അസുഖ ബാധിതയായ സഹപ്രവര്‍ത്തക ജോലിക്കിടെ മരിച്ചു; കലാപം അഴിച്ചുവിട്ട് 400 പൊലീസ് ട്രെയിനികള്‍

By Web TeamFirst Published Nov 3, 2018, 5:44 PM IST
Highlights

ബീഹാറില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ട്രെയിനി പൊലീസുകാരുടെ കലാപം. ഏതാണ്ട് 400 -ഓളം ട്രെയിനി പൊലീസുകാരാണ് കലാപം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഹപ്രവര്‍ത്തകയുടെ മരണത്തെ തുടര്‍ന്നാണ് ട്രെയിനികള്‍ കലാപത്തിന് തുടക്കമിട്ടത്. 

പട്ന: ബീഹാറില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ട്രെയിനി പൊലീസുകാരുടെ കലാപം. ഏതാണ്ട് 400 -ഓളം ട്രെയിനി പൊലീസുകാരാണ് കലാപം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഹപ്രവര്‍ത്തകയുടെ മരണത്തെ തുടര്‍ന്നാണ് ട്രെയിനികള്‍ കലാപത്തിന് തുടക്കമിട്ടത്. കലാപത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കലാപമുണ്ടാക്കിയവരില്‍ ഭൂരിപക്ഷവും വനിതാ ട്രെയിനികളാണെന്നും റിപ്പോര്‍ട്ടുണ്ട്. 

സവിതാ പഥക് (22) എന്ന ട്രെയിനി വനിതാ കോണ്‍സ്റ്റബിള്‍ ഡെങ്കി പനി ബാധയെ തുടര്‍ന്ന് അവധിക്ക് അപേക്ഷിച്ചിരുന്നു എന്നാല്‍ ഡിഎസ്പി മൊഹമ്മദ് മഷ്‌ലുദ്ദീന്‍ ഇവര്‍ക്ക് അവധി നല്‍കാന്‍ തയ്യാറായിരുന്നില്ല. മാത്രമല്ല സവിധയെ കാര്‍ഗില്‍ ചൗക്കില്‍ ട്രാഫിക്ക് ഡ്യൂട്ടിക്ക് നിയോഗിച്ചു. ബുധനാഴ്ച തീര്‍ത്തും അവശയായ സവിധയെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ മരിച്ചു. ഇതേ തുടര്‍ന്നാണ് കലാപം ആരംഭിച്ചത്. 

കലാപത്തില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് മര്‍ദ്ദനമേറ്റു. ഡിഎസ്പി മൊഹമ്മദ് മഷ്‌ലുദ്ദീന്‍, റൂറല്‍ എസ്പി, പട്ന സിറ്റി എസ്പി, നിരവധി ഡിഎസ്പിമാര്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. കലാപകാരികള്‍ ആദ്യം നഗരത്തിലേക്കിറങ്ങി കണ്ണില്‍ കണ്ട വാഹനങ്ങള്‍ തകര്‍ക്കുകയായിരുന്നു. എന്നാല്‍ ജനങ്ങള്‍ കലാപകാരികള്‍ക്കെതിരെ കല്ലെറിയാന്‍ തുടങ്ങിയതോടെ ഇവര്‍ പൊലീസ് ആസ്ഥാനത്തേക്ക് മടങ്ങി. 

തുടര്‍ന്നാണ് പൊലീസ് ആസ്ഥാനത്ത് ഇവര്‍ അക്രമം അഴിച്ച് വിട്ടത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ തുടങ്ങിയതോടെ ഉദ്യോഗസ്ഥരുടെ അംഗരക്ഷകര്‍ ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് ആസ്ഥാനത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കലാപകാരികള്‍ തകര്‍ത്തു. 

ഡിഎസ്പി മൊഹമ്മദ് മഷ്‌ലുദ്ദീന്‍, അദ്ദേഹത്തിന്‍റെ അമ്മ, ഭാര്യ, 20 വയസുകാരി മകള്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. മൊഹമ്മദ് മഷ്‌ലുദ്ദീനെ അന്വേഷിച്ച് വീട്ടിലെത്തിയ കലാപകാരികള്‍ വീട്ടിലുള്ളവരെയും അക്രമിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍, ഡിജിപി കെ എസ് ദ്വിവേധിയോട് ആവശ്യപ്പെട്ടു. 
 

click me!