കൊച്ചു കേരളമായി സിഡ്നി സ്റ്റേഡിയം; കേരള പുനര്‍നിര്‍മാണ സന്ദേശമുയര്‍ത്തി ഗാലറി

By Web TeamFirst Published Jan 12, 2019, 12:17 PM IST
Highlights

പ്രളയത്തിൽ തകർന്ന കേരളത്തിന്‍റെ പുനർനിർമ്മാണ സന്ദേശം ഇന്ത്യ- ഓസ്ട്രേലിയ ഏകദിന വേദിയിലും. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പിന്തുണയോടെയാണ് സിഡ്നി മലയാളികള്‍ കേരളത്തിന്റെ സന്ദേശം ഉയർത്തിയത്.
 

സിഡ്‌നി: സിഡ്നി സ്റ്റേഡിയം ഓസ്‌ട്രേലിയന്‍ മലയാളികൾക്ക് പ്രളയത്തിൽ തകര്‍ന്നുപോയ ജന്മനാടിനെ കൈപിടിച്ചുയർത്തുക എന്ന സന്ദേശം പ്രചരിപ്പിക്കാനുള്ള വേദിയായി. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പിന്തുണയോടെ അഞ്ഞൂറിലേറെ ടിക്കറ്റുകളാണ് സിഡ്നി മലയാളി അസോസിയേഷൻ വിറ്റത്. കാണികൾക്കായി ചെണ്ടമേളവും ഒരുക്കിയിരുന്നു.

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയ മലയാളികൾക്ക് ഇന്ത്യ- ഓസ്ട്രേലിയ ഒന്നാം ഏകദിനത്തിന്റെ ആവേശം മാത്രമായിരുന്നില്ല. സിഡ്നി മലയാളി അസോസിയേഷന്റെ നേതൃത്വത്തിലാണ് ഏകദിന വേദിയിലേക്ക് കേരളത്തിന്‍റെ പുനർനിർമ്മാണ സന്ദേശം എത്തിച്ചത്. സ്റ്റേഡിയത്തിനകത്തും പുറത്തും ഇതിനായി പ്രത്യേക സ്ഥലം ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെ അനുവദിച്ചു. കേരളത്തിന്റെ സ്വന്തം ചെണ്ടമേളവും, ജിമിക്കി കമ്മൽ ഗാനത്തോടെയുള്ള നൃത്തച്ചുവടുകളുമെല്ലായായിരുന്നു മലയാളികൾ ഒത്തുകൂടിയത്. 

ധനസമാഹരണത്തിനു വേണ്ടി ഏപ്രിലിൽ നടക്കുന്ന റൈസ് ആന്റ് റീസ്റ്റോർ എന്ന കാർണിവലിന്‍റെ പ്രചരണം ഗ്യാലറിയിൽ നടത്താനും ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതി നൽകി. ഇതാദ്യമായാണ് ഒരു കുടിയേറ്റ സമൂഹത്തിന് രാജ്യാന്തര മത്സരത്തിന്റെ ഗ്യാലറിയിൽ ധനസമാഹരണം പ്രോത്സാഹിപ്പിക്കാൻ അനുമതി നൽകുന്നതെന്നും കേരളത്തിലെ പ്രളയത്തിന്‍റെ വ്യാപ്തി തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇത് അനുവദിച്ചതെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. 

പ്രളയവിഷയം പലരും മറന്നെങ്കിലും സിഡ്നി മലയാളികൾ ഇപ്പോഴും കേരളത്തിനു വേണ്ടി ഒന്നിച്ചു നിൽക്കുകയാണെന്ന് സിഡ്നി മലയാളി അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു. ഓരോ ഫോറിനും സിക്സിനും വിക്കറ്റിനും ഗ്യാലറിയിൽ കേരളത്തിന്‍റെ സന്ദേശമുയർത്തിയ മലയാളികൾ ക്രിക്കറ്റ് പിച്ചിൽ ആരു ജയിച്ചാലും പ്രളയത്തിന്‍റെ പിച്ചിൽ തോറ്റുകൊടുക്കാൻ കേരളം തയ്യാറല്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.

click me!