ലോകകപ്പിലെ മിന്നും താരങ്ങള്‍ ഇവരാണ്

By Web DeskFirst Published Oct 28, 2017, 11:27 PM IST
Highlights

കൊല്‍ക്കത്ത: ഇംഗ്ലണ്ടിന്‍റെ കന്നികിരീടത്തോടെ ഇന്ത്യയിലെ ആദ്യ ലോകകപ്പിന് ഫൈനല്‍ വിസില്‍. ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ ലോകകപ്പാണ് ഇന്ത്യയില്‍ സമാപിച്ചത്. സ്‌പെയിന്‍ രണ്ടും ബ്രസീല്‍ മൂന്നും മാലി നാലും സ്ഥാനങ്ങളിലെത്തി. രണ്ട് ഹാട്രിക്കടക്കം ഏട്ട് ഗോളുകള്‍ നേടിയ ഇംഗ്ലണ്ടിന്‍റെ ലിവര്‍പൂള്‍ താരം റയാന്‍ ബ്രൂസ്റ്ററിനാണ് സുവര്‍ണ്ണ പാദുകം.

ആറു ഗോള്‍ വീതം നേടിയ നേടിയ മാലിയുടെ ലസാന ഡയേ, സ്‌പെയിനിന്‍റെ ആബേല്‍ റൂയിസ് എന്നിവരെയാണ് ബ്രൂസ്റ്റര്‍ മറികടന്നത്. ഫൈനലിലെ ഇരട്ട ഗോളുകളടക്കം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലണ്ടിന്‍റെ ഫിലിപ്പ് ഫോഡന്‍ മികച്ച താരമായി. സ്‌പെയിനിന്‍റെ സെര്‍ജിയോ ഗോമസ് സഹതാരം റയാന്‍ ബ്രൂസ്റ്റര്‍ എന്നിവരെ  പിന്തള്ളിയാണ് ഫോഡന്‍റെ നേട്ടം. 

ലോകകപ്പില്‍ 29 തവണ തന്‍റെ മാന്ത്രികകൈ പുറത്തെടുത്ത  ബ്രസീലിന്‍റെ ഗബ്രിയേല്‍ ബ്രസോയാണ് മികച്ച ഗോള്‍കീപ്പര്‍. മാലിയുടെ യൂസഫ് കൊയ്റ്റ, ഇംഗ്ലണ്ടിന്‍റെ കുര്‍ട്ടിസ് ആന്‍ഡേഴ്സണ്‍ എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു. ലോകകപ്പില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ബ്രസീലിനാണ് ഇത്തവണത്തെ ഫെയര്‍ പ്ലേ പുരസ്കാരം. 

32 ഗോളുകള്‍ നേടിയ ഇംഗ്ലണ്ടാണ് ലോകകപ്പില്‍ കൂടുതല്‍ തവണ വലകുലുക്കിയത്. ഇതില്‍ നാലെണ്ണം സെറ്റ്പീസുകളില്‍ നിന്നായിരുന്നു. വെറും ആറ് ഗോളുകള്‍ മാത്രമാണ് വിജയികളായ ഇംഗ്ലണ്ട് വഴങ്ങിയത്. പ്രതിരോധ കോട്ടയും ശക്തമായ ആക്രമണവും ഒരേസമയം പടുത്തുയര്‍ത്തിയ ആഫ്രിക്കന്‍ ശക്തിയായ മാലിയാണ് മികച്ച അറ്റാക്കിംഗ് നിര. 

14 ഗോളുകള്‍ വഴങ്ങിയ ഹോണ്ടുറാസാണ് കുടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീം. ഓരോ ഗോളുകള്‍ നേടിയ ആതിഥേയരായ ഇന്ത്യയും നൈജറുമാണ് കുറഞ്ഞതവണ വലകുലുക്കിയത്. നാല് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായെങ്കിലും അതേസമയം കാണികളുടെ എണ്ണത്തില്‍ ചൈനയുടെ റെക്കോര്‍ഡ് മറികടന്ന് ഒന്നാമതെത്താന്‍ ഇന്ത്യക്കായി. 

click me!