ധോണി വിരമിക്കണോ; ഒടുവില്‍ സച്ചിനും പ്രതികരിച്ചു

By Web DeskFirst Published Jul 22, 2018, 9:15 PM IST
Highlights
  • തീരുമാനം ധോണിക്ക് തന്നെ വിട്ടുകൊടുക്കുന്നതാണ് ഉചിതമെന്ന് സച്ചിന്‍

മുംബൈ: ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര വിജയം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് വലിയ നിരാശയാണ് മൂന്നാം ഏകദിനം സമ്മാനിച്ചത്. ആദ്യ മത്സരത്തില്‍ വിജയിച്ച് മുന്നിലെത്തിയ ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് പരമ്പര നഷ്ടപ്പെടുത്തുകയായിരുന്നു. ഇംഗ്ലിഷ് മണ്ണിലെ തോല്‍വിയെക്കാളും ആരാധകരെ നിരാശപ്പെടുത്തിയത് ധോണിയുടെ പ്രകടനമാണ്.

മൂന്നാം ഏകദിനത്തില്‍ 66 പന്തില്‍ നിന്ന് 42 റണ്‍സാണ് എംഎസ് ധോണി നേടിയത്. സിംഗും പേസും ഉള്ള ഇംഗ്ലിഷ് മൈതാനത്ത് റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന പഴയ ലോകോത്തര ഫിനിഷറെകണ്ട് ഇന്ത്യന്‍ ആരാധകര്‍ സങ്കടപ്പെടുകയാണ്. ധോണി വിരമിക്കണമെന്ന ആവശ്യം വലിയ തോതില്‍ അവര്‍ ഉയര്‍ത്തിക്കഴിഞ്ഞു.

ക്രിക്കറ്റ് ലോകത്തും ഭരണരംഗത്തും ആവശ്യം ശക്തമായിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച നായകരില്‍ ഒരാളും ബിസിസിഐ ഭരണസമിതി അംഗവുമായ സൗരവ് ഗാംഗുലിയടക്കമുള്ളവര്‍ ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ധോണി മോശം ഫോമിലാണെന്നും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്നും ഗാംഗുലി ചൂണ്ടികാട്ടിയിരുന്നു. അതിനിടയിലാണ് ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറും വിഷയത്തില്‍ അഭിപ്രായവുമായി രംഗത്തെത്തിയത്.

ധോണി മികച്ച താരമാണെന്നും അയാള്‍ക്ക് വിരമിക്കല്‍ സംബന്ധിച്ച കൃത്യമായ തീരുമാനങ്ങളുണ്ടാകുമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. തന്‍റെ പ്രതിഭയെ സംബന്ധിച്ച് ധോണിക്ക് മറ്റാരെക്കാളും അറിവുണ്ടെന്നും വിരമിക്കേണ്ട കൃത്യസമയത്ത് താരം വിരമിക്കുമെന്നും തെന്‍ഡുല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

സ്വയം വിലയിരുത്തല്‍ നടത്താന്‍ ശേഷിയുള്ള ധോണിയെപ്പോലൊരു താരത്തിന്‍റെ വിരമിക്കലിനായി മുറവിളി കൂട്ടേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. തീരുമാനം ധോണിക്ക് തന്നെ വിട്ടുകൊടുക്കണമെന്നും ഉചിതമായ തീരുമാനമെടുക്കുന്നതില്‍ ആരേക്കാളും മുന്നിലാണ് ധോണിയെന്ന കാര്യത്തില്‍ സംശമില്ലെന്നും സച്ചിന്‍ വ്യക്തമാക്കി.

click me!