ചെന്നൈയ്ക്ക് ടോസ്; ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും

By web deskFirst Published May 22, 2018, 6:40 PM IST
Highlights
  • രാത്രി ഏഴിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആദ്യ ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. രാത്രി ഏഴിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ ക്വാളിഫയറിലെ വിജയികള്‍ നേരിട്ട് ഫൈനലിലെത്തും. 

ഒരു മാറ്റത്തോടെയാണ് ചെന്നൈ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ വിശ്രമം അനുവദിച്ച ഓപ്പണിങ് ബാറ്റ്മാന്‍ ഷെയ്ന്‍ വാടസണ്‍ ടീമില്‍ തിരിച്ചെത്തി. സാം ബില്ലിങ്‌സ് പുറത്തിരിക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇന്ന് തോല്‍ക്കുന്നവര്‍ക്ക് ഒരവസരം കൂടിയുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സത്തിലെ വിജയികളുമായി ഒന്നുകൂടി മാറ്റുരക്കാം. അതില്‍ ജയിച്ചാലും ഫൈനലിലെത്താം.
 
ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമന്‍മാരായെങ്കിലും അവസാന മൂന്ന് മത്സരങ്ങളും തോറ്റാണ് സണ്‍റൈസേഴ്‌സ് ആദ്യ ക്വാളിഫയറിന് ഇറങ്ങുന്നത്. സിദ്ധാര്‍ഥ് കൗളും ഭുവനേശ്വര്‍കുമാറും റാഷിദ് ഖാനും നേതൃത്വം നല്‍കുന്ന ബൗളിംഗില്‍ തന്നെയാണ് സണ്‍റൈസേഴ്‌സിന്റെ ഫൈനല്‍ പ്രതീക്ഷകള്‍. ബാറ്റിംഗില്‍ ധവാനും വില്യാംസണും കഴിഞ്ഞാല്‍ ആരെന്നതും ഹൈദരബാദിന് തലവേദനയാണ്. മനീഷ് പാണ്ഡെ ഫോമിലെത്തിയത് ടീമിന് ഗുണം ചെയ്യും. 

മറുവശത്ത് ചെന്നെ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. ബൗളിംഗില്‍ എന്‍ഗിഡിയുടെ ഫോം ചെന്നൈക്ക് പ്രതീക്ഷ നല്‍കുന്നു. ഓപ്പണിംഗ് ബൗളിംഗ് കഴിഞ്ഞാല്‍ മധ്യ ഓവറുകളില്‍ റണ്‍ നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ വിരളമാണെന്നത് ചെന്നൈയെ വലക്കുന്നുണ്ട്. ബാറ്റിംഗില്‍ അംബാട്ടി റായിഡു-ഷെയ്ന്‍ വാട്‌സണ്‍ സഖ്യം നല്‍കുന്ന തുടക്കവും നിര്‍ണായകമാവും.
 

click me!