ഓസീസ് ടീമില്‍ പൊട്ടിത്തെറി; വാര്‍ണര്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പിന്‍മാറി

By Web DeskFirst Published Mar 27, 2018, 6:39 PM IST
Highlights
  • വാര്‍ണര്‍ക്കും സ്‌മിത്തിനും എതിരെ ടീമിലെ മുതിര്‍ന്ന താരങ്ങള്‍
     

കേപ്‌ടൗണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയ 'പന്ത് ചുരണ്ടല്‍' വിവാദത്തില്‍ ഓസീസ് ടീമില്‍ പൊട്ടിത്തെറി. ഡേവിഡ് വാര്‍ണര്‍ക്കും സ്റ്റീവ് സ്മിത്തിനുമെതിരെ മുതിര്‍ന്ന താരങ്ങള്‍ രംഗത്തെത്തി. പന്ത് ചുരുണ്ടാനുള്ള തീരുമാനം വാര്‍ണറുടേത് മാത്രമെന്ന് ചില താരങ്ങള്‍ നിലപാടെടുത്തു. പിന്നാലെ താരങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് വാര്‍ണര്‍ പിന്‍മാറി. 

വാര്‍ണറെ ഇനി കളിപ്പിക്കേണ്ടെന്നാണ് താരങ്ങളില്‍ ഒരു വിഭാഗത്തിന്‍റെ നിലപാട്‍. തങ്ങളെ വിവാദത്തിലേക്ക് സ്മിത്ത് വലിച്ചിഴച്ചെന്ന് സ്റ്റാര്‍ക്കും ഹെയ്‌സല്‍വുഡും വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ സ്മിത്തിനും വാര്‍ണര്‍ക്കുമെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അച്ചടക്ക നടപടി വരാനിരിക്കേയാണ് പുതിയ സംഭവവികാസങ്ങള്‍. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേ‌പ്‌ടൗണ്‍ ടെസ്റ്റില്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റാണ് പന്ത് ചുരുണ്ടി വിവാദത്തിന് തുടക്കമിട്ടത്. ടീമിലെ മുതിര്‍ന്ന താരങ്ങളുടെ അറിവോടെയാണ് പന്ത് ചുരണ്ടിയതെന്ന് വ്യക്തമാക്കി സ്മിത്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത് വാര്‍ണറാണെന്ന് വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ വിവാദം കൂടുതല്‍ പുകഞ്ഞു. 

സംഭവത്തില്‍ ഐസിസി സ്മിത്തിനെ ഒരു ടെസ്റ്റില്‍ നിന്ന് വിലക്കുകയും മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബാന്‍ക്രോഫ്റ്റിനും സഹനായകന്‍ വാര്‍ണര്‍ക്കുമെതിരെ ഐസിസി നടപടിയെടുത്തില്ല. ഓസീസ് നായകസ്ഥാനം രാജിവെച്ച സ്മിത്തിനെ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് നായക സ്ഥാനത്തുനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. 

click me!