ഘാനയുടെ നാലടിയില്‍ ഇന്ത്യ വീണു

By Web DeskFirst Published Oct 12, 2017, 10:10 PM IST
Highlights

ദില്ലി: അണ്ടര്‍ 17 ഫുട്ബോളില്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ നാലു ഗോളിനെങ്കിലും ജയിക്കണമെന്ന ലക്ഷ്യവുമായി അവസാന ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങിയ ഇന്ത്യയെ ഘാന നാലു ഗോളിന് മുക്കി. അവസാന നിമിഷംവരെ പൊരുതിനോക്കിയ ഇന്ത്യന്‍ യുവതുര്‍ക്കികള്‍ക്ക് ഘാനയുടെ കരുത്തിന് മുന്നിലാണ് അടിതെറ്റിയത്. ഘാനക്കായി അയിയാഹ ഇരട്ടഗോള്‍(43, 52) നേടിയപ്പോള്‍ ഡാന്‍സോ, ടോക്കു എന്നിവര്‍ ഗോള്‍പ്പട്ടിക തികച്ചു.

ഘാനയുടെ അതിവഗത്തിനും കരുത്തിനും മുന്നില്‍ അതുവരെ പതറാതെ പിടിച്ചുനിന്ന ഇന്ത്യന്‍ പ്രതിരോധം കളിയുടെ അന്ത്യനിമിഷങ്ങളില്‍ രണ്ടുമിനിട്ടിനുള്ളില്‍ വഴങ്ങിയ രണ്ടു ഗോളുകളാണ് ഇന്ത്യക്ക് മാന്യമായ തോല്‍വി പോലും നിഷേധിച്ചത്. ജയത്തോടെ ഘാന പ്രീക്വാര്‍ട്ടറിലെത്തി. മൂന്ന് മത്സരങ്ങളും തോറ്റ ആതിഥേയരായ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായി.

ആദ്യപകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ഘാനയുടെ മുന്നേറ്റങ്ങളെ കൂട്ടമായി ചെറുക്കുക, അപ്രതീക്ഷിത പ്രത്യാക്രമണം നടത്തുക എന്നതായിരുന്നു ഇന്ത്യന്‍ തന്ത്രം. ഒരുപരിധിവരെ ഇത് ഫലപ്രദമായി നടപ്പാക്കാന്‍ ഇന്ത്യന്‍ കുട്ടികള്‍ക്കായി. എന്നാല്‍ 43-ാം മിനിട്ടില്‍ അയിയാഹ ഇന്ത്യന്‍ പ്രതിരോധം ഭേദിച്ച് ഘാനക്കായി ആദ്യവെടി പൊട്ടിച്ചു. രണ്ടാം പകുതി തുടങ്ങി അധികം കഴിയും മുമ്പെ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പ്രതിരോധം വരുത്തിയ പിഴവ് അയിയാഹയ്ക്കും ഘാനയ്ക്കും രണ്ടാം ഗോളും സമ്മാനിച്ചു.

പിന്നെ ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ ശ്രമം പലപ്പോഴും ഘാനയുടെ പെനല്‍റ്റി ബോക്സില്‍ പോലും എത്തിയില്ല. ഒന്നു രണ്ടു തവണ ലോംഗ് റേഞ്ചറുകളിലൂടെ ഘാന ഗോള്‍ കീപ്പര്‍ക്ക് പന്തെത്തിക്കാന്‍ മാത്രമെ ഇന്ത്യക്കായുള്ളു. അവസാന നിമിഷങ്ങളില്‍ ഇന്ത്യയുടെ തളര്‍ച്ച മുതലാക്കിയ ഘാന കാളക്കൂറ്റന്‍മാരെ ആക്രമിച്ചപ്പോള്‍ ഇന്ത്യന്‍ പ്രതിരോധം പതറി. ഇതിനിടെയാണ് 86, 87 മിനിട്ടുകളില്‍ ഇന്ത്യ ഗോള്‍ വഴങ്ങിയത്.

കൊളംബിയക്കെതിരെ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് കോച്ച് നോര്‍ട്ടന്‍ ഡി മാറ്റോസ് ടീമിനെ ഇറക്കിയത്. രണ്ടാം കളിയിലേതിന് സമാനമായി കോമള്‍ തട്ടാല്‍ ഇത്തവണയും കരയ്ക്കിരുന്നു. നമിത് ദേശ്പാണ്ഡെ, അഭിജിത് സര്‍ക്കാര്‍, റഹീം അലി, മീറ്റി എന്നിവര്‍ക്ക് പകരം ജിതേന്ദ്ര സിംഗ്, നാവോറെം, സുരേഷ് വാംഗ്ജാം, അങ്കീത് ജാദവ് എന്നിവര്‍ ആദ്യ ഇലവനില്‍ കളിച്ചു. 4-3-3-1 ശൈലിയിലാണ് ഘാനയ്ക്കെതിരെ മാറ്റോസ് ടീമിനെ ഇറക്കിയത്.

 

 

click me!