ടോക്കിയോയില്‍ മത്സരിക്കുമോ നര്‍സിംഗ് യാദവ്; തിരിച്ചുവരവിന് കളമൊരുങ്ങുന്നു

By Web TeamFirst Published Mar 30, 2020, 10:49 AM IST
Highlights

ടോക്കിയോ ഒളിംപിക്സ് യോഗ്യതാ മത്സരങ്ങളില്‍ നര്‍സിംഗിന് അവസരം നൽകുമെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ദില്ലി: ഉത്തേജക മരുന്ന് വിവാദത്തിൽ വിലക്ക് നേരിടുന്ന ഗുസ്തി താരം നര്‍സിംഗ്  യാദവിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു. ടോക്കിയോ ഒളിംപിക്സ് യോഗ്യതാ മത്സരങ്ങളില്‍ നരസിംഗിന് അവസരം നൽകുമെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

2016ലെ റിയോ ഒളിംപിക്സിന് മുന്‍പ് പട്യാലയിലെ ഇന്ത്യന്‍ ക്യാംപില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘമെത്തുമ്പോള്‍ രാജ്യത്തിന്‍റെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു നര്‍സിംഗ് യാദവ്. എന്നാൽ ഒളിപിക്സിന് ആഴ്ചകള്‍ക്ക് മുന്‍പ് ഉത്തേജകമരുന്ന് വിവാദത്തിൽ നരസിംഗ് കുടുങ്ങി. നര്‍സിംഗിന്‍റെ എതിരാളിയായ ഒരു പ്രമുഖതാരത്തിന്‍റെ നിര്‍ദേശപ്രകാരം കുടിവെള്ളത്തിൽ ഉത്തേജകമരുന്ന് കലര്‍ത്തിയെന്ന് പരക്കെ വിശ്വസിക്കപ്പെട്ടെങ്കിലും തെളിവുകളുടെ അഭാവത്തിൽ നാല് വര്‍ഷത്തേക്ക് വാഡ വിലക്കി.

ഈ വര്‍ഷം ഓഗസ്റ്റ് വരെ വിലക്ക് നിലവിലുള്ളതിനാല്‍ ടോക്കിയോ ഒളിംപിക്സില്‍ നര്‍സിംഗിന് മത്സരിക്കാനാവുമായിരുന്നില്ല. എന്നാൽ ഒളിംപിക്സ് 2021ലേക്ക് നീട്ടിയതോടെ നര്‍സിംഗിന് യോഗ്യതാ മത്സരങ്ങളിൽ പങ്കെടക്കാന്‍ വഴി തുറക്കുകയാണ്.

നര്‍സിംഗ് താത്പര്യം പ്രകടിപ്പിച്ചാൽ ദേശീയ ചാമ്പ്യന്‍ഷിപ്പിൽ അവസരം നൽകുമെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍ സെക്രട്ടറി ജനറലും ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി അംഗവുമായ വി എന്‍ പ്രസൂദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 74 കിലോ വിഭാഗത്തിൽ മറ്റു ഇന്ത്യന്‍ താരങ്ങള്‍ ഒളിംപിക്സ് ക്വാട്ട നേടിയിട്ടില്ലാത്തത് നര്‍സിംഗിന് അനുകൂഘടകമായേക്കുമെന്ന് പ്രസൂദ് സൂചിപ്പിച്ചു. 

ലോക ചാമ്പ്യന്‍ഷിപ്പില്‍ അടക്കം മെ‍ഡൽ നേടിയിട്ടുള്ള നരസിംഗിന് തിരിച്ചുവരവിലും പഴയ ഫോം പുറത്തെടുക്കാനായാൽ ടോക്കിയോയിലെ പോഡിയത്തിൽ ഇന്ത്യന്‍ സാന്നിധ്യം കാണാനായേക്കും.
 

click me!