
റിയോ ഡി ജനീറോ: ക്വാറന്റൈന്‍ നടപടികളെ ചോദ്യം ചെയ്ത ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊള്‍സൊനാരോയുടെ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. സാമൂഹിക മാധ്യമങ്ങളുടെ നിയമങ്ങള്‍ ലംഘിച്ചതിനാലാണ് ബൊള്‍സൊനാരോയുടെ രണ്ട് ട്വീറ്റുകള്‍ നീക്കം ചെയ്തതെന്ന് ട്വിറ്റര്‍ അറിയിച്ചു.
ബ്രസീലിലെ തെരുവുകളില്‍ ജനങ്ങളോട് ബൊള്‍സൊനാരോ സംസാരിക്കുന്നതിന്റെ നിരവധി വീഡിയോകള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ക്വാറന്റൈന്‍ നടപടികളേക്കാള്‍ ബ്രസീലിന്റെ സമ്പദ് വ്യവസ്ഥയെ തടസ്സങ്ങളില്ലാതെ മുമ്പോട്ട് നയിക്കുന്നതില്‍ ശ്രദ്ധ വേണമെന്ന പരാമര്‍ശം ഉള്‍പ്പെടുന്നതാണ് ബ്രസീലിയന്‍ പ്രസിഡന്റ് പങ്കുവെച്ച വീഡിയോകള്‍. ഇതില്‍ രണ്ടെണ്ണമാണ് ട്വിറ്റര്‍ നീക്കിയത്.
പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. ഇതിനുവേണ്ടി തങ്ങളുടെ നയങ്ങില്‍ ആഗോളതലത്തില്‍ മാറ്റങ്ങള്‍ വരുത്തിയെന്നും ട്വിറ്റര്‍ കൂട്ടിച്ചേര്‍ത്തു.
നീക്കം ചെയ്ത ഒരു വീഡിയോയില്‍ തെരുവിലെ കച്ചവടക്കാരനുമായി സംസാരിക്കുന്ന ബൊള്‍സൊനാരോ ജനങ്ങള്‍ക്ക് ജോലിക്ക് പോകണമെന്നാണ് ആഗ്രഹമെന്നും 65 വയസ്സ് കഴിഞ്ഞവര്‍ വീട്ടിലിരിക്കട്ടെ എന്നാണ് തുടക്കം മുതല്‍ പറയുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. ഈ അസുഖം വന്ന് മരിച്ചില്ലെങ്കിലും മറ്റ് പ്രയാസങ്ങള്‍ ഉണ്ടാകുമല്ലോ എന്ന കച്ചവടക്കാരന്‍റെ ചോദ്യത്തിന് നിങ്ങള്‍ മരിക്കാന്‍ പോകുന്നില്ലെന്നായിരുന്നു ബൊള്‍സൊനാരോ മറുപടി നല്‍കിയത്.
മറ്റൊരു വീഡിയോയില്‍ ബ്രസീലിലെ ചില സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നടപടികളെയും അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ തൊഴിലില്ലായ്മ രൂക്ഷമാകുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നുമാണ് ബൊള്‍സൊനാരോ പറഞ്ഞത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം