ഇന്ത്യയുടെ വഴിയേ അമേരിക്കയും; രണ്ട് ദിവസത്തിനുള്ളില്‍ ടിക് ടോക് നിരോധിച്ചേക്കും

By Web TeamFirst Published Sep 18, 2020, 7:42 PM IST
Highlights

ടിക് ടോക് അമേരിക്കന്‍ കമ്പനികള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് നിരോധന വാര്‍ത്ത പുറത്തുവന്നത്.
 

വാഷിംഗ്ടണ്‍: ഞായറാഴ്ചക്കുള്ളില്‍ അമേരിക്കയില്‍ ചൈനീസ് ആപ്പുകളായ ടിക് ടോക്കും വി ചാറ്റും നിരോധിക്കുമെന്ന് സര്‍ക്കാര്‍. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കമ്പനി അധികൃതര്‍ നടത്തുന്ന ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ ആപ്പുകള്‍ നിരോധിക്കും. സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ യുഎസ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചത്.  അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ്  വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം നിരോധന തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

ടിക് ടോക് അമേരിക്കന്‍ കമ്പനികള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് നിരോധന വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍, രണ്ട് ദിവസത്തിനകം തീരുമാനമായാല്‍ നിരോധന തീരുമാനം മാറ്റാനും സാധ്യതയുണ്ട്. ടിക് ടോക് നിലനില്‍ക്കണമെങ്കില്‍ അമേരിക്കന്‍ കമ്പനി ഏറ്റെടുക്കണമെന്ന് ഉടമകളായ ബൈറ്റ്ഡാന്‍സിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു. 

തുടര്‍ന്ന് ഒറാക്കിള്‍ കോര്‍പ്പറേഷന്‍ എന്ന കമ്പനിയുമായി ബൈറ്റ്ഡാന്‍സ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ടിക് ടോക് ഗ്ലോബല്‍ എന്ന പുതിയ കമ്പനി രൂപീകരിക്കാനാണ് നീക്കം. ആപ്പിള്‍ സ്റ്റോര്‍, പ്ലേസ്റ്റോര്‍ എന്നിവയില്‍ നിന്ന് ഈ ചൈനീസ് ആപ്പുകള്‍ നീക്കം ചെയ്യാന്‍സ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയാണ് ആദ്യം ടിക് ടോക്, പബ്ജി അടക്കമുള്ള നിരവധി ചൈനീസ് ആപ്പുകള്‍ രണ്ട് ഘട്ടങ്ങളിലായി നിരോധിച്ചത്. ജനപ്രിയ ആപ്പുകള്‍ നിരോധിച്ചത് ചൈനക്ക് വലിയ തിരിച്ചടിയായിരുന്നു. 30 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിന് ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഇന്ത്യ കഴിഞ്ഞാല്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ളത്. ചൈനയുമായുള്ള അമേരിക്കയുടെ പ്രശ്‌നങ്ങളും ആപ് നിരോധനത്തിലേക്ക് നയിച്ചു. 

click me!