'പൂട്ടിയ കാള' മുതൽ 'കുറ്റിച്ചൂൽ' വരെ; ഇന്ത്യൻ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ ചരിത്രം

By Web TeamFirst Published Mar 22, 2019, 2:42 PM IST
Highlights

"ആയിരം വാക്യങ്ങളെക്കാൾ വിലയുണ്ട്  ഒരു ചിത്രത്തിന്..." എന്നാണല്ലോ. ഇന്ത്യയിലെ അന്നത്തെ സാക്ഷരതാ നിരക്ക് 18.3 ശതമാനമാണ്. അതുകൊണ്ടുതന്നെ ബാലറ്റുപേപ്പറിൽ സ്ഥാനാർത്ഥികളുടെ പേരു മാത്രം വെച്ചാൽ  ഭൂരിഭാഗം പേർക്കും ആർക്കു വോട്ടു ചെയ്യണമെന്ന്  മനസ്സിലാവുക പോലുമില്ല. 

1937-ലാണ് തെരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യൻ മണ്ണിലേക്ക് ആദ്യമായി കടന്നു വരുന്നത്. 1935 -ൽ നിലവിൽ വന്ന ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം, അവിഭജിത ഇന്ത്യയിലെ 11  പ്രൊവിൻസുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. കരം അടച്ച് ഭൂമി കൈവശം വെച്ചിരിക്കുന്ന ചുരുക്കം  ചിലർക്ക് മാത്രമേ വോട്ടവകാശം സിദ്ധിച്ചിരുന്നുള്ളൂ. ഏകദേശം മൂന്നുകോടിയോളം പേർക്കു മാത്രം. അന്നത്തെ തെരഞ്ഞെടുപ്പിൽ, കോൺഗ്രസിന് മഞ്ഞപ്പെട്ടി, ജിന്നയുടെ മുസ്‌ലിം ലീഗിന് പച്ചപ്പെട്ടി എന്നിങ്ങനെ, ഓരോ പാർട്ടിക്കും ഓരോ നിറത്തിലുള്ള ബാലറ്റുപെട്ടികൾ അനുവദിക്കപ്പെട്ടിരുന്നു. പെട്ടികളിൽ ഓരോന്നിലും വീഴുന്ന വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി വിജയികളെ നിശ്ചയിച്ചു. ആദ്യത്തെ പ്രൊവിൻഷ്യൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ് വിജയിച്ചത്. അതാത് പ്രവിശ്യകളിൽ അവർ ഭരണത്തിൽ വരികയും ചെയ്തു. 

ചിഹ്നങ്ങളുടെ രംഗപ്രവേശം 

പിന്നെ ഇന്ത്യ ഒരു തെരഞ്ഞെടുപ്പ് കാണുന്നത് 1952 -ൽ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമാണ്.  അപ്പോഴേക്കും സുകുമാർ സെന്നിന്റെ കാർമികത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നുകഴിഞ്ഞിരുന്നു. വോട്ടിങ്ങ് ബാലറ്റിലേക്ക് മാറിയിരുന്നു.  'ആയിരം വാക്യങ്ങളെക്കാൾ വിലയുണ്ട്  ഒരു ചിത്രത്തിന്..' എന്നാണല്ലോ. അന്നത്തെ സാക്ഷരതാ നിരക്ക് 18.3 ശതമാനമാണ്. അതുകൊണ്ടുതന്നെ ബാലറ്റുപേപ്പറിൽ സ്ഥാനാർത്ഥികളുടെ പേരുമാത്രം വെച്ചാൽ  ഭൂരിഭാഗം പേർക്കും സ്ഥാനാർത്ഥികളെ  മനസ്സിലാവുക പോലുമില്ല. അങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം എന്ന സങ്കല്പത്തിലേക്ക് വരുന്നത്. ആദ്യത്തെ തെരഞ്ഞെടുപ്പിൽ മത്സരിച്ച 53  പാർട്ടികൾക്കും 533 സ്വതന്ത്രർക്കും ചിഹ്നങ്ങൾ വീതിച്ചു നൽകപ്പെട്ടു. 

കോൺഗ്രസ്സിന്റെ ചിഹ്നങ്ങൾ 

കോൺഗ്രസ്സ് ആദ്യമായി മത്സരിച്ചത് കൈപ്പത്തി ചിഹ്നത്തിലായിരുന്നില്ല. ഇന്ത്യ വ്യാവസായികമായി പച്ച പിടിക്കും മുമ്പുള്ള തെരഞ്ഞെടുപ്പാണല്ലോ. കൃഷി തന്നെ അന്നത്തെ പ്രധാന ഉപജീവനം. കാർഷികപുരോഗതിയുടെ ചിഹ്നമായ 'പൂട്ടിയ കാള'യിൽ മത്സരിച്ച് കോൺഗ്രസ്സ് പാതി വോട്ടുകളും നേടി. നെഹ്രുവിന്റെ കാലവും, ശാസ്ത്രിയുടെ അകാലമൃത്യുവും കഴിഞ്ഞ്, ഇന്ദിരയും കുറേക്കാലം കൂടി ഇതേ ചിഹ്നത്തിന്റെ പ്രൗഢി മുന്നോട്ടു കൊണ്ടുപോയി. 
 


1969  ആയപ്പോഴേക്കും കോൺഗ്രസിനുള്ളിൽ അന്തശ്ചിദ്രങ്ങൾ പൊട്ടിപ്പുറപ്പെടാൻ തുടങ്ങി. ഇന്ദിര കോൺഗ്രസ്സിനെ പിളർത്തിക്കൊണ്ട് കോൺഗ്രസ്സ് (R) ഉണ്ടാക്കി. പഴയ പാർട്ടി കോൺഗ്രസ്സ് (O) എന്നറിയപ്പെട്ടു. പക്ഷേ, ഈ തർക്കങ്ങൾക്കിടെ ഇന്ദിരയ്ക്ക് കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ ജയിപ്പിച്ച, ജനമനസ്സുകളിൽ ഇടം പിടിച്ചുകഴിഞ്ഞ 'പൂട്ടിയ കാള' ചിഹ്നത്തിന്മേലുള്ള അവകാശം നഷ്ടപ്പെട്ടു. പുതിയൊരു ചിഹ്നം ഏറെ ആലോചനകൾക്കു ശേഷമാണ് ഇന്ദിര തെരഞ്ഞെടുത്തത്. 'പശുവും കിടാവും' ആയിരുന്നു അത്. എതിരാളികൾ മകൻ സഞ്ജയിനെയും ചേർത്ത്, അമ്മയും മോനും എന്നുവിളിച്ച് കളിയാക്കി ആ  ചിഹ്നത്തെ.  

 

1971-ൽ പാക് യുദ്ധം  നൽകിയ ആവേശത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ, പരമ്പരാഗത ചിഹ്നം നഷ്ടപ്പെട്ടിട്ടുപോലും ഇന്ദിര 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യവുമായി പാട്ടും പാടി ജയിച്ചു. 1978 -ൽ കോൺഗ്രസ്സിൽ വീണ്ടും തർക്കങ്ങളുണ്ടാവുകയും  തെരഞ്ഞെടുപ്പ് കമ്മീഷൻ പശുവും കിടാവും ചിഹ്നം മരവിപ്പിക്കുകയും ചെയ്തു. പിവി നരസിംഹറാവുവും ഭൂട്ടാ സിങ്ങും കൂടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കമ്മീഷൻ മൂന്നു ചിഹ്നങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കാൻ പറഞ്ഞു. " ഹാഥ്, ഹാഥി അല്ലെങ്കിൽ സൈക്കിൾ.." ആലോചിക്കാൻ ഒരു രാത്രി സമയവും കൊടുത്തു. ആന്ധ്രയിലെ രാജരത്നം എന്ന കോൺഗ്രസ്സുകാരന്റെ ഭവനത്തിലായിരുന്നു ഇന്ദിര തങ്ങിയിരുന്നത് ആ രാത്രി. ഇരുട്ടിവെളുക്കുവോളം നടന്ന ചർച്ചയ്‌ക്കൊടുവിൽ രാജരത്നമാണ് കൈപ്പത്തി മതി എന്ന് ഇന്ദിരയെ ഉപദേശിക്കുന്നത്.

1952-ലെ തെരഞ്ഞെടുപ്പിൽ സമാനമായ ഒരു കൈപ്പത്തി ചിഹ്നത്തിലാണ് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് മത്സരിച്ചത്. എന്നാൽ ആ തെരഞ്ഞെടുപ്പോടെ തന്നെ പാർട്ടി ശിഥിലമാവുകയും തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാതെ വരികയും ചെയ്തു. അങ്ങനെ മൂന്നുപതിറ്റാണ്ടോളം ഉപയോഗിക്കാതെ കിടന്ന ആ ചിഹ്നം പിന്നീട് കോൺഗ്രസ്സിന്റെ പേരിൽ ബാലറ്റിലും ചുവരുകളും വന്നതോടെ കൂടുതൽ ജനകീയമാവുകയായിരുന്നു. 
 

കമ്യൂണിസ്റ്റ് പാർട്ടി ചിഹ്നങ്ങൾ 
 

അരിവാളും ചുറ്റികയും 1927  മുതലേ റഷ്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വിപ്ലവപോരാട്ടങ്ങളുടെ മുഖമുദ്രയായിരുന്നല്ലോ. 1952 -ലെ ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഐ തങ്ങൾക്ക് അരിവാൾ ചുറ്റിക തന്നെ ചിഹ്നമായി വേണമെന്ന് പറഞ്ഞപ്പോൾ, പാർട്ടിയുടെ കൊടി തന്നെ ചിഹ്നമായി അനുവദിക്കാൻ കമ്മീഷൻ  വിസമ്മതിച്ചു. അപ്പോൾ സിപിഐ ചുറ്റികയ്ക്കുപകരം നെൽക്കതിർ വെച്ച് പ്രശ്നം പരിഹരിച്ചു. പിന്നീട് 1964  ലെ പ്രസിദ്ധമായ കൽക്കട്ടാ കോൺഗ്രസ്സിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി എന്ന പേരിൽ ഒരു വിഭാഗം പിളർന്നുമാറി. ചിഹ്നത്തിന്റെ കാര്യത്തിൽ വിഷയം വരുന്നത് 1967 -ലെ തെരഞ്ഞെടുപ്പിലാണ്. അപ്പോൾ അരിവാൾ ചുറ്റികയുടെ മുകളിൽ ഒരു നക്ഷത്രം കൂടി ചേർത്ത് അപേക്ഷിച്ച സിപിഎമ്മിന് ഭാഗ്യവശാൽ ആ ചിഹ്നം അനുവദിച്ചു കിട്ടി. അന്നുതൊട്ടിന്നുവരെ ഈ രണ്ടു ചിഹ്നങ്ങളിലാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പുകളെ നേരിട്ടുവരുന്നത്. 

ജനതാ പാർട്ടിയുടെ ചിഹ്നങ്ങൾ 

 

1951-ൽ ശ്യാമപ്രസാദ് മുഖർജി രൂപം നൽകിയ 'അഖില ഭാരതീയ ജനസംഘം' എന്ന പാർട്ടിയായിരുന്നു ബിജെപിയുടെ പൂർവസൂരികൾ. 'എണ്ണവിളക്ക് ആയിരുന്നു അന്ന് അവർക്കനുവദിക്കപ്പെട്ട ചിഹ്നം. അടിയന്തരാവസ്ഥക്കാലത്ത് ജനസംഘം മറ്റു പല പാർട്ടികളുമായി ലയിച്ച് 'ജനതാ പാർട്ടി '  രൂപീകരിക്കപ്പെട്ടു. ചിഹ്നം 'കലപ്പയേന്തിയ കർഷകൻ. 'അടിയന്തരാവസ്ഥയുടെ കയ്പുനീർ കുടിച്ച ഇന്ത്യൻ ജനത 1977 - ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ നിലം തൊടീച്ചില്ല. മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ജനതാ പാർട്ടി സർക്കാർ അധികാരത്തിലേറി. വലിയൊരു കൂടാരത്തിനുള്ളിൽ തമ്മിൽ പോരടിച്ചുകൊണ്ടിരുന്ന ഒരുകൂട്ടം പാർട്ടികളായിരുന്നതിനാൽ ആ ഗവണ്മെന്റ് അൽപായുസ്സായിരുന്നു. ജനതാ പാർട്ടിയിന്മേലുള്ള ആർഎസ്എസ് സ്വാധീനത്തെ ചൊല്ലി പലരും കൂടാരം വിട്ടിറങ്ങിപ്പോയി.  എൺപത്തിലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി വീണ്ടും അധികാരത്തിലേറി. എൺപതിൽ തന്നെയാണ് ഭാരതീയ ജനതാ പാർട്ടി എന്ന പേരിൽ ജനതാ പാർട്ടി പുനർജനിക്കുനത്. ഹൈന്ദവതയിൽ അധിഷ്ഠിതമായ ഒരു പാർട്ടി മഹാവിഷ്ണുവുമായി നാഭീനാളബന്ധമുള്ള ഒരു പൂവിനെത്തന്നെ തങ്ങളുടെ തെരഞ്ഞെടുപ്പു ചിഹ്നമായി തെരഞ്ഞെടുത്തതിൽ അത്ഭുതമില്ലല്ലോ. മതപരമായ ചിഹ്നങ്ങൾ ഉപയോഗിക്കരുത് എന്നൊരു നിബന്ധന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംഹിതകളിൽ ഉണ്ടെങ്കിലും, കുങ്കുമ നിറത്തിലുള്ള താമര ( Saffron Lotus )  ഒരു പൂ എന്ന നിലയിൽ ചിഹ്നമായി ബിജെപിക്ക് അനുവദിച്ചു നൽകപ്പെട്ടു. 

മറ്റു പാർട്ടികളുടെ ചിഹ്നങ്ങൾ 

മേൽപ്പറഞ്ഞ മൂന്നു പ്രധാന പാർട്ടി ചിഹ്നങ്ങൾക്കു പുറമേ, പ്രാദേശികതലത്തിൽ ശക്തി തെളിയിച്ചിട്ടുള്ള നിരവധി പാർട്ടികളും അവയുടെ സ്ഥിരം ചിഹ്നങ്ങളുമുണ്ട്. ഉദാഹരണത്തിന് ബിജു ജനതാദൾ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറീസയിലെ ഇരുപത്തൊന്നു സീറ്റിൽ ഇരുപതും പിടിച്ച പാർട്ടിയാണ്. അവരുടെ ചിഹ്നം ശംഖാണ്. അതുപോലെ 'മാ, മാട്ടി, മാനുഷ്' എന്ന മുദ്രാവാക്യവുമായി പശ്ചിമ ബംഗാളിൽ നിന്നും 36  സീറ്റുപിടിച്ച  തൃണമൂൽ കോൺഗ്രസിന്റെ ചിഹ്‌നം 'ജോറാ ഘാസ് ഫൂൽ' എന്ന മൂന്നിതളുള്ള രണ്ടുപൂക്കളാണ്. രണ്ടില ചിഹ്നത്തിൽ മത്സരിച്ച് മുപ്പതിലധികം സീറ്റു പിടിച്ചിട്ടുണ്ട് എഐഡിഎംകെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ. ആന ചിഹ്നമായുള്ള ബഹുജൻ സമാജ് വാദി പാർട്ടി, സൈക്കിൾ ചിഹ്നമായുള്ള സമാജ് വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയിട്ടുള്ളതിനാൽ നിർണ്ണായകമാകും ഈ തെരഞ്ഞെടുപ്പിൽ.

ഈ തെരഞ്ഞെടുപ്പിൽ താരതമ്യേന പുതിയ ചിഹ്നമായ 'ചൂലു'മായി  ആം ആദ്മി പാർട്ടിയും സീറ്റുപിടിക്കാനുള്ള ശ്രമത്തിലാണ്. ടൈം പീസ്‌ ചിഹ്നമായുള്ള എൻസിപിയും അമ്പും വില്ലും ചിഹ്നമായ ശിവസേനയും റാന്തൽ ചിഹ്നത്തിലുള്ള ആർജെഡിയും, 'കറ്റയേന്തിയ സ്ത്രീ' ചിഹ്നത്തിൽ ജനതാദൾ സെക്കുലറും കോണി ചിഹ്നത്തിലുള്ള  കേരളത്തിലെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും, രണ്ടില ചിഹ്നത്തിലുള്ള കേരളാ കോൺഗ്രസും  ഇത്തവണയും രംഗത്തുണ്ട്.  

ചിഹ്നങ്ങളുടെ രാഷ്ട്രീയം 

പുതുതായി മത്സരിക്കാനിറങ്ങുന്ന സ്ഥാനാർത്ഥികൾക്കുമേൽ പലപ്പോഴും വലിയ മുൻകൈയാണ് ഇത്തരത്തിൽ വർഷങ്ങളായി കണ്ടുപരിചയിച്ച ചിഹ്നങ്ങളിലൂടെ ലബ്ധപ്രതിഷ്ഠരായ പാർട്ടികൾക്ക് കിട്ടുന്നത്. സ്വന്തം ചിഹ്നത്തെ ജനമനസ്സുകളിലേക്ക് എത്തിക്കാൻ വളരെ കുറഞ്ഞ സമയം മാത്രമേ പുതിയ പാർട്ടികൾക്കും സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും കിട്ടാറുള്ളൂ. അതുകൊണ്ടു തന്നെ അനുവദിച്ചിട്ടുള്ള ചുരുങ്ങിയ സമയം കൊണ്ട് എന്തുചെയ്തു തങ്ങളുടെ ചിഹ്നങ്ങൾ പ്രചരിപ്പിക്കാൻ സ്ഥാനാർത്ഥികൾ ശ്രമിക്കാറുണ്ട്. ഭരണത്തിലേറുന്ന കാലത്ത് സ്വന്തം ചിഹ്നത്തെ നാട്ടിലെങ്ങും പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നവരുമുണ്ട്. ഉദാഹരണത്തിന് ഉത്തർപ്രദേശിൽ പാർട്ടി ചിഹ്നമായ ആനയുടെ അനേകായിരം ഭീമൻ പ്രതിമകൾ സർക്കാർ ചെലവിൽ പടുത്തുയർത്തി മായാവതി. ഓരോ വട്ടം തെരഞ്ഞെടുപ്പുവരുമ്പോഴേക്കും വോട്ടർമാരെ സ്വാധീനിക്കാതിരിക്കാനായി  അതൊക്കെ തുണിയിട്ടു മൂടേണ്ട ഗതികേടാണ് കമ്മീഷന്. 

ചിഹ്നങ്ങൾ ജനങ്ങളുടെ മനസ്സുകളിൽ നിറയ്ക്കുകയെന്നത് പാർട്ടികൾക്ക് ഇഷ്ടമുള്ള കാര്യമാണ്. അതോടെ ഒറ്റപ്പെട്ട വ്യക്തികൾ വിസ്മരിക്കപ്പെടുന്നു. ഒപ്പം അവർ ചെയ്യുന്ന അഴിമതികളും മറ്റുള്ള കുറ്റകൃത്യങ്ങളും ഒക്കെ വോട്ടർമാർ മറക്കുന്നു. പാർട്ടിയിലെ മറ്റുള്ള മഹദ് വ്യക്തികളുടെ നന്മകൾ കൊണ്ട്, പലരുടേയും തിന്മകളെ മറച്ചു പിടിക്കാൻ കഴിയുന്നു. മാറിവരുന്ന നേതാക്കളെ പെട്ടെന്ന് മറന്നുപോവുന്ന  ബഹുവിധമുള്ള പൊതുജനം പക്ഷേ , ചിഹ്നങ്ങളെ അത്രയെളുപ്പം മറക്കുന്നില്ല. വ്യക്തികളെ കാര്യമാക്കാതെ  ജനം ഒരിക്കലും ക്ഷയിക്കാത്ത ബിംബങ്ങളെ മനസ്സിൽ കൊണ്ട് നടക്കുന്നതു തന്നെയാണ് പാർട്ടികൾക്കും സൗകര്യം. 

click me!