കെഎസ്ആർടിസിക്ക് സിഎൻജി ബസുകൾ വാങ്ങാൻ 455 കോടി രൂപ സർക്കാർ അനുവദിച്ചു

May 18, 2022, 4:01 PM IST

തിരുവനന്തപുരം: മെയ് മാസം 18 ആയിട്ടും കെഎസ്ആര്‍ടിസി(KSRTC) ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയില്ല. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്തില്ല. പക്ഷെ കെഎസ്ആര്‍ടിസിക്ക്  455 കോടി രൂപ അനുവദിച്ചു. കിഫ്ബി(KIIFB) സഹായത്തോടെ 700 cng ബസ്സുകള്‍ വാങ്ങാനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തെ ശമ്പളം വിതരണം ചെയ്യാന്‍ 30 കോടി രൂപ സര്‍ക്കാര്‍ നേരത്തേ അനുവദിച്ചിരുന്നു. പ്രതിമാസം 30 കോടി രൂപയില്‍ കൂടുതല്‍ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. കഴിഞ്ഞ മാസം 45 കോടി ബാങ്ക് ഓവര്‍‍ഡ്രാഫ്റ്റെടുത്താണ് ശമ്പളം വിതരണം പൂര്‍ത്തിയാക്കിയത്. ഈ മാസം എന്ന് ശമ്പളം വിതരണം ചെയ്യുമെന്നു് ഒരുറപ്പും നല്‍കാന്‍ മാനേജ്മെന്‍റ് തയ്യാറായിട്ടില്ല.

ഒരുമാസത്തെ ചെലവ് 250 കോടിക്ക് മേല്‍,വരവ് ചെലവ് കണക്കില്‍ 45 കോടിയോളം അന്തരം

ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എംഡി ബിജുപ്രഭാകര്‍ കെഎസ്ആര്‍ടിസി ഫേസ്ബുക്ക് പേജിലൂടെ വിശദീകരണവുമായി രംഗത്തെത്തി. സ്ഥാപനത്തിന്‍റെ വരവും ചെലവും സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കണക്കുകള്‍ ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

ജീവനക്കാരുടെയെന്ന പേരിൽ   കെഎസ്ആർടിസിയുടെ വരുമാനത്തേയും ചിലവിനേയും സംബന്ധിച്ച് പ്രചരിക്കുന്ന കണക്കുകൾ തെറ്റിദ്ധാരണയുണ്ടാക്കുകയും, ജീവനക്കാരിൽ ആശങ്ക ഉണ്ടാക്കുന്നതിനും, ജീവനക്കാരെയും  മാനേജ്മെന്റിനേയും  തെറ്റിക്കുന്നതിന് വേണ്ടി സ്ഥാപിത താൽപ്പര്യക്കാർ പുറത്തിറക്കിയ പോസ്റ്ററുമാണ്.  
കെഎസ്ആർടിസിയിൽ ഒരു മാസം 250 കോടി രൂപയ്ക്ക് മേൽ ചിലവ് ഉണ്ടായിരിക്കെ  ഒരു മാസം വേണ്ട ചിലവ് 162 കോടിരൂപയും വരവ് 164 കോടി രൂപയുമെന്ന തരത്തിൽ ജീവനക്കാരുടെതെന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്ററുകൾ തെറ്റാണ്. കോവിഡ് കാലത്തിന് ശേഷം വരുമാനത്തിൽ കാര്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.  നവംബർ മാസത്തിന് മുൻപ് വരെയുള്ള വരുമാനവുമായി താരതമ്യപ്പെടുത്തിയാൽ ജനുവരി മാസത്തിന് ശേഷം വരുമാനത്തിൽ കാര്യമായ വർദ്ധനവാണ് കാണുന്നത്.
ഏപ്രിൽ മാസം 30 വരെ കെഎസ്ആർടിസിയുടെ വരുമാനം കൂടി കൂടി വരുകയാണ്. അതിൽ നോൺ ഫെയർ വരുമാനം ഓരോ മാസവും വർദ്ധിച്ച് വരുന്നുവെന്നത് ശ്രദ്ധേയമാണ്. നവംബർ മാസത്തിൽ കേവലം1.55 കോടി രൂപയായിരുന്നു നോൺ ഓപ്പറേറ്റിം​ഗ് ഇനത്തിൽ ലഭിച്ചത്. അത് 2022 ഏപ്രിൽ മാസമായപ്പോൾ 8.43 കോടി രൂപയായി വർദ്ധിച്ചു.  ബഡ്ജറ്റ് ടൂറിസം, ലോജിസ്റ്റിസ്റ്റ്സ്, ഇന്ധന പമ്പുകൾ, ബസിലും, സ്റ്റേഷനുകളിൽ നിന്നുമുള്ള  പരസ്യ വരുമാനം, എന്നിവയിൽ നിന്നുള്ള വരുമാനം പ്രതിമാസം 25 കോടി എത്തിക്കുകയാണ് ലക്ഷ്യം.2021 നവംബർ  മാസത്തെ വരുമാനം 121 കോടിയിൽ നിന്നും 2022 ഏപ്രിൽ മാസം എത്തിയപ്പോൾ അത്  167.71 കോടി രൂപയിലെത്തി. എന്നാൽ നവംബർ മാസം 66.44 കോടി രൂപയിയാരുന്ന ഡീസൽ വില ഏപ്രിൽ മാസത്തിൽ  97.69 കോടി രൂപയിലെത്തി.  ഇന്ധനത്തിൽ മാത്രം 33.25 കോടി രൂപയുടെ വർദ്ധനവാണ് നവംബറിനും- ഏപ്രിലിനും ഇടയിൽ ഉണ്ടായത് .   ശമ്പള പരിഷ്കരണം നടപ്പിലാക്കിയ  ജനുവരി മാസം  മുതൽ ശമ്പള ഇനത്തിലും കാര്യമായ വർദ്ധനവ് ഉണ്ടായി. ഡിസംബർ മാസം വരെ  64 കോടി (നെറ്റ് സാലറി) രൂപയായിരുന്ന ശമ്പളം  ജനുവരി മുതൽ   82 കോടി രൂപയായി (നെറ്റ് സാലറി) . ഇതിലും പ്രതിമാസം 18 കോടി രൂപ വർദ്ധിച്ചു.  രണ്ടിനത്തിലുമായി പ്രതി മാസം 50 കോടി രൂപയിലധികം വർദ്ധനവ്. ഇതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം.മാർച്ച് മാസത്തിൽ മാത്രം ദീർഘ ദൂര ബസുകൾക്ക് വേണ്ടി അടച്ച ഇൻഷറൻസ് പ്രീമിയം തുക 9.75 കോടി രൂപയാണ്. കൺസോഷ്യം ബാങ്കിന് സർക്കാർ വിഹിതമായി ലഭ്യമായ  90 കോടി രൂപയും അടച്ചു. എംഎ സിറ്റിയിൽ മാത്രം മാർച്ച് മാസത്തിൽ 2.29 കോടി രൂപയും ഏപ്രിൽ മാസം  4.05കോടി രൂപയാണ് നൽകിയത്. ഈ പ്രതിസന്ധികൾക്കിടയിലും  ജീവനക്കാരുടെ വിഹിതം അടയ്ക്കാൻ കെഎസ്ആർടിസി മാനേജ്മെന്റ് തയ്യാറായി എന്നതും ശ്രദ്ധിക്കണം..  ജീവനക്കാരിൽ നിന്നും പിടിച്ച  പിഎഫ്, റിക്കവറി തുടങ്ങിയ ഇനങ്ങളിൽ മാർച്ച് മാസം അടച്ചത് 5.57 കോടി രൂപയാണ്.  ശരാശരി 40 - 45 കോടിയോളം രൂപയുടെ  വ്യത്യാസമാണ് മാസാ -മാസം  വരവ് - ചിലവ് കണക്കിൽ ഇപ്പോൾ ഉണ്ടാകുന്നത്. മാർച്ച് 28, 29 ദിവസങ്ങളിലെ പണി മുടക്ക് കാരണം ഉണ്ടായ വരുമാന നഷ്ടം 17 കോടിയോളം രൂപയായി കണക്കാക്കുന്നു.  3 ദിവസം കാര്യമായ വരുമാനം ലഭിച്ചിരുന്നെങ്കിൽ ആ മാസം നല്ല വരുമാനം ലഭിക്കുമായിരുന്നു. പണിമുടക്കു മൂലം മേയ് 6 ന് സർവ്വീസ് നടത്താതിരുന്നതിനും  10 കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.  ഇങ്ങനെ  27 കോടിയോളം  രൂപയാണ് കഴിഞ്ഞ 2 മാസത്തിനിടയിൽ വരുമാനത്തിൽ  നഷ്ടം വന്നത്. 27 കോടി രൂപയിൽ  ‌ ചിലവ് പോയ ശേഷം 5 - 7 കോടി രൂപയോളം മിച്ചം ലഭിക്കേണ്ട സ്ഥാനത്താണ് ഇങ്ങനെ നഷ്ടം സംഭവിച്ചിരിക്കുന്നത്. നഷ്ടം ഉണ്ടാകുകയും, യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും ചെയ്യരുതുമെന്നാണ് സർക്കാരും മാനേജ്മെന്റും ജീവനക്കാരോട് അഭ്യർത്ഥിക്കുന്നത്. ജോലി ചെയ്യുന്ന ജീവക്കാർക്ക് യഥാസമയം ശമ്പളം നൽകാൻ തന്നെയാണ് ശ്രമം.
2021 നവംബറിൽ ആകെ വരവായി - 123.17 കോടി രൂപ ലഭിച്ചപ്പോൾ , ചിലവ് 184.76 കോടി രൂപയാണ് , വരവ് ചിലവ് അന്തരം- 66.63 കോടി രൂപയും നവംബറിൽ  സർക്കാർ ശമ്പളത്തിന് നൽകിയത്- 45 കോടി രൂപ കൂടി കുറച്ചാലും 21.83 കോടി രൂപയുടെ ബാധ്യതയുണ്ട്. അതേ സമയം  2022 ഏപ്രിൽ മാസത്തെ ആകെ വരുമാനം  164.71 കോടി രൂപയാണ് , ചിലവ് 251.21 കോടി രൂപയും വരും , വരവ് ചിലവ് അന്തരം- 86.5 കോടി രൂപ 30 കോടി രൂപ ( ഒരു ദിവസം 1 കോടി രൂപ വെച്ച് ബാങ്ക് സ്വമേധയാ തിരിച്ച് പിടിക്കുന്ന ലോൺ) വിവരം ജീവനക്കാരുടെ പേരിൽ ഇറക്കിയ പോസ്റ്ററിൽ കാണിച്ചിട്ടില്ല. സർക്കാർ നൽകുന്ന 30 കോടി രൂപ ബാങ്കിലെ തിരിച്ചടവിന് വേണ്ടി മാത്രമാണ് ഉപയോ​ഗിക്കുന്നത്. ബാക്കിയുള്ള വരുമാനം ശമ്പളം,  ഡീസൽ , മറ്റ് ചിലവുകൾക്കും മറ്റുമായി തികയുന്നില്ല. ഇത്തരം . കാര്യങ്ങൾ മറച്ച് വെച്ചാണ് ജീവനക്കാരുടെ ഇടയിൽ തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നത്. ഇത് ഈ സ്ഥാപനത്തിനെ നശിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ചില കേന്ദ്രങ്ങളുടെ ശ്രമമാണ് എന്ന് ജീവനക്കാർ മനസ്സിലാക്കി ഒന്നിച്ചു നിന്നു ഈ പ്രതിസന്ധി നമുക്ക് തരണം ചെയ്യാൻ കഴിയും എന്ന് മനസ്സിലാക്കണമെന്നും സിഎംഡി അറിയിച്ചു.