ഇന്ത്യൻ തെരഞ്ഞെടുപ്പുകൾ നടത്തുന്നത് 'മർഫി നിയമം' കൂടി കണക്കിലെടുത്താണത്രെ..

By Babu RamachandranFirst Published Apr 7, 2019, 12:42 PM IST
Highlights

ഉണ്ടാകാൻ സാധ്യതയുള്ള ഓരോ തർക്കങ്ങളെയും  മുന്നിൽ കണ്ടുകൊണ്ട് അതിനെ അതിജീവിക്കാനുള്ള മുൻകരുതലെടുക്കാൻ വരണാധികാരിക്ക് അധികാരം നൽകിയിട്ടുണ്ട് ഇത്തവണ  തെരഞ്ഞെടുപ്പ് കമ്മീഷൻ 

'മർഫി നിയമം' എന്നൊരു നിയമമുണ്ട്. അത് പറയുന്നത് ഇപ്രകാരമാണ്. "Any thing that can go wrong , will  go wrong.."  അതായത്, " ഒരു കാര്യം കുളമാവാൻ എന്തെങ്കിലും സാധ്യത നിലനിൽക്കുന്നുണ്ടെങ്കിൽ, അത് തീർച്ചയായും കുളമായിരിക്കും.." എന്ന്.. എന്ന്. ഇന്ത്യൻ തെരഞ്ഞെടുപ്പുകൾ 'മർഫി പ്രൂഫ്' ആയിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന് ട്വീറ്റ് ചെയ്തിരിക്കുന്നു കണ്ണൂർ കലക്ടറായ മീർ മുഹമ്മദ് അലി. 

അതിനുദാഹരണമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശപുസ്തകത്തിലെ ഒരു ഭാഗത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നാമ നിർദ്ദേശ പത്രികാ സമർപ്പണത്തിന്റെ സമയ പരിധി അവസാനിക്കുന്ന ദിവസം വരണാധികാരിയുടെ ഓഫീസിന്റെ വാതിൽ എങ്ങനെ അടയ്ക്കണം എന്നതിനെപ്പറ്റി പ്രസ്തുത ഭാഗത്തിൽ അരപ്പേജ് നിറയെ വ്യക്തവും കൃത്യവുമായ നിർദേശങ്ങൾ കൊടുത്തിട്ടുണ്ട്.

 ഇടപെടുന്നത് പ്രശ്നമുണ്ടാക്കാൻ സാധ്യതയുള്ള രാഷ്ട്രീയ പാർട്ടികളോടെയാണ് എന്ന നല്ല ബോധ്യത്തോടെയാണ് ആ മാർഗനിർദേശങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. ഉണ്ടാകാൻ സാധ്യതയുള്ള ഓരോ ഉടക്കിനെയും മുന്നിൽ കണ്ടുകൊണ്ട് അതിനെ അതിജീവിക്കാനുള്ള മുൻകരുതൽ എടുക്കാൻ വരണാധികാരിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഒരു ലഘുലേഖയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയിരിക്കുന്നത് .

മർഫി നിയമത്തിന്റെ ഉത്ഭവം 

ഈ നിയമത്തിന്റെ ഉത്ഭവം അമേരിക്കയിലെ കാലിഫോർണിയയിലുള്ള എഡ്വേർഡ്‌സ് എയർ ബേസിൽ നിന്നുമാണ്. അവിടെ പ്രതിരോധ രംഗത്തെ ഗവേഷണം നടക്കുകയായിരുന്നു. വിമാനം തകർന്നുവീണാൽ യാത്രക്കാരിൽ ഏൽക്കുന്ന ആഘാതത്തെപ്പറ്റി പഠിച്ച് അതിനുവേണ്ടുന്ന സുരക്ഷാ ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കുകയായിരുന്നു ലക്‌ഷ്യം. 

അതിനായി ഒരു വളണ്ടിയർ ഗിനിപ്പിഗിനെപ്പോലെ വളരെ വേദനാജനകമായ ഒരു പരീക്ഷണത്തിന് ഇരയാകാൻ മുന്നോട്ടു വന്നു. കേണൽ ജോൺ പോൾ സ്റ്റാപ്പ്. ഒരു വാഹനത്തിൽ അദേഹത്തെ സ്ട്രാപ്പ് ചെയ്‌തിരുത്തി, വളരെ കൂടിയ വേഗത്തിൽ ഒരു ട്രാക്കിലൂടെ പായിച്ച് പൊടുന്നനെ നിർത്തും. അപ്പോഴുണ്ടാകുന്ന കടുത്ത ശാരീരികാഘാതം അളക്കാൻ വേണ്ടി അദ്ദേഹത്തിന്റെ ശരീരത്തിൽ സെൻസറുകൾ ഘടിപ്പിച്ച എഞ്ചിനീയർ ആയിരുന്നു കാപ്റ്റൻ എഡ്‌വേഡ്‌ എ മർഫി. സ്റ്റാപ്പ് പരീക്ഷണത്തിന് വിധേയനായി. 

പരീക്ഷണത്തിന്റെ പീഡനം അദ്ദേഹം അതിജീവിച്ചു. നിരവധി എല്ലുകൾ പൊട്ടി. അദ്ദേഹത്തിന്റെ നവദ്വാരങ്ങളിൽ നിന്നും ചോര വാർന്നൊഴുകി. ഇത്രയും വേദന സഹിച്ചെങ്കിലും അത് ഭാവിയിൽ നിരവധിപേരുടെ ജീവൻ രക്ഷിക്കുമല്ലോ എന്നോർത്ത് അദ്ദേഹം ആശ്വസിച്ചു. 

എന്നാൽ പരീക്ഷണ ഫലങ്ങൾ പരിശോധിക്കാൻ വേണ്ടി സെൻസറുകൾ പരിശോധിച്ചപ്പോഴാണ്  പരീക്ഷണ വേളയിൽ ആ സെൻസറുകളിൽ ഒന്നുപോലും പ്രവർത്തിച്ചിരുന്നില്ല എന്ന നഗ്നസത്യം അദ്ദേഹം തിരിച്ചറിയുന്നത്. അവ കേണൽ സ്റ്റാപ്പിന്റെ മേൽ ഘടിപ്പിച്ച കാപ്റ്റൻ മർഫി സകല സെൻസറുകളും ഘടിപ്പിക്കേണ്ടതിന്റെ വിരുദ്ധദിശയിലാണ് ഘടിപ്പിച്ചിരുന്നത്. അതുകൊണ്ട് അതൊന്നും തന്നെ പ്രവർത്തിച്ചില്ല.

താൻ സഹിച്ച പരിക്കുകളൊക്കെ വെറുതെ ആയിപ്പോയി എന്നറിഞ്ഞപ്പോൾ കുപിതനായ കേണൽ സ്റ്റാപ്പ് മർഫിയെ വിളിച്ചുവരുത്തി അതേപ്പറ്റി ചോദിച്ചപ്പോൾ ആ സെൻസർ ഘടിപ്പിച്ചതിന്റെ പഴി തന്റെ ടെക്‌നീഷ്യന്റെ മേൽ ചാരിക്കൊണ്ട, ഒരു കൂസലുമില്ലാതെ മർഫി പറഞ്ഞ വാചകമാണ് പിന്നീട് 'മർഫി നിയമ'മായി അറിയപ്പെട്ടത്. " ഒരു സെൻസർ രണ്ടു ദിശയിൽ ഘടിപ്പിക്കാൻ പറ്റും വിധം ഡിസൈൻ ചെയ്‌താൽ, ചിലപ്പോൾ ടെക്‌നീഷ്യൻ അത് തെറ്റായ ദിശയിൽ ഘടിപ്പിച്ചു എന്ന് വരും.. " അതായത് ഒരു പ്രവൃത്തിയുടെ ഡിസൈനിൽ അത്  തെറ്റായ രീതിയിൽ നടപ്പിലാക്കാനുള്ള സാധ്യത ഒഴിച്ചിട്ടിട്ടുണ്ടെങ്കിൽ, എന്നെങ്കിലും അപ്രകാരം നടപ്പിലാക്കപ്പെടുക തന്നെ ചെയ്യും.. ചിലപ്പോൾ ആദ്യത്തെ തവണ, അല്ലെങ്കിൽ അടുത്തുവരുന്ന ഏതെങ്കിലും തവണ. ഈ ഒരു നിയമം പലപ്പോഴും പല ഉത്പന്നങ്ങളുടെയും ഡിസൈനിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട് പിൽക്കാലത്ത്. ഉദാഹരണത്തിന് തിരിച്ചു കുത്തിയാൽ അടിച്ചുപോവുന്ന പല പവർ കണക്ടറുകളും ഒരു ദിശയിൽ മാത്രം സോക്കറ്റിൽ കുത്താൻ പറ്റുന്ന രീതിയിലാകും ഡിസൈൻ ചെയ്തിരികുക. 

നാമനിർദേശം സമർപ്പിക്കുന്നതിനുള്ള സമയപരിധിയെപ്പറ്റി 

മേൽപ്പറഞ്ഞ മർഫി നിയമം കൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങളുടെ പ്രവർത്തന മാർഗ്ഗ രേഖ തയ്യാർ ചെയ്തിരിക്കുന്നതെന്നാണ് കളക്ടറുടെ അഭിപ്രായം.  നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാനതീയതിയിൽ വരണാധികാരിയുടെ മുറിയുടെ വാതിൽ അടയ്‌ക്കുന്നതിനുള്ള വ്യക്തമായ നിർദ്ദേശങ്ങൾ ഇപ്രകാരമാണ്. 

A. കൃത്യം 3  മണിക്കുതന്നെ വാതിൽ അടച്ചിരിക്കണം. 

B.  2.30  മുതൽ തന്നെ 'കൃത്യം 3  മണിക്ക് തന്നെ മുറിയുടെ വായിലടയ്ക്കുന്നതാണ് ' എന്നുള്ള  ഇടവിട്ടിടവിട്ടുള്ള അറിയിപ്പുകൾ മുറിക്കു പുറത്ത് മൈക്കിലൂടെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കണം. 

C. വരണാധികാരിയോ, ഉപവരണാധികാരിയോ ഒപ്പിട്ട് സീൽ ചെയ്ത സ്ലിപ്പുകൾ, മൂന്നുമണിക്ക് വാതിലടച്ച ശേഷം മുറിയ്ക്കുള്ളിൽ അവശേഷിക്കുന്ന സ്ഥാനാർത്ഥികൾക്ക് നൽകണം. മുറിയുടെ വാതിൽ 3  മണിക്ക് അടച്ച ശേഷം ഒരാളെപ്പോലും അകത്തേക്ക് കയറ്റിവിടരുത്. 

D. മുറിയ്ക്കകത്ത്  കാര്യങ്ങൾ സുഗമമായി നടക്കാൻ, ഒരു സ്ഥാനാർത്ഥിയെ അനുഗമിക്കാവുന്ന പരമാവധി അനുയായികളുടെ എണ്ണം 4   ആയി തെരഞ്ഞെടുപ്പ് കമ്മീഷൻ നിജപ്പെടുത്തിയിട്ടുള്ളത് വളരെ കൃത്യമായി പാലിക്കണം.

മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ 'വാതിൽ അടയ്ക്കുന്നതിന്' വേണ്ടി മാത്രമുള്ളതാണ്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ളതല്ല. ഒന്നാലോചിച്ചുനോക്കൂ, എത്ര ഉൾക്കാഴ്ചയോടെയാണ്, ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ പ്രശ്നങ്ങളെയും മുന്നിൽ കണ്ടുകൊണ്ട്, ഓടുന്ന പട്ടിയ്ക്ക് ഒരുമുഴം മുമ്പേയെറിഞ്ഞുകൊണ്ട്, വളരെ വിശദമായ ഒരു മാർഗ്ഗനിർദ്ദേശം തന്നെ കമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതിനുമാത്രമല്ല, ഒരു സ്ഥാനാർത്ഥി തന്റെ പരിവാരങ്ങളോടൊപ്പം നാമനിർദേശപത്രിക സമർപ്പിക്കാനായി വരണാധികാരിയുടെ ഓഫീസ് വളപ്പിലേക്ക് കയറുന്ന ആ നിമിഷം തൊട്ട് നടക്കാനിടയുള്ള എല്ലാ കാര്യങ്ങൾക്കും വിശദമായ മാർഗനിർദേശങ്ങൾ നല്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു സ്ഥാനാർത്ഥിയുടെ ഒപ്പം എത്ര വണ്ടികൾ വരണാധികാരിയുടെ ഓഫീസ് വളപ്പിലേക്ക് കയറാം, എത്ര പേർക്ക് സ്ഥാനാർത്ഥിയെ അനുഗമിക്കാം, ബാക്കിയുള്ള അണികൾക്ക്  ഓഫീസിന് എത്ര അരികിൽ വരെ വരാം, ലംഘിക്കുന്നവർക്കെതിരെയുള്ള നടപടികൾ എപ്രകാരമാണ് എന്നതിനൊക്കെ വ്യക്തമായ നിർദേശങ്ങളുണ്ട് ലഘുലേഖയിൽ. 

സ്ഥാനാർത്ഥിയടക്കം അഞ്ചുപേർ മാത്രമേ വരാൻ പാടുള്ളൂ കൂടെ. ബാക്കി അണികൾ ഓഫീസിന് നൂറുമീറ്റർ അകലെ മാത്രമേ നിലയുറപ്പിക്കാൻ പാടുള്ളൂ. ഈ ഐവർസംഘത്തിന് വരണാധികാരിയുടെ ഓഫീസിലേക്ക് പ്രവേശിക്കാനായി ഒരേയൊരു വാതിൽ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. മറ്റുള്ള വഴികളെല്ലാം തന്നെ അടച്ചു ഭദ്രമാക്കണം. സ്ഥാനാർഥി ഓഫീസിലേക്ക് കയറുന്ന സമയം രേഖപ്പെടുത്താൻ വേണ്ടി ഒരു സിസിടിവി വഴി പ്രവേശദ്വാരത്തിന്റെ തത്സമയദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കണം. 

നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന 

നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധനാ പ്രക്രിയയെപ്പറ്റിയും വളരെ വിശദമായ പരാമർശങ്ങളുണ്ട് ഈ മാർഗ്ഗരേഖയിൽ. ഒരണുവിട പോലും സംശയത്തിന് വകുപ്പില്ല. നിഷ്പക്ഷമായ ഇടപെടൽ വരണാധികാരിയുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന കാര്യം ഒന്നും രണ്ടുമല്ല, ഒമ്പതുവട്ടമാണ് ഈ രേഖയിൽ അടിവരായിട്ടുപറഞ്ഞിരിക്കുന്നത്. ഇതിൽ കൂടുതൽ ഒരു മാർഗനിർദേശം സുതാര്യവും സ്പഷ്ടവും  വ്യക്തവുമാവാനില്ല എന്നാണ് കണ്ണൂർ കളക്ടറുടെ അഭിപ്രായം. 

മേൽപ്പറഞ്ഞ മികവുറ്റ മാർഗനിർദേശങ്ങൾ യഥാവിധി പാലിച്ചുകൊണ്ട്, തങ്ങൾ 14  സ്ഥാനാർത്ഥികളുടെയും നാമ നിർദേശപത്രികകളുടെ സൂക്ഷ്മ പരിശോധന, വെറും ഒന്നര മണിക്കൂറിനുള്ളിൽ വളരെ വിജയകരമായി, യാതൊരു മുറുമുറുപ്പിനും തർക്കത്തിനും കയ്യാങ്കളിക്കും ഇടനൽകാതെ വളരെ സുഗമമായി പൂർത്തിയാക്കിയെന്നു കുറിച്ചുകൊണ്ടാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. ഈ പ്രക്രിയ നടക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. 

 

The leaves nothing to chance or interpretation. Covers every minute detail & eventuality.

Their manuals are written keeping in mind

The following are points on just managing the door, during filing of nominations. No scope for confusion /4 pic.twitter.com/Q54yjrxnya

— Mir A (@mir19in)

 

click me!