാണ് വോട്ടെടുപ്പ്. പക്ഷേ ഇവിടെ ഇതുവരെ പ്രചാരണത്തിന് വരുണ്‍ ഗാന്ധിയെത്തിയില്ല. ബി.ജെ.പി അധ്യക്ഷന്‍  പ്രചാരണത്തിനെത്തിയിട്ടും വരുണ്‍ ഗാന്ധി അവിടെയെത്തിയില്ല.

അമിത് ഷായുടെ അതൃപ്തിക്ക് പാത്രമായതോടൊണ് ബി.ജെ.പിക്കുള്ളില്‍ വരുണിന്റെ നില പരുങ്ങലിലായത്. താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് ആദ്യം വരുണിനെ ബി.ജെ.പി വെട്ടി. പിന്നെ ചേര്‍ത്തു.പക്ഷേ വരുണ്‍ വോട്ടു പിടിക്കാനിറങ്ങിയില്ല.അതേസമയം യു.പി ഒഴികെ മറ്റു പലയിടത്തും യോഗങ്ങളിലെത്തി വരുണ്‍ ഗാന്ധി സംസാരിക്കുന്നു.രോഹിത് വെമുല,വിജയ് മല്യ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു.

വെമുലയുടെ ആത്മഹത്യക്കുറിപ്പ് വായിച്ചപ്പോള്‍ കരഞ്ഞു പോയി,രാജ്യം വിട്ട മല്യക്കെതിരെ ഒന്നും ചെയ്യുന്നില്ല തുടങ്ങിയ പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസം വരുണ്‍ ഗാന്ധി മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1.8 ലക്ഷം വോട്ടിനാണ് വരുണ്‍ ഗാന്ധി സുല്‍ത്താന്‍പൂരില്‍ ജയിച്ചത്.

click me!