മനുഷ്യരെ വഹിച്ചുള്ള സ്പേസ് എക്സിന്‍റെ ചരിത്രദൗത്യത്തിന് ഇനി നിമിഷങ്ങൾ, കൗണ്ട്ഡൗൺ

By Web TeamFirst Published May 31, 2020, 12:17 AM IST
Highlights

ഇന്ത്യൻ സമയം മെയ് 31 പുലർച്ചെ 1.52-നാണ് മനുഷ്യരെ വഹിച്ചുള്ള നാസയുടെ സ്വകാര്യ ബഹിരാകാശദൗത്യം ബഹിരാകാശത്തേക്ക് കുതിച്ചുയരുക. കാലാവസ്ഥ അനുകൂലമല്ലെന്ന മുന്നറിയിപ്പുണ്ടെങ്കിലും കാത്തിരിക്കുന്നു, ശാസ്ത്രലോകം.

വാഷിംഗ്ടൺ: രണ്ട് നാസ ശാസ്ത്രജ്ഞരെയും വഹിച്ചുകൊണ്ടുള്ള നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്പേസ് എക്സിന്‍റെ കൗണ്ട് ഡൗൺ തുടങ്ങി. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് രണ്ട് ശാസ്ത്രജ്ഞരെയും വഹിച്ചുകൊണ്ട് കുതിച്ചുയരാനൊരുങ്ങുന്ന സ്പേസ് എക്സ്, മനുഷ്യരെ വഹിച്ചുള്ള നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യമാണ്. നേരത്തേ ഒരു തവണ ഈ ദൗത്യം കാലാവസ്ഥ വെല്ലുവിളിയായതിനാൽ മാറ്റി വച്ചിരുന്നു. സമാനമായ കാലാവസ്ഥാ സാഹചര്യങ്ങൾ ഇപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്നുവെങ്കിലും ചരിത്രദൗത്യത്തിന്‍റെ പടിവാതിലിലെത്തി നിൽക്കുകയാണ് നാസ.

അമേരിക്കൻ സമയം ഉച്ച തിരിഞ്ഞ് 3.22-നാണ് (ഇന്ത്യൻ സമയം മാർച്ച് 31, 1.52) നാണ് സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് പറന്നുയരുക. നാസയിലെ മുതിർന്ന ശാസ്ത്രജ്ഞരായ റോബർട്ട് ബെഹ്ൻകെനും, ഡൗഗ്ലസ് ഹർലിയുമാണ് 'ഡ്രാഗൺ കാപ്സ്യൂൾ' എന്ന ഈ റോക്കറ്റിലെ മനുഷ്യർക്കിരിക്കാനുള്ള ഇടത്തിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് കുതിച്ചുയരാനൊരുങ്ങുന്നത്.

നിലവിൽ കാലാവസ്ഥ പ്രതികൂലമാണെങ്കിലും ''വിക്ഷേപണവുമായി മുന്നോട്ടുപോകാനാണ് ഞങ്ങളുടെ തീരുമാനം'', എന്ന് സ്പേസ് എക്സ് തലവൻ ഇലോൺ മസ്ക് പ്രഖ്യാപിച്ചിരുന്നു. കാലിഫോർണിയ ആസ്ഥാനമായ മസ്കിന്‍റെ കമ്പനിയാണ് ലോകചരിത്രത്തിലാദ്യമായി, രണ്ട് ശാസ്ത്രജ്ഞരെ ബഹിരാകാശത്തേക്ക് അയക്കുന്ന സ്വകാര്യസ്ഥാപനം. അതുകൊണ്ടുതന്നെ ഇലോൺ മസ്ക് എന്ന പേര് ഇന്ന് വിശ്വവിഖ്യാതമാണ്. ബഹിരാകാശത്ത് ഒരു കോളനിയെന്ന, ഇന്നത്തെ കാലത്ത് ''ഭ്രാന്തൻ സ്വപ്നമായി'' തോന്നിയേക്കാവുന്ന പ്രഖ്യാപനങ്ങൾക്കും ആഹ്വാനങ്ങൾക്കും വിശ്വസനീയത നൽകുന്നിടത്തോളം പ്രശസ്തി നേടുന്നു ഇലോൺ മസ്ക്. 

''ഡെമോ 2'' എന്ന ഈ ദൗത്യം വിജയമായാൽ മനുഷ്യരെ വഹിച്ച്, സ്ഥിരമായി ബഹിരാകാശത്തേക്ക് പോകുന്നതിന് നാസ മസ്കിന്‍റെ സ്പേസ് എക്സിനെ അംഗീകരിക്കും. 49-കാരനായ ബെഹ്ൻകെനും 53-കാരനായ ഹർലിയും മുൻ യുഎസ് വായുസേനാ ടെസ്റ്റ് പൈലറ്റുമാരായിരുന്നു. ഇരുവരും നാസയിലെത്തുന്നത് 2000-ത്തിലാണ്. കെന്നഡി സ്പേസ് സെന്‍ററിന്‍റെ 39-എ ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയരുന്ന ആ ശാസ്ത്രസ്വപ്നത്തിനായി കാത്തിരിക്കുകയാണ് ലോകം. നീൽ ആംസ്ട്രോങ് അപ്പോളോ 11 എന്ന ചന്ദ്രനിലേക്കുള്ള 1969-ലെ ചരിത്രദൗത്യത്തിന് പുറപ്പെട്ടത് ഇവിടെ നിന്നാണ്. കാത്തിരിക്കാം, അതുപോലൊരു ചരിത്രത്തിനായി.

തത്സമയസംപ്രേഷണം:

click me!