ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനം; ഇന്ത്യയുടെ സാധ്യതാ ടീം

By Web TeamFirst Published Jan 21, 2019, 1:35 PM IST
Highlights

രോഹിത് ശര്‍യും ശീഖര്‍ ധവാനും തന്നെയാകും ഓപ്പണിംഗില്‍ ഇന്ത്യയുടെ ആദ്യ ചോയ്സ്. ഓസ്ട്രേലിയയില്‍ കാര്യമായി തിളങ്ങാനായില്ലെങ്കിലും ധവാന് വീണ്ടും അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയാറായേക്കും.

ക്രൈസ്റ്റ്ചര്‍ച്ച്: ഓസ്ട്രേലിയയിലെ ചരിത്ര നേട്ടത്തിനുശേഷം ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിലെത്തി. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20യും അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ബുധനാഴ്ച നടക്കും. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര നേടിയെങ്കിലും ലോകകപ്പിന് ഇന്ത്യന്‍ ടീം പൂര്‍ണ സജ്ജമായി എന്ന് ഇപ്പോഴും ഉറപ്പിക്കാനായിട്ടില്ല. മധ്യനിരയില്‍ ഏതാനും സ്ഥാനങ്ങള്‍ ഇപ്പോഴും ആര്‍ക്കും അവകാശപ്പെടാമെന്ന സഥിതിയാണ്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

രോഹിത് ശര്‍യും ശീഖര്‍ ധവാനും തന്നെയാകും ഓപ്പണിംഗില്‍ ഇന്ത്യയുടെ ആദ്യ ചോയ്സ്. ഓസ്ട്രേലിയയില്‍ കാര്യമായി തിളങ്ങാനായില്ലെങ്കിലും ധവാന് വീണ്ടും അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയാറായേക്കും. ശുഭ്മാന്‍ ഗില്ലാണ് ടീമിന്റെ റിസര്‍വ് ഓപ്പണര്‍. ആദ്യ രണ്ട് മത്സരങ്ങളിലെങ്കിലും ധവാന്‍ തിളങ്ങിയില്ലെങ്കിലും ഗില്ലിനെ ഓപ്പണിംഗിലേക്ക് പരിഗണിക്കാനിടയുള്ളു.

വണ്‍ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലിയെത്തുമ്പോള്‍ നാലാം നമ്പറില്‍ ധോണി തന്നെ ഇറങ്ങുമോ അമ്പാട്ടി റായിഡുവിന് വീണ്ടും അവസരം നല്‍കുമോ എന്നാണ് കണ്ടറിയേണ്ടത്. ധോണി നാലാമനായി ഇറങ്ങിയാല്‍ കേദാര്‍ ജാദവ് അഞ്ചാം നമ്പറില്‍ ക്രീസിലെത്തും. ദിനേശ് കാര്‍ത്തിക്ക് ആറാമനായും ഇറങ്ങാനാണ് സാധ്യത.

ഹര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ അഞ്ചാം ബൗളറെന്ന നിലയിലും ബാറ്റിംഗ് ഓള്‍ റൗണ്ടറെന്ന നിലയിലും വിജയ് ശങ്കര്‍ക്ക് ഏഴാം നമ്പറില്‍ അവസരമൊരുങ്ങും. ഓസ്ട്രേലിയയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജഡേജയോ കുല്‍ദീപ് യാദവോ ആകും എട്ടാമനായി ക്രീസിലെത്തുക. ഒമ്പതാം നമ്പറില്‍ യുസ്‌വേന്ദ്ര ചാഹല്‍ എത്തുമ്പോള്‍ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും തന്നെയാകും പേസര്‍മാര്‍.

click me!