കെെവിടില്ല; ഓസിലിനൊപ്പമെന്ന് ആഴ്സണല്‍ ആരാധകര്‍

By Web deskFirst Published Jul 26, 2018, 12:35 PM IST
Highlights
  • ജര്‍മനിയില്‍ ഓസിലിന് വംശീയ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിരുന്നു

ലണ്ടന്‍: ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച തീരുമാനമായിരുന്നു ജര്‍മന്‍ താരം മെസ്യൂട്ട് ഓസിലിന്‍റെ രാജ്യാന്തര ഫുട്ബോളില്‍ നിന്നുള്ള വിരമിക്കല്‍. 2014ല്‍ ജര്‍മനിക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഓസിലിനെതിരെ ജര്‍മനിക്കാര്‍ നടത്തിയ വംശീയ അധിക്ഷേപങ്ങളാണ് വിരമിക്കലില്‍ കലാശിച്ചത്. റഷ്യന്‍ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഓസില്‍ വിരുദ്ധ വികാരം ജര്‍മനിയില്‍ ആരംഭിച്ചിരുന്നു.

തുർക്കി പ്രസിഡന്‍റ്  തയ്യിപ് എർദോഗനൊപ്പം ചിത്രം എടുത്തതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഓസിലിനെ ലോകകപ്പില്‍ കളിപ്പിക്കരുതെന്നുള്ള പ്രതികരണം പോലും ഉയര്‍ന്നു. പക്ഷേ, റഷ്യയില്‍ മെക്സിക്കോയ്ക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഓസിലിനെ പരിശീലകന്‍ യോവാക്കിം ലോ കളത്തിലിറക്കി. പക്ഷേ, സമ്മര്‍ദങ്ങള്‍ക്ക് നടുവില്‍ കളിച്ച താരത്തിന് തന്‍റെ സ്വതസിദ്ധമായ പ്രകടനം കാഴ്ചവെയ്ക്കാനായില്ല, ജര്‍മനി തോല്‍വി ഏറ്റു വാങ്ങുകയും ചെയ്തു.

രണ്ടാം മത്സരത്തില്‍ സ്വീഡനെതിരെ ആദ്യ ഇലവനില്‍ സ്ഥാനം കിട്ടാതിരുന്ന ഓസില്‍ നിര്‍ണായക മത്സരത്തില്‍ ദക്ഷിണ കൊറിയക്കെതിരെ തിരിച്ചെത്തി. ഒരുപാട് അവസരങ്ങള്‍ ഓസില്‍ ഒരുക്കി നല്‍കിയെങ്കിലും മത്സരത്തില്‍ ജര്‍മനിക്ക് തോല്‍ക്കാനായിരുന്നു വിധി. ഇതിന് പിന്നാലെ ഓസിലിനെതിരെയുള്ള വികാരം ജര്‍മനിയില്‍ ആഞ്ഞടിച്ചു. സഹിക്കാവുന്നതിലും അപ്പുറമായതോടെ താരം രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

പക്ഷേ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ച ഓസിലിന് പിന്തുണയുമായി ആഴ്സണൽ ആരാധകർ രംഗത്ത് എത്തി. വിരമിക്കൽ തീരുമാനം ഉചിതമായ മറുപടിയാണെന്ന് ആരാധകർ പറഞ്ഞു. ഓസിലിനെ ഒരിക്കലും കെെവിടില്ലെന്നും ആഴ്സണല്‍ ആരാധകര്‍ വ്യക്തമാക്കി. 

click me!