സുബ്രതോ കപ്പ് ഫൈനല്‍ കാണാന്‍ റിവാള്‍ഡോ ഇന്ത്യയിലേക്ക്

By Web DeskFirst Published Sep 8, 2016, 12:02 PM IST
Highlights

ദില്ലി: ബ്രസീല്‍ മുന്‍ ക്യാപ്റ്റന്‍ റിവാള്‍ഡോ ഇന്ത്യയിലെത്തും.സുബ്രതൊ കപ്പ് ഫുട്ബോള്‍ ഫൈനല്‍ കാണാന്‍ അടുത്തമാസം 22നാണ് റിവാള്‍ഡോ ദില്ലിയിലെത്തുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. റൊണാള്‍ഡോ, റൊണാള്‍ഡിഞ്ഞോ, റോബര്‍ട്ടോ കാര്‍ലോസ്, എന്നിവര്‍ക്കൊപ്പം ബ്രസീല്‍ ഫുട്ബോള്‍ അടക്കി ഭരിച്ചിരുന്ന റിവാള്‍ഡോ ഇന്ത്യന്‍ വ്യോമസേനയുടെ ക്ഷണം സ്വീകരിച്ചാണ് ദില്ലിയിലെത്തുന്നത്.

വ്യോമസേന സംഘടിപ്പിക്കുന്ന സുബ്രതോ കപ്പിന്റെ 57ആം പതിപ്പിന്റെ സമാപനസമ്മേളനത്തില്‍ റിവാള്‍ഡോ മുഖ്യ അതിഥിയാകും. 2002ല്‍ ബ്രസീലിനെ ലോക ജേതാക്കളാക്കുന്നതിലും 1998ല്‍ ഫൈനലിലെത്തിക്കുന്നതിലും റിവാള്‍ഡോയുടെ പങ്കാളിത്തമുണ്ടായിരുന്നു. 1999ല്‍ ലോക ഫുട്ബോള്‍ പുരസ്കാരവും സ്വന്തമാക്കിയ റിവാള്‍ഡോയുടെ വരവ് ഇന്ത്യന്‍ കൗമാര ഫുട്ബോളിന്  ഉണര്‍വേകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ബുധനാഴ്ച തുടങ്ങുന്ന സുബ്രതോകപ്പില്‍ കേരളത്തില്‍ നിന്ന് മൂന്ന് സ്കൂളുകളാണ് പങ്കെടുക്കുന്നത്. 17 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫറൂഖ് സ്കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളായണി അയ്യങ്കാളി സ്മാരണ സ്കൂളും മത്സരിക്കാനിറങ്ങും. 14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാത്രമാണ് എംഎസ്‌പി മലപ്പുറം പങ്കെടുക്കുന്നത്. മൊത്തം 112 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 30 വിദേശ ക്ലബ്ബുളും മത്സരിക്കുന്നുണ്ട്. മികവ് പുറത്തെടുക്കുന്ന താരങ്ങളെ ഐഎസ്എല്‍ ടീമായ ഡെല്‍ഹി ഡൈനാമോസ് ജൂനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തും.

 

click me!