സിക്സറില്‍ അഫ്രീദിയെ മറികടന്ന് ഹിറ്റ്മാന്‍; ധോണിയ്ക്ക് നാണക്കേടായി ഒരു റെക്കോര്‍ഡ്

By Web TeamFirst Published Jan 12, 2019, 7:34 PM IST
Highlights

2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 108 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതാണ് ധോണിയുടെ 333 മത്സരങ്ങള്‍ നീണ്ട ഏകദിന കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധസെഞ്ചുറി.

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരിലെ ആദ്യ മത്സരത്തില്‍ ഒരു റണ്ണെടുത്തപ്പോള്‍ ഇന്ത്യക്കായി ഏകദിനങ്ങളില്‍ 10000 റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനെന്ന നാഴികക്കല്ല് പിന്നിട്ട ധോണി പിന്നാലെ നാണക്കേടിന്റെ ഒരു റെക്കോര്‍ഡും സ്വന്തം പേരിലാക്കി. 93 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ധോണി കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ രണ്ടാമത്തെ അര്‍ധസെഞ്ചുറിയാണ് സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരെ കുറിച്ചത്. 96 പന്തില്‍ 51 റണ്‍സെടുത്താണ് ധോണി പുറത്തായത്.

2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 108 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതാണ് ധോണിയുടെ 333 മത്സരങ്ങള്‍ നീണ്ട ഏകദിന കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധസെഞ്ചുറി. അതിനിടെ സെഞ്ചുറിയുമായി പൊരുതിയ ഹിറ്റ്മാന്‍ രോഹിത് ശര്‍മ മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ആറ് സിക്സറുകളടക്കം 133 റണ്‍സടിച്ച രോഹിത് ഓസീസിനെതിരെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് സ്വന്തം പേരിലാക്കിയത്.

സിഡ്നിയില്‍ നേടിയ ആറ് സിക്സറുകളോടെ ഓസീസിനെതിരെ രോഹിത്തിന്റെ സിക്സര്‍ സമ്പാദ്യം 64 ആയി. 63 സിക്സറുകള്‍ അടിച്ചിട്ടുള്ള പാക്കിസ്ഥാന്റെ ഷഹീദ് അഫ്രീദിയെ ആണ് രോഹിത് പിന്നിലാക്കിയത്. ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും രോഹിത് അടിച്ചെടുത്തു. 26 സിക്സറുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. 25 സിക്സറുകള്‍ നേടിയിട്ടുള്ള അഫ്രീദിയെ തന്നെയാണ് രോഹിത് ഈ നേട്ടത്തിലും മറികടന്നത്.

133 റണ്‍സടിച്ച രോഹിത് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 125 ഓ അതില്‍ കൂടുതലോ റണ്‍സ് നേടുന്ന ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. പതിനാലാം തവണയാണ് രോഹിത് ഏകദിന ക്രിക്കറ്റില്‍ 125ഓ അതില്‍ കൂടുതലോ റണ്‍സ് നേടുന്നത്. 13 തവണ 125ല്‍ കൂടുതല്‍ സ്കോര്‍ ചെയ്തിട്ടുള്ള ക്യാപ്റ്റന്‍ വിരാട് കോലിയെ ആണ് രോഹിത് ഇന്ന് മറികടന്നത്. 19 തവണ 125ല്‍ കൂടുതല്‍ റണ്‍സടിച്ചിട്ടുള്ള ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് രോഹിത്തിന് മുമ്പിലുള്ളത്.

click me!