കിര്‍ഗിസ്ഥാനോട് ഇന്ത്യയ്ക്ക് 2-1 ന്‍റെ തോല്‍വി

By Web DeskFirst Published Mar 28, 2018, 7:22 AM IST
Highlights
  • സുനില്‍ ഛത്രി ഇല്ലാതെ ഇറങ്ങിയ മത്സരഫലം ഇന്ത്യയെ സംബന്ധിച്ച് പ്രധാന്യമുള്ളതായിരുന്നില്ല.

എഎഫ്‌സി ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാനമത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 2-1 നാണ് കിര്‍ഗിസ്ഥാനോട് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. സുനില്‍ ഛത്രി ഇല്ലാതെ ഇറങ്ങിയ മത്സരഫലം ഇന്ത്യയെ സംബന്ധിച്ച് പ്രധാന്യമുള്ളതായിരുന്നില്ല. എല്ലാ ഗ്രൂപ്പ് കളികളിലും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ നേരത്തെ യോഗ്യത നേടിയിരുന്നു. 

കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ കിര്‍ഗിസ്ഥാന്‍ ആദ്യ ഗോള്‍ നേടിയിരുന്നു. ഗ്യാലറിയുടെ അകമഴിഞ്ഞ പിന്തുണയില്‍ ഇന്ത്യയുടെ ഗോള്‍വലയിലേക്ക് കിര്‍ഗിസ്ഥാന്‍ കളിക്കാര്‍ നിരന്തരം ആക്രമണം അഴിച്ചുവിടുകയായിരുന്നു. അന്റോണ്‍ സെലക്ഷിയാണ് കിര്‍ഗിസ്ഥാന്റെ ആദ്യ ഗോള്‍ നേടിയത്. കളിയുടെ രണ്ടാം പകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയ്ക്കായെങ്കിലും അവ ഗോളവസരങ്ങളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു. 

പത്തൊമ്പാതാം മിനിറ്റില്‍ ഇന്ത്യയുടെ ആശ്വാസഗോള്‍ ബല്‍വന്തിന്റെ കാലില്‍ നിന്നും വീണെന്നു കരുതിയെങ്കിലും ഓഫ് സൈഡ് വിളിച്ചത് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വിള്ളലേല്‍പ്പിച്ചു. രണ്ടാം പകുതിയില്‍ ഇന്ത്യ വിജയതൃഷ്ണ പ്രകടിപ്പിച്ചെങ്കിലും അവ ഗോളവസരങ്ങളിലേക്ക് കടന്നില്ല. ഇതേസമയം കിര്‍ഗിസ്ഥാന്‍ അക്രമണവുമായി ഇന്ത്യന്‍ ഗോളി പോസ്റ്റിലേക്ക് പാഞ്ഞടുത്തുകൊണ്ടിരുന്നു. കിര്‍ഗിസ്ഥാന്റെ നിരന്തര ആക്രമണങ്ങളില്‍ ഗോളി ഗുര്‍പ്രീത് സന്ധുവിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നു. 

72 ാം മിനിറ്റില്‍ രണ്ടാം ഗോളുമായി കിര്‍ഗിസ്ഥാന്റെ മിര്‍ലാന്‍ മുര്‍സാവി കടന്നുവന്നു. ഒടുവില്‍ അവസാന നിമിഷത്തിലാണ് ഇന്ത്യ കിര്‍ഗിസ്ഥാന് ഒരു മറുപടി ഗോള്‍ മടക്കിയത്. അനിരുദ്ധ ഥാപ്പയുടെ ക്രോസില്‍ ജെജെ തലവെക്കുകയായിരുന്നു. 2-1 അപ്രസക്തമായ മത്സരം തോറ്റ് ഇന്ത്യ ഏഷ്യാ കപ്പിലേക്ക്.
 

click me!