പാണ്ഡ്യയ്ക്കും രാഹുലിനും ചെറിയ ആശ്വാസം; ഉത്തരവാദിത്വം ഏറ്റെടുത്ത് പരിപാടിയുടെ അവതാരകൻ

By Web TeamFirst Published Jan 23, 2019, 6:02 PM IST
Highlights

പരിപാടിയിൽ പങ്കെടുത്ത് താരങ്ങൾ വിവാദത്തിൽപ്പെട്ട സംഭവത്തിൽ ആ​ദ്യമായി പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് കരൺ ജോഹർ. പരിപാടിയിൽ പങ്കെടുത്തതുകൊണ്ടാണ് താരങ്ങൾ ഈ ​ഗതിയിലായതെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം തനിക്കാണെന്നും കരണ്‍ ജോഹര്‍ പറഞ്ഞു. 

മുംബൈ: ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ അവതരിപ്പിക്കുന്ന പരിപാടിയിലാണ് ഇന്ത്യന്‍ താരങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി വിവാ​ദത്തിലായത്. പരിപാടിയിൽ പങ്കെടുത്ത് താരങ്ങൾ വിവാദത്തിൽപ്പെട്ട സംഭവത്തിൽ ആ​ദ്യമായി പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് കരൺ ജോഹർ. 

പരിപാടിയിൽ പങ്കെടുത്തതുകൊണ്ടാണ് താരങ്ങൾ ഈ ​ഗതിയിലായതെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം തനിക്കാണെന്നും കരണ്‍ ജോഹര്‍ പറഞ്ഞു. ‘അത് എന്റെ ഷോ ആയതുകൊണ്ട് തന്നെ അതിന്റെ ഉത്തരവാദിത്തം എനിക്കാണ്. അത് എന്റെ വേദിയായിരുന്നു. അവരെ അതിഥികളായി ക്ഷണിച്ചത് ഞാനാണ്. അതുകൊണ്ട് പരിപാടിമൂലം ഉണ്ടാകുന്നതിന്റെ പ്രശ്നത്തിന്റെ ഉത്തരവാദിത്വം തനിക്കാണ്. ഈ നഷ്ടം എങ്ങനെ നികത്താനാകുമെന്നും എന്റെ വാക്കുകൾ ആര്  കേള്‍ക്കും എന്ന് ചിന്തിച്ച് എനിക്ക് ഉറക്കമില്ലാത്ത ഒരുപാട് രാത്രികള്‍ ഉണ്ടായിട്ടുണ്ട്. ഇത് ഇപ്പോള്‍ എന്റെ നിയന്ത്രണത്തിനും അപ്പുറത്ത് എത്തിയിരിക്കുകയാണെന്നും’ കരണ്‍ ജോഹര്‍ പറഞ്ഞു.

ഞാന്‍ സ്വയം പ്രതിരോധിക്കുകയല്ല, പക്ഷേ സ്ത്രീകള്‍ അടക്കമുളള അതിഥികളോട് ചോദിക്കുന്ന ചോദ്യമാണ് ഞാന്‍ അവരോടും ചോദിച്ചത്. എന്നാൽ ഇരുവരും നൽകിയ ഉത്തരങ്ങളിൽ തനിക്കൊരു സ്വാധീനവുമില്ല. 16 പെൺകുട്ടികളോളം ജോലി ചെയ്യുന്ന ഒരു കൺ‌ട്രോൾ റൂം തനിക്കുണ്ട്. കൂടാതെ ഈ പരിപാടിയിലെ അണിയറ പ്രവർത്തകർ മുഴുവനും സ്ത്രീകളാണ്. ഞാൻ ഒരാൾ മാത്രമാണ് ഇവിടെ പുരുഷനായുള്ളതെന്നും കരൺ കൂട്ടിച്ചേർത്തു.

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായതിനെ തുടർന്ന് പാണ്ഡ്യയെയും രാഹുലിനേയും ബിസിസിഐ സസ്പെന്‍ഷഡ് ചെയ്തിരുന്നു.ഓസീസ് പര്യടനത്തിനുശേഷം നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ പാണ്ഡ്യയും രാഹുലും കളിക്കുന്നില്ല. ബിസിസിഐയുമായി കരാറുള്ള താരങ്ങള്‍ മുന്‍കൂര്‍ അനുമതി നേടിയശേഷം മാത്രമേ ടെലിവിഷന്‍ ഷോകളില്‍ പങ്കെടുക്കാന്‍ പാടുള്ളൂവെന്നുണ്ട്. എന്നാല്‍ ഇരുവരും അനുമതി തേടിയിരുന്നോ എന്നകാര്യവും വ്യക്തമല്ല. സംഭവത്തിൽ താരങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് പി എസ് നരസിംഹയെ അമിക്കസ് ക്യൂറിയായി സുപ്രീംകോടതി നിയമിച്ചിട്ടുണ്ട്.

അതേസമയം സംഭവത്തിൽ ഇരുവരും ബിസിസിഐക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. വിവാദ പ്രസ്താവനകളില്‍ ഹര്‍ദ്ദിക് പാണ്ഡ്യ സോഷ്യല്‍ മീഡിയയിലൂടെ മാപ്പു പറഞ്ഞെങ്കിലും രാഹുല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും പ്രസ്താവനകളെ  ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും തള്ളികളഞ്ഞിരുന്നു.
 

click me!