തമോഗര്‍ത്തത്തിന്‍റെ ആദ്യ ചിത്രം: പിന്നില്‍ ഈ വനിത

By Web TeamFirst Published Apr 11, 2019, 4:12 PM IST
Highlights

ഇരുണ്ട മദ്ധ്യഭാഗത്തിന് ചുറ്റും ഓറഞ്ച് നിറത്തിലുള്ള പ്ലാസ്മ വലയം ചെയ്ത നിലയിലാണ് ചിത്രം ഇവര്‍ക്ക് ചിത്രം ലഭിച്ചത്. പതിനെട്ടാം നൂറ്റാണ്ട് മുതൽ ശാസ്ത്രജ്ഞർ തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു തമോഗർത്തത്തിന്‍റെ ചിത്രം എടുക്കുന്നത്.

ലണ്ടന്‍: തമോഗര്‍ത്തത്തിന്‍റെ ചിത്രം മനുഷ്യന്‍ ഭാവനകള്‍ക്ക് അപ്പുറം കണ്‍മുന്നില്‍ എത്തിയിട്ട് മണിക്കൂറുകള്‍ മാത്രമാണ് ആയത്. ബഹിരാകാശ രംഗത്തെ ഈ അത്യപൂര്‍വ്വ ദൃശ്യം സാധ്യമാക്കിയത് ഒരു 29 കാരിയുടെ മികവാണ്. കെയ്റ്റി ബോമാന്‍ എന്നാണ് ഇവരുടെ പേര്. ചിത്രം രൂപപ്പെടുത്താന്‍ സഹായിച്ച കമ്പ്യൂട്ടര്‍ അല്‍ഗോരിതം ഡിസൈന്‍ ചെയ്തത് ഇവരാണ്. തന്‍റെ കമ്പ്യൂട്ടറില്‍ ആദ്യത്തെ തമോഗര്‍ത്തത്തിന്‍റെ ചിത്രം കണ്ട് അത്ഭുതപ്പെടുന്ന ചിത്രം ഇവര്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. 

മൂന്ന് കൊല്ലത്തെ പ്രവര്‍ത്തനമാണ് ഈ ചിത്രം സാധ്യമാക്കാനുള്ള അല്‍ഗോരിതം തയ്യാറാക്കാന്‍ വേണ്ടിവന്നത്. ഈ പദ്ധതിയില്‍ ചേരുന്ന കാലത്ത് അമേരിക്കയിലെ മാസ്യൂചാസെറ്റ്സ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു കെയ്റ്റി. പിന്നീട് ആ പ്രോജ്ടിന്‍റെ നേതൃസ്ഥാനത്തേക്ക് ഇവര്‍ വന്നു. എംഐടി കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍റ് എഐ ലാബും, ഹവാര്‍ഡ്-സ്മിത്ത്സോണിയന്‍ സെന്‍റര്‍ ഓഫ് ആസ്ട്രോഫിസിക്സ്, എംഐടി ഹൈസ്റ്റാക്ക് ഓബ്സര്‍വേറ്ററി എന്നിവരായിരുന്നു പദ്ധതിയിലെ പങ്കാളികള്‍.

ഇരുണ്ട മദ്ധ്യഭാഗത്തിന് ചുറ്റും ഓറഞ്ച് നിറത്തിലുള്ള പ്ലാസ്മ വലയം ചെയ്ത നിലയിലാണ് ചിത്രം ഇവര്‍ക്ക് ചിത്രം ലഭിച്ചത്. പതിനെട്ടാം നൂറ്റാണ്ട് മുതൽ ശാസ്ത്രജ്ഞർ തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു തമോഗർത്തത്തിന്‍റെ ചിത്രം എടുക്കുന്നത്. ലോകത്തിന്‍റെ വിവിധ കോണുകളിലായി സ്ഥാപിച്ച എട്ട് ദൂരദർശിനികളുടെ സഹായത്തോടെയാണ് തമോഗർത്തിന്‍റെ ചിത്രം എടുത്തത്. ഈ ദൂരദര്‍ശിനി സമുച്ചയത്തെ ഈവന്‍റ്  ഹോറിസോണ്‍ ടെലസ്കോപ്പ് എന്നാണ് പറയുന്നത്.

വളരെ ഉയര്‍ന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗര്‍ത്തങ്ങളായി മാറുന്നത്. ഇവയ്ക്ക് പ്രകാശിക്കാൻ സാധിക്കില്ല. ഇത് ബഹിരാകാശത്തിലെ വലിയൊരു ചുഴിയാണ്. ഇതിന്റെ പരിധിയിൽ എത്തുന്ന എല്ലാ വസ്തുക്കളെയും തമോ​ഗർത്തം വലിച്ചെടുക്കും. ഇവയുടെ സ്വാധീന മേഖലയ്ക്ക് പുറത്താണെങ്കിൽ വസ്തുക്കൾക്ക് ഭീഷണിയില്ല. തമോ​ഗർത്തങ്ങളുടെ സ്വാധീന പരിധിയെ ഇവന്റ് ഹൊറൈസന്‍ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്.

എം87 എന്നു പേരായ ഗാലക്സിയിൽ സ്ഥിതി ചെയ്യുന്ന തമോ​ഗ‍ർത്തത്തിന്റെ ചിത്രമാണ് ഇപ്പോൾ പകർത്തിയത്. ഭൂമിയിൽ നിന്നും 500 മില്യൺ ട്രില്യൺ കിലോമീറ്ററുകൾക്കകലെയുള്ളതാണ് ഈ തമോ​ഗ‍ർത്തം. ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിലാണ് ഈ ​ഗവേഷണ വിജയത്തെ കുറിച്ചുള്ള റിപ്പോ‍ർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

സൗരയൂഥത്തേക്കാൾ വലിപ്പമുള്ളതാണ് ഈ തമോ​ഗർത്തമെന്ന് ​ഗവേഷകർ പറയുന്നു. സൂര്യനെക്കാൾ 6.5 ബില്യൺ മടങ്ങ് അധികമാണ് ഈ തമോ​ഗർത്തത്തിന്റെ പിണ്ഡം. മറ്റൊരർത്ഥത്തിൽ പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തിയ തമോ​ഗർത്തങ്ങളിൽ വച്ച് ഏറ്റവും വലിപ്പമേറിയതാണിത്. ബഹിരാകാശ പര്യവേഷണ രം​ഗത്ത് നാഴികക്കല്ലാണ് ഈ നേട്ടം. ഭൂമിയിൽ പല സ്ഥലങ്ങളിലായി സ്ഥാപിച്ച എട്ട് ടെലസ്കോപ്പുകളുടെ സഹായത്തോടെയാണ് ചിത്രം പക‌‍‍ർത്തിയത്.

click me!