പയ്യന്‍മാര് കൊള്ളാം; ഇന്ത്യന്‍ ടീമില്‍ മത്സരം മുറുകുന്നതായി ശിഖര്‍ ധവാന്‍

By Web TeamFirst Published Jan 25, 2019, 10:28 PM IST
Highlights

ലോകകപ്പിന് മുന്‍പ് ടീമില്‍ ടിക്കറ്റുറപ്പിക്കാന്‍ താരങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണെന്ന് ഓപ്പണര്‍ ശിഖര്‍ ധവാന്‍ പറയുന്നു

ബേ ഓവല്‍: ഏകദിന ലോകകപ്പിന് മുന്‍പ് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍. ടീമില്‍ ടിക്കറ്റുറപ്പിക്കാന്‍ താരങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണെന്ന് ഓപ്പണര്‍ ശിഖര്‍ ധവാന്‍ പറയുന്നു. യുവതാരങ്ങള്‍ അതിവേഗം പക്വത കൈവരിക്കുന്നുണ്ട്. ഇത് ടീമില്‍ കടുത്ത മത്സരമാണ് സൃഷ്ടിക്കുന്നതെന്ന് ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിന് മുന്‍പ് ധവാന്‍ വ്യക്തമാക്കി. 

ടെസ്റ്റ് ടീമിലേക്കുള്ള പൃഥ്വി ഷായുടെ വരവും വിന്‍ഡീസിനെതിരെ നേടിയ സെഞ്ചുറിയും 70 റണ്‍സും നമ്മുടെ സൈഡ് ബഞ്ചിന്‍റെ കരുത്ത് വ്യക്തമാക്കുന്നതാണ്. നിലവില്‍ 15 അംഗ സ്‌ക്വാഡില്‍ തന്നെ താരങ്ങള്‍ തമ്മില്‍ വലിയ മത്സരമാണുള്ളതെന്നും ധവാന്‍ പറഞ്ഞു. ഓസ്ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ന്യൂസീലന്‍ഡിലും സീനിയര്‍ ടീം കരുത്തുകാട്ടുമ്പോള്‍ ഇന്ത്യ എ ടീം ഇംഗ്ലണ്ട് ലയണ്‍സിനെ തൂത്തെറിയുകയാണ്. അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. 

ന്യൂസീലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ 75 റണ്‍സ് നേടി ധവാന്‍ വിജയശില്‍പിയായിരുന്നു. ഏകദിനത്തില്‍ 5000 റണ്‍സെന്ന നാഴികക്കല്ലും ധവാന്‍ പിന്നിട്ടു. നന്നായി കളിക്കാനാകുന്നതായും നേട്ടത്തില്‍ സന്തോഷമുണ്ടെന്നും ധവാന്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെയും ന്യൂസീലന്‍ഡിലെയും സാഹചര്യങ്ങള്‍ തമ്മില്‍ സാമ്യങ്ങളുണ്ട്. അനുഭവസമ്പത്തുള്ള താരമാണ് താന്‍. ന്യൂസീലന്‍ഡില്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്നിട്ടുണ്ട്. അതുകൊണ്ട് എങ്ങനെ കളിക്കണമെന്നും എന്ത് പാടില്ലെന്നും കൃത്യമായി അറിയാമെന്നും ഇന്ത്യന്‍ ഓപ്പണര്‍ കൂട്ടിച്ചേര്‍ത്തു. 

click me!