അനിയന്‍മാരുടെ കുതിപ്പ് തുടരുന്നു; രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് കൂറ്റന്‍ ജയം

By Web TeamFirst Published Jan 25, 2019, 4:51 PM IST
Highlights

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 138 റണ്‍സിനാണ് ഇന്ത്യ എയുടെ രണ്ടാം ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 303 റണ്‍സെടുത്തപ്പോള്‍ ലയണ്‍സിന്‍റെ ഇന്നിംഗ്സ് 37.4 ഓവറില്‍ 165ല്‍ അവസാനിച്ചു.

തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യ എയ്ക്ക് തകര്‍പ്പന്‍ ജയം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 138 റണ്‍സിനാണ് ഇന്ത്യ എയുടെ രണ്ടാം ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 303 റണ്‍സെടുത്തപ്പോള്‍ ലയണ്‍സിന്‍റെ ഇന്നിംഗ്സ് 37.4 ഓവറില്‍ 165ല്‍ അവസാനിച്ചു. ഇന്ത്യക്കായി 92 റണ്‍സും ഒരു വിക്കറ്റുമായി തിളങ്ങിയ ഹനുമാ വിഹാരിയാണ് കളിയിലെ താരം. 

ഓപ്പണര്‍ അലക്‌സ് ഡേവീസാണ്(48) ലയണ്‍സ് നിരയിലെ ടോപ് സ്‌കോറര്‍. ഗ്രിഗറി (39), വില്‍ ജാക്ക്‌സ്(20), ഡാനി ബ്രിഗ്‌സ്(14), ബെന്‍ ഡെക്കട്ട്(12) എന്നിങ്ങനെയാണ് മറ്റ് ലയണ്‍സ് ബാറ്റ്സ്‌മാന്‍മാരുടെ ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ മത്സരത്തില്‍ സെ‍ഞ്ചറിയടിച്ച നായകന്‍ സാം ബില്ലിംഗ്‌സ് 12 റണ്‍സിന് മടങ്ങി. മായങ്ക് മര്‍ക്കാണ്ഡേ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ അക്ഷാര്‍ പട്ടേലും ശാര്‍ദുല്‍ ഠാക്കൂറും രണ്ട് പേരെ വീതം പുറത്താക്കി. ദീപക് ചഹാറും സിദ്ധാര്‍ത്ഥ് കൗളും ഹനുമാ വിഹാരിയും ഓരോ വിക്കറ്റ് നേടി. 

ആദ്യം ബാറ്റുചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (91), ഹനുമ വിഹാരി (92), ശ്രേയസ് അയ്യര്‍ (65) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സാണ് നേടിയത്. രഹാനെ- വിഹാരി കൂട്ടുക്കെട്ട് 181 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സാക് ചാപ്പല്‍ ഇംഗ്ലണ്ടിന് വേണ്ടി രണ്ട് വിക്കറ്റ് നേടി. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ഇന്ത്യ മൂന്ന് വിക്കറ്റിന് വിജയിച്ചിരുന്നു. 

click me!