പാണ്ഡ്യ-രാഹുല്‍ വിഷയത്തില്‍ പ്രതികരണവുമായി രാഹുല്‍ ദ്രാവിഡ്

By Web TeamFirst Published Jan 22, 2019, 2:12 PM IST
Highlights

വിവിധ സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരാണ് ഓരോ ടീമിലെയും കളിക്കാര്‍. അതുകൊണ്ടുതന്നെ പ്രശ്നങ്ങളുണ്ടാകാം. അത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് എപ്പോഴും വേണ്ടത്. ടീമിലെ അവരുടെ റോളിനെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തുകയും വേണം.

ചെന്നൈ: ടിവി ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് സസ്പെന്‍ഷനിലായ ഹര്‍ദ്ദിക് പാണ്ഡ്യയുടെയും കെഎല്‍ രാഹുലിന്റെയും വിഷയത്തില്‍ പ്രതികരണവുമായി രാഹുല്‍ ദ്രാവിഡ്. ഇരുവരെയും അമിതമായി വിമര്‍ശിക്കേണ്ട കാര്യമില്ലെന്ന് ദ്രാവിഡ് പറഞ്ഞു. ഇതാദ്യമായല്ല കളിക്കാര്‍ തെറ്റു ചെയ്യുന്നത്. മുമ്പും കളിക്കാര്‍ തെറ്റ് ചെയ്തിട്ടുണ്ട്. ഇനിയും ഇതുപോലെ താരങ്ങള്‍ തെറ്റു ചെയ്തേക്കാം. ഇത് അവസാനത്തേത് അല്ല.  അതുകൊണ്ട് തെറ്റും ചെയ്ത കളിക്കാര്‍ക്ക് ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നല്ല പാഠങ്ങളാണ് പകര്‍ന്നുനല്‍കേണ്ടത്.

അല്ലാതെ അവരെയും നിലവിലുള്ള സമ്പ്രദായങ്ങളെയും വിമര്‍ശനങ്ങള്‍കൊണ്ട് മൂടുകയല്ലെന്നും ദ്രാവിഡ് ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിവിധ സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരാണ് ഓരോ ടീമിലെയും കളിക്കാര്‍. അതുകൊണ്ടുതന്നെ പ്രശ്നങ്ങളുണ്ടാകാം. അത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് എപ്പോഴും വേണ്ടത്. ടീമിലെ അവരുടെ റോളിനെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തുകയും വേണം.

കര്‍ണാടക ടീമിലെ സീനിയര്‍ താരങ്ങളെ കണ്ടാണ് ‌ഞാന്‍ പഠിച്ചതും വളര്‍ന്നതും. അവരായിരുന്നു എന്റെ റോള്‍ മോഡല്‍സ്.എനിക്കാരും ഉപദേശങ്ങള്‍ നല്‍കിയിട്ടില്ല. എല്ലാം ഞാന്‍ കണ്ടു പഠിക്കുകയായിരുന്നു. അതുകൊണ്ട്, ഡ്രസ്സിംഗ് റൂമിലെ സീനിയര്‍ താരങ്ങളില്‍ നിന്നാണ് ഒരു ടീം അംഗത്തിന് എപ്പോഴും നല്ല മാതൃകകള്‍ ലഭിക്കേണ്ടത്. അല്ലാതെ വെറുതെ അവരെ വിമര്‍ശിച്ചിട്ട് കാര്യമില്ല. ആളുകള്‍ കഴിഞ്ഞതൊക്കെ മറക്കും. എല്ലാ ദിവസവും ഒരുപോലെ മോശമായിരിക്കില്ലെന്ന് കളിക്കാര്‍ ഓര്‍ക്കണമെന്നും ദ്രാവിഡ് പറഞ്ഞു.

click me!