ഭുവി എറിഞ്ഞിട്ടു; വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ജയപ്രതീക്ഷ

By Web DeskFirst Published Aug 13, 2016, 6:36 AM IST
Highlights

ആന്റിഗ്വ: ഭുവനേശ്വര്‍ കുമാറിന്റെ മാരക സ്പെല്ലില്‍ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ജയപ്രതീക്ഷ. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 225 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെന്ന നിലയിലാണ്. 41 റണ്‍സുമായി രോഹിത് ശര്‍മ്മയും 51 റണ്‍സുമായി അജിന്‍ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. ഒരു ദിനം ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 285 റണ്‍സിന്റെ ലീഡായി. അവസാന ദിനം ഒരു മണിക്കൂര്‍ ബാറ്റ് ചെയ്ത് 350ന് മുകളിലുള്ള ലക്ഷ്യം വിന്‍ഡീസിന് നല്‍കാനായിരിക്കും ഇന്ത്യ ശ്രമിക്കുക. സ്കോര്‍ ഇന്ത്യ 353, 157/3, വെസ്റ്റിന്‍ഡീസ് 225.

നാലാം ദിനം 202/3 എന്ന ശക്തമായ നിലയില്‍ നിന്നാണ് വിന്‍ഡീസ് 225 റണ്‍സിന് ഓള്‍ ഔട്ടായത്. 33 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ ഭുവനേശ്വര്‍ കുമാറാണ് വിന്‍ഡീസിനെ തകര്‍ത്തത്. നാലാം ദിനം തുടക്കത്തിലെ ബ്രാത്ത്‌വെയ്റ്റിനെയും(64) ബ്രാവോയെയും(29) നഷ്ടമായെങ്കിലും ബ്ലാക്‌വുഡും(20) സാമുവല്‍സും(48) ചേര്‍ന്ന് വിന്‍ഡീസിനെ 200 കടത്തിയിരുന്നു.

എന്നാല്‍ രണ്ടാം സ്പെല്ലിനെത്തിയ ഭുവി സാമുവല്‍സിനെയും ബ്ലാക്‌വുഡിനെയും മടക്കി വിന്‍ഡീസ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. കഴിഞ്ഞ കളിയില്‍ ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്ത റോസ്റ്റന്‍ ചേസിനെ(2) ജഡേജ മടക്കിയപ്പോള്‍ വാലറ്റത്തെ നിലയുറപ്പിക്കും മുമ്പ് പറഞ്ഞുവിട്ട ഭുവി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. ഇന്ത്യക്കായി ഭുവി അഞ്ചു വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍ രണ്ടും ഇഷാന്ത്, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍(28), ശിഖര്‍ ധവാന്‍(26), ക്യാപ്റ്റ്യന്‍ വിരാട് കൊഹ്‌ലി(4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.നാലു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ 1-0 ന് മുന്നിലാണ്.

click me!