5G തരംഗങ്ങൾ കാൻസറിന് കാരണമാകുമെന്ന ആക്ഷേപം ഗൂഢാലോചനയോ ?

By Web TeamFirst Published May 14, 2019, 2:40 PM IST
Highlights

ഇന്ത്യയിൽ 5G സാങ്കേതികവിദ്യ വരാൻ ഇനി അധികനാൾ അവശേഷിക്കുന്നില്ല. അതുകൊണ്ടുതന്നെ, ഇതുകാരണം ഉണ്ടാവാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചൊക്കെ നമ്മൾ ഗവേഷണങ്ങൾ നടത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. 

ഇന്ത്യയിൽ  അടുത്ത മൂന്നു വർഷത്തിനുള്ളിൽ  5G സാങ്കേതികവിദ്യ എല്ലാവർക്കും ലഭ്യമാവും എന്നാണ് കരുതപ്പെടുന്നത്. അമേരിക്കയിൽ ഇപ്പോൾ തന്നെ 5G അടിസ്ഥാനപ്പെടുത്തിയുള്ള ഇന്റർനെറ്റ് സംവിധാനങ്ങൾ എല്ലാ പ്രധാന നഗരങ്ങളിലും നിലവിൽ വന്നു കഴിഞ്ഞു. അമേരിക്കയുടെ എല്ലാ കോണിലേക്കും അത് ത്വരിതഗതിയിൽ വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ അവസരത്തിൽ   5G യുടെ പേരിൽ ഒരു തുറന്ന രാഷ്ട്രീയ യുദ്ധത്തിലേക്ക് നീങ്ങിയിരിക്കുകയാണ് അമേരിക്കയിലെ രണ്ടു പ്രധാന മാധ്യമസ്ഥാപനങ്ങൾ. 

രണ്ടു ദിവസം മുമ്പ് ന്യൂയോർക്ക് ടൈംസ് പത്രം ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. 'നിങ്ങളുടെ 5G  ഫോൺ  തികച്ചും നിരുപദ്രവകരമാണ്, പക്ഷേ നിങ്ങളെ മറിച്ച് വിശ്വസിപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നത് ' എന്നായിരുന്നു അതിന്റെ തലക്കെട്ട്. ലോകരാജ്യങ്ങൾക്കിടയിൽ അമേരിക്കയ്ക്ക് കാര്യമായ മുൻകൈ നേടിക്കൊടുക്കാൻ പോന്ന  5G എന്ന സാങ്കേതികവിദ്യയ്ക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ഒരു ഗുരുതരമായ പ്രശ്നമുണ്ട് എന്ന അസത്യപ്രചാരണം റഷ്യയുമായി അവിഹിതബന്ധങ്ങളുള്ള, വൈറ്റ് ഹൗസിൽ നിന്നും വിളിപ്പാടകലെയുള്ള ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന,  RT AMERICA എന്ന ടിവി ചാനൽ നടത്തുന്നു എന്നായിരുന്നു ന്യൂയോർക്ക് ടൈംസ്  ഉന്നയിച്ച ഗുരുതരമായ ആരോപണം.  റഷ്യൻ പ്രധാനമന്ത്രി വ്ലാദിമിർ പുടിനുമായി RTയ്ക്ക്  നിഗൂഢബന്ധങ്ങളുണ്ടെന്നും, റഷ്യയുടെ താത്പര്യങ്ങളാണ് അവർ മുന്നോട്ടുവെക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. 

2016 -ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ പേരിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന ഏജൻസിയാണ് RT AMERICA. അവരുടെ ഈ '5G കാരണം നശിച്ചേക്കാവുന്ന പൊതുജനാരോഗ്യ'ത്തെപ്പറ്റിയുള്ള വ്യാകുലതകൾക്കു പിന്നിൽ റഷ്യയുടെ കറുത്ത കാര്യങ്ങളാണെന്ന് ന്യൂയോർക്ക് ടൈംസ് ആരോപിക്കുന്നു. അവർ ഈ ഗൂഢശ്രമങ്ങളെ 'ജിയോ-പൊളിറ്റിക്കൽ' കടന്നുകയറ്റം എന്നാണ് വിളിച്ചത്. റഷ്യയ്ക്ക് തൽക്കാലം  5G സാങ്കേതികവിദ്യയിൽ കാര്യമായ മുന്നേറ്റങ്ങളൊന്നും തന്നെ നടത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, തങ്ങൾ കൂടെ ഓടിയെത്തും വരെ മറ്റുരാജ്യങ്ങളിലെ ഈ രംഗത്തെ സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്തെ യാതൊരു അടിസ്ഥാനവുമില്ലാത്ത ചില രോഗ ഭീതികൾ  അതാത് രാജ്യത്തെ മാധ്യമസ്ഥാപനങ്ങളെ സ്വാധീനിച്ചുകൊണ്ട് ഇളക്കിവിട്ട് മന്ദഗതിയിലാക്കാനാണ് റഷ്യയുടെ ശ്രമം എന്നും അവർ ലേഖനത്തിൽ സമർത്ഥിക്കുന്നുണ്ട്. 

മാധ്യമരംഗത്തെ അസത്യപ്രചാരണങ്ങളെ ചെറുക്കുന്ന 'ന്യൂ നോളജ് ' എന്ന  സ്ഥാപനത്തിന്റെ വക്താവായ റയാൻ ഫോക്സ്  RT AMERICAയുടെ ഈ പ്രചാരണങ്ങളെ 'സാമ്പത്തിക യുദ്ധം' (Economic Warfare) എന്നാണ് വിശേഷിപ്പിച്ചത്. ലോകത്തെമ്പാടും സാങ്കേതികവിദ്യകളിൽ നടക്കുന്ന മുന്നേറ്റങ്ങളെ ആ രാജ്യങ്ങളിലെ ജനാധിപത്യപാർട്ടികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ആരോഗ്യ പ്രശ്നങ്ങളുടെ  നൂലാമാലകൾ മനഃപൂർവം ഉയർത്തിവിട്ട് തളർത്താനാണ് ക്രെംലിൻ എന്നും ശ്രമിച്ചു പോന്നിട്ടുള്ളതെന്ന്, ഫിയാനാ ടെക്‌നോളജീസ് എന്ന കൺസൾട്ടിങ്ങ് സ്ഥാപനത്തിന്റെ  മേധാവിയായ മോളി മക്ക്യൂ പറഞ്ഞത്. 

അതേസമയം, തങ്ങൾക്കു നേരെ ഉയർന്നിരിക്കുന്ന റഷ്യൻ ബന്ധങ്ങളെപ്പറ്റിയുള്ള ആരോപണങ്ങളെല്ലാം തന്നെ തള്ളിക്കൊണ്ട് RT  AMERICAയും രംഗത്ത് വന്നിട്ടുണ്ട്. അവർ ന്യൂയോർക്ക് ടൈംസിനെ ട്രംപിന്റെ താത്പര്യങ്ങൾ നിലനിർത്തുന്ന മാധ്യമം എന്നാണ് വിശേഷിപ്പിച്ചത്. 5G സാങ്കേതികവിദ്യയിൽ ടവറുകൾ  താരതമ്യേന ചെറുതും  എണ്ണത്തിൽ  4Gയെക്കാൾ ഏറെ കൂടുതലും ആയതിനാൽ അവ പുറപ്പെടുവിക്കുന്ന ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ മനുഷ്യർക്കുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എത്രയോ ഇരട്ടിയാണെന്നും, ഈ ടവറുകൾ  ബ്രെയിൻ ട്യൂമർ, വന്ധ്യതാ, ഓട്ടിസം, ഹൃദ്രോഗങ്ങൾ, അൽഷൈമേഴ്‌സ് എന്നിങ്ങനെ നിരവധി രോഗങ്ങൾക്ക് കാരണമാവും എന്ന് സൂചിപ്പിക്കുന്ന നിരവധി ശാസ്ത്ര പഠനങ്ങൾ അമേരിക്കയടക്കം നിരവധി രാജ്യങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ടെന്ന് RT  AMERICA ന്യൂയോർക്ക് ടൈംസിന്റെ ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ട് പറയുന്നു. 

ഇപ്പോഴത്തെ മൊബൈൽ ടെക്‌നോളജി പ്രവർത്തിക്കുന്നത് റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ ഉപയോഗിക്കാപ്പെടുത്തിയാണ്. എന്നാൽ 5G പ്രവർത്തിക്കുന്നത് അൾട്രാ ഹൈ ഫ്രീക്വൻസി തരംഗങ്ങൾ ഉപയോഗിച്ചാണ്. തരംഗങ്ങളുടെ തീവ്രതയും അൾട്രാ ഹൈ ആണ്. മാത്രവുമല്ല, 5Gയിൽ ഉപയോഗിക്കുന്ന തരംഗ ദൈർഘ്യം കുറഞ്ഞ മില്ലിമീറ്റർ തരംഗങ്ങൾ അധികദൂരം സഞ്ചരിക്കാൻ ശേഷിയുള്ളവയല്ല. അതിനാൽ, ഇപ്പോഴുള്ള വലിയ ടവറുകൾക്കു പകരം മിനി ഠ ടവറുകൾ, അതും അഞ്ചാറു വീടുകൾ ഇടവിട്ട് വേണ്ടിവരും 5G നെറ്റ് വർക്കുകൾക്ക്. ഇത് സെൽ ടവറുകളിൽ നിന്നും പുറപ്പെടുന്ന ഈ അതിതീവ്ര തരംഗങ്ങളുമായുള്ള പൊതുജനങ്ങളുടെ സമ്പർക്കസാധ്യത കൂടാനും, അതുമൂലം കൂടുതൽ രോഗങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട് എന്നാണ് RT AMERICA അടക്കമുള്ള 5G വിരുദ്ധർ പറയുന്നത്. 

ഇന്ത്യയിൽ ഈ സാങ്കേതികവിദ്യ വരാൻ ഇനി അധികനാൾ അവശേഷിക്കുന്നില്ല. അതുകൊണ്ടുതന്നെ, ഇതുകാരണം ഉണ്ടാവാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചൊക്കെ നമ്മൾ ഗവേഷണങ്ങൾ നടത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. 

click me!