
ദുബായ്: കൊറോണ വൈറസ് കാരണമായുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി കാരണം അറബ് രാജ്യങ്ങളില്‍ 17 ലക്ഷത്തിലധികം പേര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥകളെ അപകടകരമാം വിധം ബാധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് വ്യാപക തൊഴില്‍ നഷ്ടങ്ങളിലേക്ക് വഴിതെളിക്കുമെന്നുമാണ് യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്റ്റ് ഏഷ്യ (ഇ.എസ്.സി.ഡബ്ല്യൂ.എ) പുറത്തിറക്കിയ നയരേഖയിലുള്ളത്. മേഖലയിലെ തൊഴിലില്ലായ്മ 1.2 ശതമാനം കൂടി വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് കോവിഡ് 19 പടര്‍ന്നുപിടിക്കുമ്പോള്‍ അതിര്‍ത്തികള്‍ അടച്ചിടുകയും പൊതുസ്ഥലങ്ങളില്‍ പ്രവേശനം നിഷേധിക്കുകയും ജീവനക്കാരെ വീടുകളിലേക്ക് അയക്കുകയുമല്ലാതെ സര്‍ക്കാറുകളുടെയും മറ്റ് അധികൃതരുടെയും മുന്നില്‍ മറ്റ് വഴികളില്ല. ലോക സമ്പദ് വ്യവസ്ഥയ്ക്ക് ഇത്തരമൊരു സാഹചര്യം ഇതിന് മുമ്പ് നേരിടേണ്ടിവന്നിട്ടില്ല. അതുകൊണ്ടുതന്നെ സാഹചര്യം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നത്. അതിന്റെ ആഘാതം എത്രയാണെന്ന് ഇനിയും കണക്കാക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ക്കായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഒരു ആഗോള ആരോഗ്യ ഭീഷണിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്നുകാണുന്ന ലോകത്തെ തന്നെ അത് മാറ്റിമറിച്ചേക്കാം. ജനങ്ങളുടെ ജീവിതത്തിലും കുടുംബങ്ങളിലും കുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യ സംവിധാനങ്ങളിലും ലോകത്തില്‍ ആകമാനവും അതുകൊണ്ടുണ്ടാകുന്ന ആഘാതം ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നുവെന്നാണ് ഇ.എസ്.സി.ഡബ്ല്യൂ.എ എക്സിക്യൂട്ടീവ് സെക്രട്ടറി റോല ദഷ്ടി അഭിപ്രായപ്പെട്ടത്. എന്നാല്‍ സാമ്പത്തിക നഷ്ടം കണക്കാക്കുകയും അതിനെ നേരിടാനുള്ള വഴികള്‍ കണ്ടെത്തുകയും വേണമെന്നും അവര്‍ പറഞ്ഞു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് വിരുദ്ധമായി എല്ലാ രംഗങ്ങളിലെയും തൊഴിലിനെ ഇപ്പോഴത്തെ ആഘാതം ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചില്ലറ വ്യാപാരം, വിദ്യാഭ്യാസം, സാമൂഹിക സേവനരംഗം, കമ്മ്യൂണിക്കേഷന്‍ എന്നിങ്ങനെയുള്ള മേഖലകളെയായിരിക്കും ഏറ്റവുമധികം ബാധിക്കുക. സേവന മേഖലകളില്‍ ഇപ്പോഴുള്ള പ്രവര്‍ത്തനത്തിന്റെ പകുതിയിലേക്ക് ചുരുങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അറബ് രാജ്യങ്ങളുടെ ജിഡിപിയില്‍ 42 ബില്യന്‍ ഡോളറിന്റെയെങ്കിലും കുറവ് 2020ല്‍ ഉണ്ടാകും. എണ്ണവിലയിടിവും പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ മാര്‍ച്ച് പകുതി മുതല്‍ വ്യാപകമായി അടച്ചിടേണ്ടി വരുന്നതിന്റെ ആഘാതവും കൂടി കണക്കാക്കുമ്പോള്‍ ജിഡിപിയിലെ ഇടിവ് ഇനിയും കൂടാന്‍ സാധ്യതയുമുണ്ട്. വ്യാപകമായ ഈ അടച്ചിടല്‍ എത്ര കാലം നീളുന്നോ മേഖലയുടെ സാമ്പത്തിക രംഗത്ത് അത്രയും ആഘാതം കൂടും.
എണ്ണവിലയിലും കൊറോണ വൈറസ് വ്യാപനം വലിയ ആഘാതമേല്‍പ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ സൌദി അറേബ്യയും റഷ്യയും തമ്മില്‍ എണ്ണവിലയെച്ചൊല്ലിയുള്ള തര്‍ക്കവും കാരണം ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ മേഖലയുടെ എണ്ണ വരുമാനത്തില്‍ 11 ബില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. വ്യാപാരത്തില്‍ മുമ്പില്ലാത്ത വിധമുണ്ടായ നിശ്ചലാവസ്ഥയും ആഗോള ചരക്കുഗതാഗത പ്രശ്നങ്ങളും കാരണം ഈ നഷ്ടം കൂടുതല്‍ വര്‍ദ്ധിക്കാനാണ് സാധ്യത. വരുന്ന ആഴ്ചകളില്‍ എണ്ണവില ഇനിയും താഴേക്ക് പോകുമെന്നാണ് വിലയിരുത്തപ്പെടുന്നതും. സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാന്‍ സൂക്ഷ്മതലം മുതലുള്ള ഫലപ്രദമായ ഇടപെടലുകള്‍ വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ