ഇതിഹാസം മടങ്ങുമ്പോള്‍...

By Web DeskFirst Published Jul 15, 2018, 4:17 PM IST
Highlights
  • പ്രീ-വിംബിള്‍ഡണ്‍  ടൂര്‍ണമെന്റുകളില്‍ ഹാലെയിലും സ്റ്റുട്ട്ഗര്‍ട്ടിലും തുടര്‍ച്ചയായ ആഴ്ചകളില്‍ ഫൈനല്‍ വരെ എത്തിയാണ് ഫെഡ് വിംബിള്‍ഡണ്‍ തയ്യാറെടുപ്പ് മികച്ചതാക്കിയത്.

കെവിന്‍ ആന്‍ഡേഴ്‌സന്റെ റാക്കറ്റില്‍ നിന്നും തൊടുത്ത പന്ത് അതിവേഗത്തില്‍ എതിരാളിയെ മറികടന്ന് കുതിച്ചു. എയ്‌സ്.... ഗെയിം സെറ്റ്. ഒരു സാധാരണ മല്‍സരത്തിന്റെ ലാഘവമായിരുന്നേനേ ആ ഗെയിമിന്. പക്ഷേ, നിര്‍ണായകമായ മൂന്നാം സെറ്റ് എതിരാളിക്ക് നഷ്ടമായപ്പോള്‍ സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ 11,000 ത്തോളം കാണികളും അതില്‍ കൂടുതല്‍ വരുന്ന ടിവി പ്രേഷകരും നിരാശയിലായിരുന്നു. അതെ, ആ വിസ്മയാവഹമായ ആധിപത്യം അവസാനിച്ചിരിക്കുന്നു. 

തുടര്‍ച്ചയായ 34 സെറ്റ് വിജയങ്ങള്‍ക്കൊടുവില്‍ സ്വിസ് ഇതിഹാസം റോജര്‍   ഫെഡറര്‍ ഒരു സെറ്റ് അടിയറവെച്ചിരിക്കുന്നു. 85 സര്‍വിങ് ഗെയിമുകള്‍ക്ക് ശേഷം ആദ്യമായി എതിരാളി ബ്രേക്ക് ചെയ്തിരിക്കുന്നു. മത്സരം മുന്നോട്ട് നീങ്ങി. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച ഫോമിന് വിപരീതമായി ടോപ് സീഡ് താരത്തിന് കളിയില്‍  ആധിപത്യം കുറഞ്ഞു. ഫോര്‍ഹാന്‍ഡ് പിഴവുകള്‍ ധാരാളമായി വന്നു. ആന്‍ഡേഴ്‌സണ്‍ നിയന്ത്രണം വിട്ടുകൊടുക്കാനും തയ്യാറായില്ല. നാലാം സെറ്റിലും നേരത്തേ ബ്രേക് സ്വന്തമാക്കി മത്സരം നിര്‍ണായക സെറ്റിലേക് നീട്ടി.

ഇരുവരും തങ്ങളുടെ സ്‌ട്രോങ് സ്‌പോട്ടായ സര്‍വിങ് ഗെയിമുകളില്‍ ഉറച്ചു നിന്നു. ഗെയിമുകള്‍ മുന്നോട്ട് നീങ്ങി. നിശ്ചിത എണ്ണത്തില്‍ നിന്നും ഒരുപാട് മുന്നോട്ട്...11-11..! വിധി ആ പോരാട്ടത്തിന് നിര്‍ണയിക്കാന്‍ സമയമായി. നിര്‍ണായക മാച്ചുകളില്‍ ചോക് ചെയ്യപെടുക എന്ന സൗത്ത് ആഫ്രിക്കന്‍ പാരമ്പര്യം പക്ഷേ ആന്‍ഡേഴ്‌സന്റെ കാര്യത്തില്‍ സംഭവിച്ചില്ല. കരിയറിലെ ഏറ്റവും മികച്ച മാച്ചിലേക്ക് അയാളുടെ സര്‍വുകള്‍ പാഞ്ഞു. ഒടുവില്‍ ആരു പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സും.

പ്രായത്തെ ചോദ്യ ചിഹ്നമാക്കിനിര്‍ത്തി കരിയറിലെ മികച്ച ഫോമില്‍ കളിക്കുന്ന പുല്‍കോര്‍ട്ടിലെ രാജാവിനെ താന്‍ കീഴ്‌പ്പെടുത്തിയിരിക്കുന്നു. അയാളുടെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരം. നിലവിലെ ചാംപ്യന് തന്റെ കീരിടം തിരിച്ചുനല്‍കാന്‍ സമയമായിരിക്കുന്നു. മുപ്പത്തേഴാം വയസില്‍, മറ്റൊരൂ സീസണില്‍ കളിമണ്‍ കോര്‍ട്ട് ടൂര്‍ണമെന്റുകളില്‍ നിന്ന് പിന്‍വാങ്ങി വിശ്രമത്തിന് ശേഷം വിസ്മയിപ്പിക്കുന്നതായിരുന്നു ഫെഡററുടെ പുല്‍കോര്‍ട്ടിലെ തിരിച്ചുവരവ്. തന്റെ പ്രിയപ്പെട്ട ഗ്രാന്‍ഡ് സ്ലാം നിലനിര്‍ത്താന്‍ ഫെഡറര്‍ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടി.

പ്രീ-വിംബിള്‍ഡണ്‍  ടൂര്‍ണമെന്റുകളില്‍ ഹാലെയിലും സ്റ്റുട്ട്ഗര്‍ട്ടിലും തുടര്‍ച്ചയായ ആഴ്ചകളില്‍ ഫൈനല്‍ വരെ എത്തിയാണ് ഫെഡ് വിംബിള്‍ഡണ്‍ തയ്യാറെടുപ്പ് മികച്ചതാക്കിയത്. ഒരുപക്ഷേ ഹാലെയില്‍ കോറിച്ചിന് മുന്നില്‍ കിരീടപോരാട്ടത്തില്‍ വീണില്ലായിരുന്നുവെങ്കില്‍ കരിയറിലെ നൂറാം കീരീടം എന്ന സുവര്‍ണനേട്ടം കൂടി വിംബിള്‍ഡണില്‍ ലക്ഷ്യം വെയ്ക്കാമായിരുന്നു. പക്ഷേ അവസാനപടിയില്‍ അടി തെറ്റി. കരിയറിലെ തുടര്‍ച്ചയായ 20ാം വിംബിള്‍ഡണ്‍ പ്രവേശനത്തിന് ഇക്കുറി മാറ്റുകൂട്ടിയത് ടോപ് 100ലെ ഏറ്റവും പ്രായം കൂടിയ താരം നിലവിലെ ചാംപ്യന്‍ എന്ന വിശേഷണം തന്നെ. 

ആധിപത്യം നിറഞ സര്‍വിങ് ഗെയിമുകള്‍ നിറഞതായിരുന്നു ആദ്യ ആഴ്ചയിലെ പ്രകടനം. ആദ്യ മൂന്നുറൗണ്ടുകളിലും 100% കൃത്യതയോടെ 41 ഗെയിമുകളില്‍ ഒരിക്കല്‍പോലും ബ്രേക് പോയിന്റ് ്അവസരവും മുപ്പത്തേഴുകാരന്‍ നല്‍കിയിട്ടില്ല. വിട്ടുകൊടുത്തതാവട്ടെ 27 പോയിന്റും. തന്റെ സ്്‌ട്രോങ് ഫാക്റ്റര്‍ കുറച്ചൂടി മെച്ചപെടുത്തിയാണ് കിരീടം നിലനിര്‍ത്താനൊരുങ്ങിയത്. മിക്ക സര്‍വിങ് ഗെയിം  പോയിന്റുകളിലും ബേസ്ലൈന്‍ മുന്നോട്ടിറങി അഗ്രസീവ് ആയ ഗെയിംപ്ലേ. രണ്ടാം വീക്കിലും തുടക്കം മോശമാക്കിയില്ല. നാലാം റൗണ്ടില്‍ മന്നാരിനോയേ ആദ്യ സെറ്റില്‍ ഒരു ഗെയിം പോലും നല്‍കാതെ ശൂന്യതയില്‍ നിര്‍ത്തിക്കൊണ്ടുള്ള തുടക്കം. വെറും അഞ്ച് പോയിന്റുകള്‍ മാത്രമാണ് താരം സെറ്റിലുടനീളം താരം വഴങിയത്.  

The thin line between victory and defeat.

Until today, Roger Federer had never lost at having held match point... pic.twitter.com/GXtjW8Dkr7

— Wimbledon (@Wimbledon)

കിരീടം നിലനിര്‍ത്തുന്നതിന്റെ എല്ലാ പ്രതീക്ഷകളും ഫെഡറര്‍ നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞവര്‍ഷത്തെ ജൈത്രയാത്രയുടെ തുടക്കം പോലെ ഫിനിഷിങ്ങും അപ്രതീക്ഷിതമായ. 2017 ലെ സ്വപ്നതുല്യമായ തിരിച്ചുവരവിന്റെ ജൈത്രയാത്രക്ക് അവസാനം. മത്സരശേഷമുള്ള  പ്രസ് കോണ്‍ഫറന്‍സില്‍ വീണ്ടും പ്രിയപ്പെട്ട ടൂര്‍ണമെന്റില്‍ തിരിച്ചുവരാനാണ് ലക്ഷ്യം എന്ന് താരം കൂട്ടിച്ചേര്‍ക്കുമ്പോള്‍ ടെന്നീസ്ലോകം നിരാശയിലും പ്രത്യാശയിലാണ്..! പ്രായത്തെ തോല്‍പിച്ച ഇതിഹാസത്തിന്റെ മറ്റൊരു വരവിന് വിംബിള്‍ഡണും...!

click me!