അഭിനന്ദന്‍റെ ആക്രമണദൗത്യം നിയന്ത്രിച്ചത് ഈ യുവതിയുടെ കരങ്ങള്‍

By Web TeamFirst Published Aug 15, 2019, 2:16 PM IST
Highlights

അഭിനന്ദന്‍റെ മിഗ് 21 വിമാനത്തെ കണ്‍ട്രോള്‍ റൂമില്‍ നിയന്ത്രിച്ചിരുന്നത് മിന്‍റിയായിരുന്നു...

ഫെബ്രുവരി 14ന് ഇന്ത്യന്‍ സൈന്യത്തിന്‍റെ വാഹനത്തിന് നേരെ നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ നിരവധി ആക്രമണ പരമ്പരകളാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഉണ്ടായത്. 40 സിആര്‍എപിഎഫ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ഫെബ്രുവരി 26ന് ബാലാക്കോട്ടിലാണ് ഇന്ത്യ മറുപടി നല്‍കിയത്. ഇതിന് പിന്നാലെ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക്ക് പിടിയിലായി. 

ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്‍റെ എഫ് -16 വിമാനത്തെ മിഗ്-21 വിമാനം ഉപയോഗിച്ച് അഭിനന്ദന്‍ തകര്‍ത്തു. പാക് വിമാനങ്ങളുടെ തിരിച്ചടിയില്‍ അഭിനന്ദന്‍റെ വിമാനം തകര്‍ന്നു. നിയന്ത്രണരേഖയ്ക്കപ്പുറത്തേക്ക് പറന്നിറങ്ങിയ അഭിനന്ദനെ പാക് സൈന്യം തടവിലാക്കുകയും ചെയ്തു. പിന്നീട് നയതന്ത്ര നീക്കങ്ങളുടെ ഫലമായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അഭിനന്ദന്‍ മോചിപ്പിക്കപ്പെട്ടു. 

അന്ന് ഇന്ത്യാ പാക് ആകാശാതിര്‍ത്തിയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത് ? ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാന്‍റെ എഫ് -16 വിമാനത്തെ മിഗ്-21 വിമാനം ഉപയോഗിച്ച് അഭിനന്ദന്‍  എങ്ങനെ തകര്‍ത്തു ? ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടി നല്‍കുകയാണ് അന്ന് അഭിനന്ദന്‍റെ സ്ക്വാഡ്രന്‍ ലീഡറായിരുന്ന മിന്‍റി അഗര്‍വാള്‍. അഭിനന്ദന്‍റെ മിഗ് 21 വിമാനത്തെ കണ്‍ട്രോള്‍ റൂമില്‍ നിയന്ത്രിച്ചിരുന്നത് മിന്‍റിയായിരുന്നു. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് മിന്‍റി മനസ്സ് തുറക്കുന്നത്. 

മിന്‍റിയുമായുളള അഭിമുഖത്തില്‍ നിന്ന്

എയര്‍ ഡിഫറന്‍സ് ഡയറക്ഷന്‍ സെന്‍ററിലാണ് ഫൈറ്റര്‍ കണ്‍ട്രോളറുടെ ജോലി. അവിടെ സെന്‍സറുകളുണ്ട്. ആകാശത്തുകൂടി പറക്കുന്ന ഏത് വസ്തുവിനെയും കണ്ടെത്തുന്നതാണ് സെന്‍സറുകള്‍. ഒരിക്കല്‍ സെന്‍സറുകള്‍ കണ്ടെത്തിയാല്‍ ഞങ്ങള്‍ അതിനെ തിരിച്ചറിയും, അവ സൗഹൃദമോ അല്ലയോ എന്ന് മനസിലാക്കും. അത് അന്യവിമാനമാണെന്ന് കണ്ടെത്തിയാല്‍ അവയെ ഇല്ലാതാക്കണം. അതിനായി രാജ്യത്തിന്‍റെ വിമാനത്തെ അങ്ങോട്ട് നയിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ശത്രുവിമാനമാണെന്ന് വ്യക്തമായിക്കഴിഞ്ഞാല്‍ അതിനെ നശിപ്പിക്കണം. ശത്രുവിനെയും സ്വന്തം വിമാനത്തെയും കുറിച്ചുള്ള വ്യക്തമായ ചിത്രം മുന്നിലുള്ള എയര്‍ കണ്‍ട്രോളറാണ് ആകാശാതിര്‍ത്തി നിയന്ത്രിക്കുന്നത്. 

ഫെബ്രുവരി 27ന് സംഭവിച്ചത് !

ബാലാക്കോട്ടില്‍ വിജയകരമായി ആക്രമണം നടത്താന്‍ രാജ്യത്തിനായി. അതുകൊണ്ടുതന്നെ പ്രത്യാക്രമണം പ്രതീക്ഷിച്ചിരുന്നു. എല്ലാദിവസവും ഉണര്‍ന്നിരിക്കുകയാണ് ഞങ്ങള്‍, ആ ദിവസവും. വിമാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സ്ക്രീനില്‍ അറിയാം. ആ ദിവസവും അറിയാമായിരുന്നു. ഉടന്‍ എയര്‍ക്രാഫ്റ്റുകളുടെ എണ്ണം കൂടി. അതിനര്‍ത്ഥം ശത്രു വിമാനങ്ങള്‍ വന്നുവെന്നാണ്. ആ സമയത്താണ് ഞാന്‍ എന്തിനാണ് വ്യോമസേനയില്‍ ചേര്‍ന്നതെന്ന് വ്യക്തമായത്.

നിരവധി വിമാനങ്ങള്‍ ഉണ്ടായിരുന്നു. ജമ്മു കശ്മീരിന്‍റെ ഭാഗങ്ങളില്‍ അവര്‍ നിരന്നിരുന്നു. രാജ്യാതിര്‍ത്തി കടന്നുവരുന്ന ശത്രുവിമാനത്തെ നിഗ്രഹിക്കേണ്ടതുണ്ടായിരുന്നു. എങ്ങനെ അവരെ തിരിച്ചടിക്കണമെന്നും എങ്ങനെ ആകാശാതിര്‍ത്തി തിരിച്ചുപിടിക്കണമെന്നും ഞങ്ങള്‍ പരിശീലിച്ചിട്ടുണ്ട്. 

1971 ന് ശേഷം ഈ ഉപഭൂഖണ്ഡത്തിലുണ്ടായ ഏറ്റവും വലിയ വ്യോമയുദ്ധമായിരുന്നില്ലേ അത് !

എന്‍റെ മുന്നിലുണ്ടായിരുന്ന സ്ക്രീന്‍ മുഴുവന്‍ ചുവപ്പ് നിറമായി. നിരവധി തവണ ഞങ്ങള്‍ ശത്രുവിമാനത്തെ ആക്രമിച്ചു. മനസിലുണ്ടായിരുന്നത് അവരെ ആക്രമിക്കുക, തിരിച്ചുവന്നാല്‍ വീണ്ടും ആക്രമിക്കുക എന്നതായിരുന്നു. ശത്രുക്കളെ തുരത്തുന്നതിനോടൊപ്പം രാജ്യത്തിന്‍റെ വിമാനത്തെ സുരക്ഷിതമാക്കേണ്ടതും ഞങ്ങളുടെ ഉത്തരവാദിത്വമാണ്. 

ഒരു വിമാനം മാത്രമല്ല എന്‍റെ മുന്നില്‍, അതുകൊണ്ടുതന്നെ അവര്‍ക്ക് എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്ന് പറയാനാകില്ല. അഭിനന്ദന്‍ വര്‍ദ്ധമാന്‍ എഫ് 16ന് നേരെ ആക്രമണം നടത്തി. മുഴുവന്‍ സംഭവവും എനിക്ക് മോണിറ്ററില്‍ കാണാമായിരുന്നു. എഫ് 16 എന്‍റെ സ്ക്രീനില്‍ നിന്ന് അപ്രത്യക്ഷമായി. ആ നിമിഷത്തെ എന്‍റെ വികാരം പറഞ്ഞറിയിക്കാനാവില്ല. 

ഒരേസമയം ഒരുപാട് വിമാനങ്ങള്‍ നിയന്ത്രിക്കുന്നതിനാല്‍ അഭിനന്ദന് എന്‍റെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നോ ഇല്ലെന്നോ എനിക്ക് പറയാനാകില്ല. മിഗ് 21 മാത്രമാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. ബാക്കിയെല്ലാം സുരക്ഷിതമായിരുന്നു. ഇതൊരു കൂട്ടായ്മയുടെ ജോലിയാണ്. അവിടെ പൈലറ്റുണ്ട്, കണ്‍ട്രോളറുണ്ട്, ക്രൂ ഉണ്ട്. ആ കൂട്ടായ്മയ്ക്കൊപ്പം ചേരാനായതില്‍ ഞാന്‍ ഭാഗ്യവതിയാണ്. 

click me!